ഇന്ത്യയില്‍ 5 ജി സ്‌പെക്ട്രം ലേലം 2022 ഫെബ്രുവരിയില്‍ നടന്നേക്കും, മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍
ക്യാബിനറ്റ് അംഗീകരിച്ച ടെലികോം പരിഷ്‌കരണ പാക്കേജ് നിലവിലുള്ള കമ്പനികളുടെ നിലനില്‍പ്പിന് പര്യാപ്തമാണെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്
ദില്ലി: 5G സ്‌പെക്ട്രം ലേലം 2022 ഫെബ്രുവരിയില്‍ നടക്കാൻ സാധ്യതയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. ടെലികോം മേഖലയ്ക്കായുള്ള ദുരിതാശ്വാസ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വിപണിയില്‍ 5ജി ഫോണുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിരുന്നുവെങ്കിലും 5ജി എന്നുവരുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമായിരുന്നു. സര്‍ക്കാരിന് ലഭിക്കേണ്ട എയര്‍വേവ് പേയ്മെന്റുകള്‍ക്ക് നാല് വര്‍ഷത്തെ മൊറട്ടോറിയം ഉള്‍പ്പെടെ വിവിധ പാക്കേജുകള്‍ മന്ത്രി പ്രഖ്യാപിച്ചു.
മാറ്റിവച്ച പേയ്മെന്റ് സര്‍ക്കിള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ടെലികോം വരുമാനം മാത്രം കണക്കാക്കുന്നതിനായി ക്രമീകരിച്ച മൊത്ത വരുമാനത്തിന്റെ (എജിആര്‍) വിവാദപരമായ നിര്‍വചനം സര്‍ക്കാര്‍ മാറ്റുകയാണെന്ന് വൈഷ്ണവ് പറഞ്ഞു. ഇതുവരെ, കമ്പനികളുടെ ടെലികോം ഇതര വരുമാനം എജിആറിന്റെ ഭാഗമാണെന്ന് സര്‍ക്കാര്‍ കരുതിയിരുന്നു. ഇത് വയര്‍ലെസ് കാരിയറുകള്‍ക്കായി 13 ബില്യണ്‍ ഡോളറിന്റെ ബില്ലിലേക്ക് നയിച്ച വലിയൊരു നിയമയുദ്ധത്തിലേക്കാണ് നീണ്ടത്.
ക്യാബിനറ്റ് അംഗീകരിച്ച ടെലികോം പരിഷ്‌കരണ പാക്കേജ് നിലവിലുള്ള കമ്പനികളുടെ നിലനില്‍പ്പിന് പര്യാപ്തമാണെന്ന് വൈഷ്ണവ് പറഞ്ഞു. കൂടുതല്‍ പരിഷ്‌കാരങ്ങളും ഘടനാപരമായ മാറ്റങ്ങളും ഉണ്ടാകുമ്പോള്‍ കൂടുതല്‍ കമ്പനികള്‍ വരുമെന്നു കരുതുന്നതായി മന്ത്രി പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 5 ജി സ്‌പെക്ട്രം ലേല സമയക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇത് നടക്കുമെന്ന് മന്ത്രി പറഞ്ഞു.
എല്ലാ ടെലികോം പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകും, അതായത് ഇന്ത്യന്‍ കാരിയറുകള്‍ ഇപ്പോഴും സര്‍ക്കാരിന് കുടിശ്ശികയുള്ള എജിആര്‍ പേയ്മെന്റുകള്‍ നല്‍കേണ്ടിവരും. എജിആര്‍ കുടിശ്ശിക അടയ്ക്കുന്നതിനുള്ള നാല് വര്‍ഷത്തെ മാറ്റവും ഈ നടപടികളില്‍ ഉള്‍പ്പെടുന്നു, ഇത് കുടിശ്ശിക അടയ്ക്കുന്നതിന് വോഡഫോണ്‍ ഐഡിയയ്ക്ക് കൂടുതല്‍ സമയം ലഭിക്കാന്‍ സഹായിക്കും.
അതേസമയം, എയര്‍ടെലും ജിയോയും വിവിധ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഡിഒടി അനുവദിച്ച ട്രയല്‍ സ്‌പെക്ട്രം ഉപയോഗിച്ച് 5 ജി നെറ്റ്വര്‍ക്കുകള്‍ പരീക്ഷിക്കാന്‍ തുടങ്ങി. ഈ മാസം ആദ്യം, എയര്‍ടെല്‍ ഒരു 5 ജി എൻവിറോൺമെന്റിൽ ഇന്ത്യയിലെ ആദ്യത്തെ ക്ലൗഡ്-ഗെയിമിംഗ് സെഷന്‍ വിജയകരമായി നടത്തിയിരുന്നു. ഈ പരീക്ഷണങ്ങള്‍ക്കായി എയര്‍ടെല്‍ എറിക്‌സണ്‍, നോക്കിയ എന്നിവയുമായി സഹകരിച്ചു. 5G സൊല്യൂഷനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയില്‍ O-RAN അലയന്‍സ് സംരംഭങ്ങള്‍ക്കും എയര്‍ടെല്‍ നേതൃത്വം നല്‍കുന്നു.
എയര്‍ടെല്‍ ഹൈദരാബാദില്‍ ഒരു ലൈവ് 4G നെറ്റ്വര്‍ക്കിലൂടെ 5G സേവനങ്ങള്‍ വിജയകരമായി നടത്തി. ജിയോ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് മുംബൈയില്‍ 5G പരീക്ഷണങ്ങള്‍ ആരംഭിച്ചു. നോക്കിയ, സാംസങ്, എറിക്‌സണ്‍ എന്നിവരുമായി മറ്റ് നഗരങ്ങളില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്കായി ചര്‍ച്ചകള്‍ നടത്തുമെന്ന് പറയപ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 5G ഫീല്‍ഡ് ട്രയലുകള്‍ക്കായി ജിയോ മുംബൈയിലെ മിഡ്, എംഎം വേവ് ബാന്‍ഡുകളുമായി പ്രവര്‍ത്തിക്കുന്നുണ്ട്.
നിലവില്‍, ട്രയലുകളുടെ കാലാവധി, 6 മാസ കാലയളവിലാണ്, അതില്‍ ഉപകരണങ്ങള്‍ സംഭരിക്കുന്നതിനും സജ്ജീകരിക്കുന്നതിനുമുള്ള 2 മാസ കാലയളവ് ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 5G നെറ്റ്വര്‍ക്ക് എല്ലാ ഉപയോക്താക്കള്‍ക്കും വ്യാപകമായി ലഭ്യമാകാന്‍ ഒരു വര്‍ഷമെങ്കിലുമെടുത്തേക്കും. നെറ്റ്വര്‍ക്ക് ലഭ്യമാകുമ്പോള്‍ ഉപയോക്താക്കള്‍ സിം കാര്‍ഡുകള്‍ മാറേണ്ടതില്ലെന്നതാണ് വലിയ ആശ്വാസം.