മൊബൈല്‍ ഫോണ്‍ വലിപ്പം; അന്യഗ്രഹ ജീവന്‍ കണ്ടെത്താന്‍ അണ്ടര്‍വാട്ടര്‍ റോബോട്ടുകളുമായി നാസ

വ്യാഴത്തിന്‍റെ ഉപഗ്രഹമായ യൂറോപ്പയിലെ സമുദ്രത്തില്‍ നീന്തി ജീവന്‍ കണ്ടെത്താനാണ് ഈ റോബോട്ടിനെ ഉപയോഗിക്കുക 

NASA tests cellphone sized underwater robots for potential ocean mission at Europa

കാലിഫോര്‍ണിയ: മൊബൈല്‍ ഫോണിന്‍റെ വലിപ്പം മാത്രമുള്ള അണ്ടര്‍വാട്ടര്‍ റോബോട്ടുകളോ! അതും ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ താണ്ടി യൂറോപ്പ ഉപഗ്രഹത്തിലെ സമുദ്രത്തില്‍ മുങ്ങിത്തപ്പാന്‍. ഇത്തിരിക്കുഞ്ഞന്‍ റോബോട്ടുകളുമായി തലയിലാരും കൈവെച്ച് പോകുന്ന പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് നാസ. പരീക്ഷഘട്ടത്തിലാണ് ഈ അണ്ടര്‍വാട്ടര്‍ റോബോട്ടുകള്‍ ഇപ്പോള്‍.  

അഞ്ച് ഇഞ്ച് വലിപ്പം 

നീന്തുന്ന റോബോട്ടുകളെയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വികസിപ്പിച്ചിരിക്കുന്നത്. SWIM എന്നാണ് ഇവയുടെ പേര്. പൂര്‍ണനാമം സെന്‍സിംഗ് വിത്ത് ഇന്‍ഡിപെന്‍ഡന്‍റ് മൈക്രോസ്വിമ്മേഴ്സ് (Sensing With Independent Microswimmers) എന്നും. മറ്റ് ഗ്രഹങ്ങളിലേക്ക് യാത്രയാക്കും മുമ്പ് ഈ നീന്തും റോബോട്ടുകളെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നോളജിയിലെ പൂളില്‍ പരീക്ഷിക്കുകയാണ് നാസയുടെ റോബോട്ടിക് ദൗത്യങ്ങളുടെ ചുമതലയുള്ള ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി (JPL). 16.5 ഇഞ്ച് അഥവാ 42 സെന്‍റീമീറ്റര്‍ മാത്രമാണ് നീന്തല്‍ക്കുളത്തില്‍ പരീക്ഷണത്തിലുള്ള റോബോട്ടിന്‍റെ വലിപ്പം. 5 ഇഞ്ച് അഥവാ 12 സെന്‍റീമീറ്ററിലേക്ക് ഇതിന്‍റെ വലിപ്പം കുറച്ചുകൊണ്ടുവരാനാണ് ആലോചന. അപ്പോള്‍ ഒരു സ്മാര്‍ട്ട്ഫോണിന്‍റെ മാത്രം വലിപ്പമായിരിക്കും റോബോട്ടിനുണ്ടാവുക. 

ലക്ഷ്യം യൂറോപ്പ

വ്യാഴത്തിന്‍റെ ഉപഗ്രഹമായ യൂറോപ്പയിലെ പര്യവേഷണങ്ങള്‍ ലക്ഷ്യമിട്ടാണ് നാസ റോബോട്ടുകളെ ഡിസൈന്‍ ചെയ്യുന്നത്. തണുത്തുറഞ്ഞ് കിടക്കുന്ന യൂറോപ്പയുടെ അന്തര്‍ഭാഗത്തെ ജലത്തില്‍ നീരാടി ജീവന്‍റെ തെളിവുകളുണ്ടോ എന്ന് കണ്ടെത്തുകയാണ് ഈ റോബോട്ടുകളുടെ ജോലി. അന്യഗ്രഹ ജീവനുകളുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന കെമിക്കല്‍, താപ സിഗ്‌നലുകള്‍ പിടിച്ചെടുക്കാനുള്ള ഉപകരണമായാണ് റോബോട്ടുകളെ ഡിസൈന്‍ ചെയ്‌തിരിക്കുന്നത് എന്ന് ജെപിഎല്ലിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഡാറ്റ വിനിമയം ചെയ്യാന്‍ വയര്‍ലെസ് അണ്ടര്‍വാട്ടര്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും ഇത്തരം റോബോട്ടുകളിലുണ്ടാകും. 

എന്തിന് അണ്ടര്‍വാട്ടര്‍ റോബോട്ടുകള്‍? 

'ആളുകള്‍ ചിലപ്പോള്‍ ചോദിക്കും എന്തിനാണ് നാസ ബഹിരാകാശ പര്യവേഷണത്തിന് അണ്ടര്‍വാട്ടര്‍ റോബോട്ടുകളെ വികസിപ്പിക്കുന്നതെന്ന്. ജീവന്‍ തേടി സൗരയൂഥത്തില്‍ നാം ചെന്നെത്തേണ്ട ഇടങ്ങളുണ്ട്. ജീവന് ജലം അനിവാര്യമാണ് എന്നാണ് നമ്മുടെ അറിവ്, അതിനാലാണ് അണ്ടര്‍വാട്ടര്‍ റോബോട്ടുകളെ നിര്‍മിക്കുന്നത്. ഭൂമിയില്‍ നിന്ന് നൂറുകണക്കിന് മില്യണ്‍ മൈല്‍ അകലെ പോയി ജലത്തില്‍ പര്യവേഷണം നടത്താനുതകുന്ന റോബോട്ടുകള്‍ ആവശ്യമാണ്'- എന്നുമാണ് ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയിലെ പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായ ഏഥന്‍ ഷേളറുടെ വാക്കുകള്‍. 

Read more: വ്യാഴത്തിന്‍റെ ചന്ദ്രനില്‍ ജീവന്‍ കണ്ടെത്തുക ലക്ഷ്യം; 'യൂറോപ്പ ക്ലിപ്പർ' പേടകം നാസ വിക്ഷേപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios