പുരുഷനെക്കാള്‍ സ്ത്രീകള്‍ക്കാണ് ആയുസ് കൂടുതല്‍ - കാരണം ഇതാണ്
ഹൃദ്രോഗം പോലുള്ള അസുഖങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന ഈസ്ട്രജന്‍റെ സാന്നിധ്യവും ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണമാണെന്ന ശാസ്ത്രീയ പഠനങ്ങളും വന്നിട്ടുണ്ട്
ന്യൂയോര്‍ക്ക്: പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ ആയുസ് കുറവാണ് എന്നാണ് ആഗോളതലത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന് സാമൂഹികമായി പല കാര്യങ്ങളും ചൂണ്ടികാട്ടുന്നവരുണ്ട്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലി മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ പുരുഷന്‍മാരില്‍ കൂടുതലായി കാണപ്പെടുമെന്നതാണ് പലപ്പോഴും ഇതിന് കാരണമായി കണക്കാക്കപ്പെടുന്നത്.
ഇതിനുപുറമേ ഹൃദ്രോഗം പോലുള്ള അസുഖങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന ഈസ്ട്രജന്‍റെ സാന്നിധ്യവും ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണമാണെന്ന ശാസ്ത്രീയ പഠനങ്ങളും വന്നിട്ടുണ്ട്. എന്നാല്‍ സ്ത്രീകളുടെ ആയുര്‍രഹസ്യത്തില്‍ ശാസ്ത്രപരമായി ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി. ഇപ്പോഴിതാ ഇത് മാത്രമല്ലാതെ മറ്റൊരു കാരണം കൂടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.
ക്രോമസോമില്‍ കാണപ്പെടുന്ന ടെലോമിയേഴ്‌സ് എന്ന രാസഘടകമാണ് ഇതിന് പിന്നിലെ കാരണമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ടെലിമിയേഴ്‌സ് ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ സഹായിക്കുന്ന ഘടകമാണെന്ന് ശാസ്ത്രജ്ഞര്‍ മുമ്പ് കണ്ടെത്തിയിട്ടുള്ളതാണ്. ടെലോമിയറിന്‍റെ നീളത്തെ ബാധിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് കണ്ടെത്താനും അവയെ സംരക്ഷിക്കാനായി എന്താണ് ചെയ്യേണ്ടതെന്ന് അറിയാനുമായി പുതിയ പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ദി നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റിയുടെ 29-മത്തെ വാര്‍ഷിക യോഗത്തിലാണ് പഠനം ചര്‍ച്ചചെയ്തത്. ജനിതകപരമായി സ്ത്രീകളില്‍ പുരുഷന്‍മാരെക്കാള്‍ നീളമുള്ള ടെലിമിയേഴ്‌സ് ആണ് ഉള്ളത്. സ്ത്രീകളില്‍ ഇവയ്ക്ക് നീളം കൂടുതലായതിനാലാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കാന്‍ കാരണമെന്നാണ് പുതിയ പഠനത്തിലെ വിലയിരുത്തല്‍.