ആ സന്തോഷ വാർത്ത പങ്കുവെച്ച് ഐഎസ്ആർഒ, അഭിമാന നിമിഷം, സൂര്യന് ചുറ്റും ആദ്യ റൗണ്ട് പൂർത്തിയാക്കി ആദിത്യ എൽ1
ആദ്യത്തെ ഭ്രമണപഥം പൂർത്തിയാക്കിയെങ്കിലും പേടകം ഉദ്ദേശിച്ച പാതയിൽ നിന്ന് വ്യതിചലിക്കാൻ കാരണമായേക്കാവുന്ന കാരണങ്ങളെ ഇപ്പോഴും അഭിമുഖീകരിക്കുന്നുവെന്നും ഐഎസ്ആർഒ അറിയിച്ചു.
ബെംഗളൂരു: സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദിത്യ-എൽ1, സൂര്യന്റെയും ഭൂമിയുടെയും ഉടയിലെ എൽ1 ലഗ്രാൻജിയൻ പോയിൻ്റിന് ചുറ്റുമുള്ള ആദ്യത്തെ ഹാലോ ഭ്രമണപഥം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. 2023 സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 2024 ജനുവരി 6-നാണ് പേടകം ഭ്രമണപഥത്തിൽ എത്തിയത്. സൂര്യനെ പഠിക്കാൻ രൂപകൽപ്പന ചെയ്‌ത ആദിത്യ-എൽ1 ദൗത്യം, എൽ1 പോയിൻ്റിന് ചുറ്റും ഭ്രമണപഥം പൂർത്തിയാക്കാൻ ഏകദേശം 178 ദിവസമെടുത്തുവെന്ന് ഐഎസ്ആർഒ അറിയിച്ചു.
ആദ്യത്തെ ഭ്രമണപഥം പൂർത്തിയാക്കിയെങ്കിലും പേടകം ഉദ്ദേശിച്ച പാതയിൽ നിന്ന് വ്യതിചലിക്കാൻ കാരണമായേക്കാവുന്ന കാരണങ്ങളെ ഇപ്പോഴും അഭിമുഖീകരിക്കുന്നുവെന്നും ഐഎസ്ആർഒ അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കാനായി ദൗത്യത്തിൻ്റെ തുടക്കം മുതൽ ഞങ്ങൾ മൂന്ന് നിർണായക സ്റ്റേഷൻ കീപ്പിംഗ് നടപടികളാണ് സ്വീകരിച്ചത്. 2024 ഫെബ്രുവരി 22 നും ജൂൺ 7 നുമാണ് പേടകത്തിൽ തിങ്കളാഴ്ചയുമായിരുന്നു നടപടികൾ കൈക്കൊണ്ടത്. നിലവിൽ ലാഗ്രാൻജിയന് ചുറ്റുമുള്ള രണ്ടാമത്തെ ഭ്രമണപഥം തുടങ്ങിയെന്നും ഐഎസ്ആർഒ അറിയിച്ചു.
ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെൻ്ററിൽ (യുആർഎസ്‌സി) വികസിപ്പിച്ചെടുത്ത അത്യാധുനിക ഫ്ലൈറ്റ് ഡൈനാമിക്‌സ് സോഫ്‌റ്റ്‌വെയറിന്റെ പ്രധാന്യം സാധൂകരിക്കുന്നതാണ് ഈ നേട്ടം. ആദിത്യ-എൽ1 യാത്ര തുടരുമ്പോൾ, സൗരപ്രതിഭാസങ്ങളെക്കുറിച്ചുള്ള മൂല്യവത്തായ വിവരങ്ങൾ ലഭ്യമാകുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ.