ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ നിരക്ക് വർധനയുമായി വിഐയും

എയർടെല്ലിന് സമാനമായ തരത്തിലുള്ള നിരക്ക് വർധനയാണ് വോഡഫോൺ ഐഡിയയും പ്രഖ്യാപിച്ചിരിക്കുന്നത്

Vodafone Idea Vi announces tariff hikes after Jio and Airtel

ദില്ലി: റിലയൻസ് ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ താരിഫ് നിരക്കുകൾ വർധിപ്പിച്ചിരിക്കുകയാണ് വോഡഫോൺ ഐഡിയ (വിഐ). ജൂലൈ നാല് മുതൽ നിരക്ക് വർധന നിലവിൽ വരും. നിരക്കുവർധന ഉണ്ടെങ്കിലും ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ല.

എയർടെല്ലിന് സമാനമായ തരത്തിലുള്ള നിരക്ക് വർധനയാണ് വോഡഫോൺ ഐഡിയയും പ്രഖ്യാപിച്ചിരിക്കുന്നത്. വോഡഫോൺ ഐഡിയയുടെ ഏറ്റവും ചെറിയ പ്ലാനിന് നിലവിൽ 179 രൂപയാണ് ഈടാക്കുന്നത്. ഇത് 199 രൂപയാക്കിയിട്ടുണ്ട്. പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന 28 ദിവസത്തെ പ്ലാനിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 299 രൂപയാക്കി.  24 ജിബി ഡാറ്റയും, 300 എസ്എംഎസും മാത്രം ലഭിക്കുന്ന 1799 രൂപയുടെ വാർഷിക അൺലിമിറ്റഡ് വോയ്‌സ് പ്ലാനിന്റെ നിരക്ക് 1999 രൂപയാണ്. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന വാർഷിക പ്ലാൻ 3499 രൂപയാക്കിയും വർധിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് ജിയോ താരിഫ് നിരക്കുകളുടെ വർധന പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ എയർടെല്ലും തുകകൾ വർധിപ്പിച്ചു. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകൾ 11 ശതമാനം മുതൽ 21 ശതമാനം വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ടെലികോം നിരക്കുകൾ ഉയരുമെന്ന റിപ്പോർട്ടുകൾ നേരത്തെയുണ്ടായിരുന്നു. നിരക്ക് വർധന സംബന്ധിച്ച് ഭാരതി എയർടെ‌ൽ നൽകുന്ന വിശദീകരണം അനുസരിച്ച് രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിനും സ്‌പെക്ട്രം അടക്കമുള്ള സാങ്കേതികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താരിഫുകൾ ഉയർത്തുന്നത്.

ടെലികോം രംഗത്തെ ആരോഗ്യകരമായ നിലനിൽപിന് എആർപിയു (ആവറേജ് റെവന്യു പെർ യൂസർ) 300 രൂപയ്‌ക്ക് മുകളിലായിരിക്കണം എന്നും എയർടെൽ വാദിക്കുന്നുണ്ട്. 

Read more: സാംസങ് ഗ്യാലക്‌സി Z സിരീസ് ഫോണുകള്‍ പ്രീ-ബുക്ക് ചെയ്യാം; ചുരുങ്ങിയ ചിലവില്‍ ആയിരങ്ങള്‍ ലാഭം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios