ടാറ്റ ടെലികോം കമ്പനി പൂട്ടുന്നു
മുംബൈ: ടാറ്റ ടെലികോം കമ്പനി പൂട്ടുന്നു. നഷ്ടം കുമിഞ്ഞു കൂടിയതാണ് ടാറ്റ ടെലിസർവീസസിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ കാരണം. കമ്പനി പൂട്ടുന്നതോടെ 5,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും.
149 വർഷത്തെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ച് പൂട്ടൽ. നഷ്ടം 28,000 കോടി രൂപയിലേക്ക് ഉയർന്നതാണ് ടാറ്റ ടെലി സർവീസസിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ ടാറ്റയെ പ്രേരിപ്പിച്ചത്. വയർലെസ്, വയർലൈൻ, ബ്രോഡ്ബാൻഡ് സർവീസുകളെല്ലാം ടാറ്റ അവസാനിപ്പിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചു. രണ്ട് മാസത്തിനുള്ളിൽ കമ്പനി പൂട്ടുന്നതിനുളള നടപടികൾ പൂർത്തിയാക്കും. ഇതോടെ 5,000 പേർക്ക് ജോലി പേർക്ക് ജോലി നഷ്ടമാകും. മൂന്ന് മുതൽ ആറ് മാസം വരെ നോട്ടീസ് പീരീഡ് നൽകി ആനുകൂല്യങ്ങളുടെ നൽകി ജീവനക്കാരെ ഒഴിവാക്കാനാണ് നീക്കം. മുതിർന്നവർക്ക് വിആർഎസ് നൽകും. വളരെ കുറച്ച് പേരെ മാത്രമായിരിക്കും ടാറ്റയുടെ മറ്റ് കമ്പനികളിൽ നിയമിക്കുക.
1996ലാണ് ലാൻഡ് ലൈൻ സേവനങ്ങളുമായി ടാറ്റ ടെലി സർവീസ് പ്രവർത്തനം ആരംഭിച്ചത്. 2002ൽ മൊബൈൽ ഫോൺ നെറ്റ്‍വർക്ക് ആരംഭിച്ചു. 2008ൽ ജാപ്പനീസ് കമ്പനി ഡോകോമോയുമായി ചേർന്ന് സേവനം വിപുലപ്പെടുത്തി. എന്നാൽ മറ്റ് കമ്പനികളുമായുള്ള മത്സരത്തിൽ പിടിച്ച് നിൽക്കാനാകാതായതോടെ കമ്പനി നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. 2014ൽ ഡോകോമോ ടാറ്റയുമായി വേർപിരിഞ്ഞു.
നിലവിൽ 4.2 കോടി ഉപയോക്താക്കളാണ് ടാറ്റ ടെലിസർവീസസിനുള്ളത്. കമ്പനി പൂട്ടുമ്പോൾ ഇവരെ നമ്പർ പോർട്ടബലിറ്റിയിലൂടെ മറ്റ് സർവീസുകളിലേക്ക് മാറ്റാനാണ് തീരുമാനം. ഇക്കാര്യം പൂട്ടുന്നതിന് ഒരു മാസം മുമ്പ് ഉപയോക്താക്കളെ അറിയിക്കും. നിലവിൽ ടാറ്റ ടെലിസർവീസസ് പുതിയ ഉപയോക്താക്കളെ സ്വീകരിക്കുന്നില്ല. കന്പനി മാനേജുമെന്‍റിന്‍റെ കെടുകാര്യസ്ഥതയാണ് ടാറ്റ ടെലിസർവീസസിനെ തകർത്തത്. കഴിഞ്ഞ വർഷം റിലയൻസ് ജിയോ വന്നതോടെ തകർച്ച പൂർണമായി. ടെലികോം മേഖലയിലെ പുനരുദ്ധാരണം പോലെ നഷ്ടം നേരിടുന്ന മറ്റ് കമ്പനികളുടെ കാര്യത്തിലും കാലാനുസൃതമായ തീരുമാനം എടുക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്.