6 ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോഡ് സൃഷ്ടിച്ച് ഷവോമി എംഐ നോട്ട് 6 പ്രോ
നവംബര്‍ 22ന് ഇന്ത്യയില്‍ പുറത്തിറങ്ങിയ ഫോണ്‍, വെള്ളിയാഴ്ചയാണ് ഫ്ലിപ്പ്കാര്‍ട്ട് വഴി വില്‍പ്പനയ്ക്ക് എത്തിയത്. 1000 രൂപ കിഴിവോടെയാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയത്
ആദ്യ വില്‍പ്പനയില്‍ 6 ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോഡ് സൃഷ്ടിച്ച് ഷവോമി എംഐ നോട്ട് 6 പ്രോ. നവംബര്‍ 22ന് ഇന്ത്യയില്‍ പുറത്തിറങ്ങിയ ഫോണ്‍, വെള്ളിയാഴ്ചയാണ് ഫ്ലിപ്പ്കാര്‍ട്ട് വഴി വില്‍പ്പനയ്ക്ക് എത്തിയത്. 1000 രൂപ കിഴിവോടെയാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയത്. ഇതിന് ഒപ്പം എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 500 രൂപ പ്രത്യേക ഡിസ്ക്കൌണ്ടും ലഭിച്ചിരുന്നു.
ഈ ഓഫറുകളോടെ എത്തിയ നോട്ട് 6 പ്രോയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഇന്ത്യയില്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ വിറ്റ ഫോണ്‍ ആയിരുന്നു നോട്ട് 6 പ്രോയുടെ മുന്‍ഗാമിയായ നോട്ട് 5 പ്രോ. അതിന്‍റെ റെക്കോഡിലേക്കാണ് നോട്ട് 6 പ്രോയും അടുക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ടിന് പുറമേ എംഐയുടെ ഓണ്‍ലൈന്‍ സ്റ്റോറിലും ഫോണ്‍ ലഭിക്കും. ജിയോ സ്റ്റോര്‍ വഴി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,400 രൂപ ക്യാഷ് ബാക്കും, 6ടിബി ഡാറ്റയും നല്‍കുന്നുണ്ട്.
ഷവോമി റെഡ്മീ നോട്ട് 6 പ്രോയ്ക്ക് 4ജിബി പതിപ്പിന് ഇന്ത്യയിലെ വില 13,999 രൂപയാണ്. ഇത് 6 ജിബി പതിപ്പില്‍ എത്തുമ്പോള്‍ വില 15,999 രൂപയാകും. ആന്‍ഡ്രോയ്ഡ് ഓറീയോയില്‍ ഷവോമിയുടെ എംഐ യുഐ 10 പ്ലാറ്റ്ഫോമിലാണ് ഈ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍റെ റെസല്യൂഷന്‍ 1080X2280 പിക്സലാണ്. ഐപിഎസ് എല്‍സിഡിയാണ് സ്ക്രീന്‍ പാനല്‍, ഇതിന്‍റെ ഗ്ലാസ് 2.5ഡി കര്‍വ്ഡ് ഗ്ലാസാണ്. ഗോറില്ല ഗ്ലാസ് സംരക്ഷണം സ്ക്രീന് ലഭ്യമാണ്. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 636 എസ്ഒസിയാണ് ഫോണിന്‍റെ പ്രോസസ്സര്‍ ശേഷി. അഡ്രിനോ 509 ജിപിയു ആണ് ഫോണിന്‍റെ ഗ്രാഫിക്ക് യൂണിറ്റ്.
64ജിബിയാണ് ഫോണിന്‍റെ ഓണ്‍ബോര്‍ഡ് മെമ്മറി ഇത്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിവരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. റെഡ്മീ 6 പ്രോ പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെയാണ് എത്തുന്നത്. 12 എംപിയാണ് ഇതിലെ പ്രൈമറി സെന്‍സര്‍. ഇതിന്‍റെ അപ്പച്ചര്‍ എഫ് 1.9 ആണ്. രണ്ടാമത്തെ സെന്‍സര്‍ 5 എംപിയാണ്. ഇത് ഡെപ്ത് സെന്‍സറാണ്. മുന്നിലും ഇരട്ട ക്യാമറ സംവിധാനത്തോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 20-എംപിയാണ് പ്രൈമറി സെന്‍സര്‍. രണ്ടാമത്തെ സെന്‍സര്‍ 2 എംപിയാണ്. എഐ ഫേസ് ലോക്കിനെ തുണയ്ക്കുന്നതാണ് ഇത്. 4,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.