ഇലോൺ മസ്ക്കിന്റെ ആവശ്യം തള്ളി കോടതി; ട്വിറ്ററുമായുള്ള കേസിന്റെ വിചാരണ ഒക്ടോബറിൽ തുടങ്ങും
പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്ക് കമ്പനിയോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
വാഷിംഗ്ടൺ: ട്വിറ്റർ (Twitter) വാങ്ങുന്നതിനുള്ള കരാറിൽ നിന്ന് പിന്മാറിയതിന് കമ്പനി ഇലോൺ മസ്ക്കിനെതിരെ നൽകിയ കേസിലെ വിചാരണ ഒക്ടോബറിൽ നടക്കും. അടുത്ത വർഷത്തേക്ക് മാറ്റണമെന്ന മസ്ക്കിന്റെ ആവശ്യം തള്ളിക്കൊണ്ട് ഒക്ടബോബറിൽ തന്നെ വിചാരണ തുടങ്ങാമെന്ന് ഡെലവെയർ ജഡ്ജി വ്യക്തമാക്കുകയായിരുന്നു. ഇരു വിഭാഗത്തിന്റെ അഭിഭാഷകർ തമ്മിൽ കേസിന്റെ വിചാരണ ആരംഭിക്കുന്നത് സംബന്ധിച്ച് വലിയ വാദമാണ് നടത്തിയത്.
സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് വാങ്ങുമെന്നുള്ള തന്റെ ഏപ്രിലിലെ വാഗ്ദാനം പാലിക്കാൻ ശതകോടീശ്വരനെ നിർബന്ധിക്കാനാണ് ട്വിറ്റർ ശ്രമിക്കുന്നത്. നിലവിലുള്ള തർക്കം ബിസിനസിനെ ദോഷകരമായി ബാധിക്കുന്നുവെന്നതിനാൽ അത് വേഗത്തിൽ നടക്കണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്. പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്ക് കമ്പനിയോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ശതകോടീശ്വരന്‍റെ ഷര്‍ട്ടില്ലാ ഫോട്ടോയ്ക്ക് ട്രോളുകള്‍ നിറയുന്നു
സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്നാണ് നേരത്തെ തന്നെ മസ്ക്ക് പ്രഖ്യാപിച്ചിരുന്നതാണ്. ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അൽഗൊരിതം മാറ്റുക, കൂടുതൽ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുക എന്നിവയെല്ലാം ട്വിറ്ററിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളായി മസ്ക് എടുത്ത് കാണിച്ചിരുന്നു.
എന്നാൽ, അധികം വൈകാതെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ, അതിന്റെ സൈറ്റിലെ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി 44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഇടപാട് മസ്‌ക് പിൻവാങ്ങി. ഇതോടെയാണ് ട്വിറ്ററും മസ്ക്കും തമ്മിലുള്ള നിയമയുദ്ധം തുടങ്ങിയത്. സെപ്റ്റംബറിൽ തന്നെ കേസിലെ വിചാരണ ആരംഭിക്കണമെന്നായിരുന്നു ട്വിറ്ററിന്റെ ആവസ്യം. എന്നാൽ, സങ്കീർണമായി കേസ് ആയതിനാൽ അടുത്ത വർഷത്തേക്ക് വിചാരണ മാറ്റണമെന്നായിരുന്നു മസ്ക്കിന്റെ ആവശ്യം. ഈ ആവശ്യം തള്ളിയാൻ കേസിലെ വിചാരണ ഒക്ടോബറിൽ തന്നെ തുടങ്ങുമെന്ന് കോടതി വ്യക്തമാക്കിയത്.
Twitter: സ്പാം അക്കൗണ്ടുകളെ കുറിച്ച് വിശദികരണവുമായി ട്വിറ്റർ