യുഎസില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ട്രംപ്; ടിക് ടോക് സിഇഒ രാജിവെച്ചു

ടിക് ടോക് രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നുവെന്ന് ആരോപിച്ചാണ് യുഎസില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടത്.
 

TikTok CEO Kevin Mayer steps down

ന്യൂയോര്‍ക്ക്: ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക് സിഇഒ കെവിന്‍ മേയെര്‍ രാജിവെച്ചു. അമേരിക്കയില്‍ 90 ദിവസത്തിനകം ടി്ക് ടോക് അടച്ചുപൂട്ടണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് രാജി. ടിക് ടോക് രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നുവെന്ന് ആരോപിച്ചാണ് യുഎസില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടത്. 90 ദിവസത്തിനുള്ളില്‍ ടിക് ടോക്കിനെ യുഎസ് കമ്പനി ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

കെവിന്‍ മേയെറുടെ രാജിയെ തുടര്‍ന്ന് ജനറല്‍ മാനേജര്‍ വനേസ പപ്പാസ് സിഇഒ സ്ഥാനം താല്‍ക്കാലികമായി ഏറ്റെടുത്തു. ടിക് ടോക് മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സില്‍ നിന്ന് രാജിവെക്കുന്നതായി മായെര്‍ ജീവനക്കാരെ കത്തിലൂടെ അറിയിച്ചെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് അറിയിച്ചു. 2020 മേയിലാണ് മേയെര്‍ സിഇഒ ആയി ചാര്‍ജെടുത്തത്. 

ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയ രീതിയില്‍ ജനപ്രീതി നേടിയ ടിക് ടോക്കിന് രാഷ്ട്രീയ തീരുമാനങ്ങളെ തുടര്‍ന്ന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയാണ് ആദ്യമായി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. 30 കോടി ഉപഭോക്താക്കളായിരുന്നു ടിക് ടോക്കിന് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. പിന്നാലെ നിരോധന ഭീഷണിയുമായി അമേരിക്കയും രംഗത്തെത്തി. ബൈറ്റ്ഡാന്‍സ് കമ്പനിയുടെ ചൈനീസ് ബന്ധമാണ് ടിക് ടോക്കിന് തിരിച്ചടിയാകുന്നത്. പ്രതിസന്ധി മറികടക്കാന്‍ ലണ്ടന്‍ കേന്ദ്രമാക്കി ഓഫീസ് തുറക്കാനും കമ്പനി ആലോചിച്ചിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios