നിങ്ങളിൽ എത്ര പേർ പ്രേതങ്ങളെ നേരിൽ കണ്ടിട്ടുണ്ട് ?

What is Phantom vibration syndrome

മൊബൈൽ ഫോണുമായി അമിത ആത്മബന്ധം സ്ഥാപിച്ചിരിക്കുന്ന ആധുനിക മനുഷ്യൻ കടന്നുപോകുന്ന പല അവസ്ഥകളിൽ ഒന്നായ ഫാന്റം വൈബ്രേഷണൽ സിൻഡ്രോമിനെക്കുറിച്ച് അരുണ്‍ അശോകന്‍ എഴുതുന്നു

What is Phantom vibration syndrome

നിങ്ങളിൽ എത്രപേർ പ്രേതങ്ങളെ നേരിൽ കണ്ടിട്ടുണ്ട് ? അത്തരം അനുഭവമുള്ളവരുടെ എണ്ണം വളരെ കുറവായിരിക്കും. ഇനി അഥവാ, സ്ഥിരമായി പ്രേതത്തെ കാണാറുണ്ടെന്ന് ആരെങ്കിലും  അവകാശപ്പെടുകയാണെങ്കിൽ അയാളെ എത്രയും പെട്ടെന്ന് മനശാസ്ത്രജ്ഞനെ കാണിക്കണമെന്നതാണ് സമൂഹത്തിന്റെ നിലപാട്. ഇല്ലാത്ത ആളുകളെ കാണുന്നത് മാനസിക പ്രശ്നമാണ്. കാഴ്ച മാത്രമല്ല ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നതും,  ഇല്ലാത്ത വൈബ്രേഷൻ ഉണ്ടെന്ന് തോന്നുന്നതും മാനസിക പ്രശ്നമാണ് . മൊബൈൽ ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ പത്തിൽ ഒൻപതു പേരും  ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നവരും മായികമായ വൈബ്രേഷൻ അനുഭവിക്കുന്നവരുമാണ്.

കുളിച്ചുകൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ ബെല്ലടിക്കുന്നുവെന്ന് തോന്നുക. ഭാര്യയെ വിളിച്ച് ഫോണെടുപ്പിച്ച് നോക്കുമ്പോൾ ആരും വിളിച്ചിട്ടുണ്ടാകില്ല. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ഫോണിൽ വൈബ്രേഷൻ ഉണ്ടാകുന്നത്. ട്രാഫിക്കൊക്കെ മറികടന്ന് എവിടെയെങ്കിലും ബൈക്ക് ഒതുക്കി നിർത്തി ഫോണെടുത്ത് നോക്കുമ്പോൾ ആരും വിളിച്ചിട്ടില്ല. ഇത്തരം അനുഭവത്തിലൂടെ നിങ്ങളും കടന്നുപോയിട്ടുണ്ടാകും. ഈ അവസ്ഥയ്ക്ക് പറയുന്ന പേരാണ്  ഫാന്റം വൈബ്രേഷണൽ സിൻഡ്രോം അഥവാ റിംഗ്സൈറ്റി (ringxiety).

ന്യൂ പിറ്റ്സ്ബർഗ് കൊറിയറിൽ 2003ൽ വന്നൊരു ലേഖനമാണ് ആദ്യമായി ഫാന്റം വൈബ്രേഷണൽ സിൻഡ്രോം എന്ന വാക്ക് ഉപയോഗിച്ചത് .  അതിന് മുൻപ് തന്നെ ഫാന്റം പേജർ സിൻഡ്രോം എന്ന് മറ്റൊരു വാക്ക് ഉപയോഗത്തിലുണ്ട്. മൊബൈൽ ഫോൺ വ്യാപകമാകുന്നതിന് മുൻപ് പേജർ ഉപയോഗിച്ചിരുന്നവരിൽ കണ്ടിരുന്ന അവസ്ഥയാണിത്. 2003ൽ നിന്ന് ഇന്നത്തെ അവസ്ഥ ഒരുപാട് മാറിയിരിക്കുന്നു. സ്മാർട്ട് ഫോണില്ലാതെ ഒരു നിമിഷം  കഴിയാനാകില്ലെന്ന അവസ്ഥയിലാണ് ആധുനിക മനുഷ്യൻ.  മൊബൈൽ ഫോണുമായി അമിത ആത്മബന്ധം സ്ഥാപിച്ചിരിക്കുന്ന ആധുനിക മനുഷ്യൻ കടന്നുപോകുന്ന പല അവസ്ഥകളിൽ ഒന്നാണ്  ഫാന്റം വൈബ്രേഷണൽ സിൻഡ്രോം.

What is Phantom vibration syndromeഫാന്റം വൈബ്രേഷണൽ സിൻഡ്രോമിനെക്കുറിച്ച് ഇതിനോടകം പല പഠനങ്ങൾ നടന്നിട്ടുണ്ട്.  അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയിലെ  മിഷേൽ ഡ്രൊയിൻ നടത്തിയ പഠനപ്രകാരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ 89 ശതമാനം പേരും രണ്ടാഴ്ചയിൽ ഒരിക്കൽ ഇത്തരം മായികമായ വൈബ്രേഷൻ അനുഭവിക്കുന്നവരോ ഇല്ലാത്ത ബെല്ലടി കേൾക്കുന്നവരോ ആണ്.  മൊബൈൽ ഫോൺ ഉപഭോക്താക്കളിൽ തൊണ്ണൂറു ശതമാനം പേരും ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവരാണെങ്കിലും  പതിനൊന്നിൽ ഒരാൾക്ക് മാത്രമാണ് ഇതൊരു പ്രശ്നമായി തോന്നാറുള്ളത് .   ഇത്തരക്കാർക്ക് ഫോൺ കൈവശം ഇല്ലാത്ത സമയത്തും  വൈബ്രേഷൻ അനുഭവപ്പെടാറുണ്ട് .  ഇത്തരം വൈബ്രേഷണലുകൾ സ്വാഭാവിക ജീവിതത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങുന്പോൾ പ്രശ്നം തുടങ്ങുകയായി.  വാഹനം ഓടിക്കുന്ന ഒരാളിന് നിരന്തരം ഇത്തരം അനുഭവം ഉണ്ടായാൽ അത് അയാളുടെ ശ്രദ്ധയെ ബാധിക്കും. ഇതുപോലെ എല്ലാ ജോലിയെയും ഇത്തരം അവസ്ഥ മോശമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.

What is Phantom vibration syndromeപ്രായം, ജോലി, മൊബൈൽ ഫോൺ ശരീരത്തിന്റെ ഏത് ഭാഗത്ത് സൂക്ഷിക്കുന്നു, എത്രസമയം സൂക്ഷിക്കുന്നു ഇതെല്ലാം ഫാന്റം വൈബ്രേഷണൽ സിൻഡ്രോമുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ പറയുന്നു. എന്നാൽ ഇതിനുള്ള യഥാർത്ഥ കാരണം എന്തെന്നത് സംബന്ധിച്ച് ഇപ്പോഴും ശാസ്ത്രലോകത്തിൽ അവ്യക്തതകളുണ്ട് . എപ്പോഴും ആരെങ്കിലും വിളിക്കുമെന്നും മെസേജ് ചെയ്യുമെന്നുള്ള അമിത പ്രതീക്ഷ വച്ചുപുലർത്തുന്നതാകാം മായിക മൊബൈൽ അനുഭവങ്ങളുടെ കാരണം എന്ന് ചില ഗവേഷകർ കരുതുന്നുണ്ട്. ഇത്തരക്കാരുടെ തലച്ചോർ വെറെ പല കാര്യങ്ങളെയും മായിക മൊബൈൽ അനുഭവങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്. ഉദാഹരണമായി സ്ഥിരമായി മൊബൈൽ ഫോൺ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് തുണി ഉരസുക, ആ ഭാഗത്തെ പേശികളിൽ സമ്മർദ്ദം തോന്നുക തുടങ്ങിയ സമയത്തെല്ലാം വൈബ്രേഷൻ ആണെന്ന് തലച്ചോർ തെറ്റിദ്ധരിക്കും. അമിതമായ മൊബൈൽ ഫോൺ ഉപയോഗം തലച്ചോറിന്റെ ന്യൂറോൺ വയറിംഗിനെ തന്നെ മാറ്റിമറിക്കുന്നുവെന്ന് കരുതുന്നശാസ്ത്രജ്ഞരുമുണ്ട്.  

മൊബൈൽ ഫോൺ സ്ഥിരമായി ശരീരത്തിന്റെ ഒരു ഭാഗത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കുക, വൈബ്രേഷൻ മോഡിൽ സൂക്ഷിക്കുന്ന സമയം കുറയ്ക്കുക ഒക്കെ ഇത്തരം അനുഭവങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കാവുന്ന നടപടികളാണ്. സ്ഥിരമായുള്ള സൈബർ ബന്ധനത്തിന്  ഇടയ്ക്കൊക്കെ ഇടവേള നൽകുകയെന്നതാണ് ഏറ്റവും ഉത്തമമായ മാർഗം.  അങ്ങനെ സൈബർ ലോകത്ത് നിന്നുളള പ്രേതബാധകളെ നമുക്കും അകറ്റിനിർത്താം.

Latest Videos
Follow Us:
Download App:
  • android
  • ios