ശ്രീരാമിനെ 'ഫൈൻഡ്' ചെയ്ത റിലയൻസിന്റെ കഥ; ഒരു സംരംഭകന്റെയും
'അവസരങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്ന്' റിലയൻസ് സ്ഥാപകൻ ധീരുഭായി അംബാനി പറഞ്ഞത് വെറുതെയല്ല. ഫൈൻഡിന്റെ സഹസ്ഥാപകനായ തിരുവനന്തപുരം സ്വദേശി എം.ജി.ശ്രീരാമനോട് സംസാരിച്ചാൽ അത് മനസിലാകും
'അവസരങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്ന്' റിലയൻസ് സ്ഥാപകൻ ധീരുഭായി അംബാനി പറഞ്ഞത് വെറുതെയല്ല. ഫൈൻഡിന്റെ സഹസ്ഥാപകനായ തിരുവനന്തപുരം സ്വദേശി എം.ജി.ശ്രീരാമനോട് സംസാരിച്ചാൽ അത് മനസിലാകും. 2012 ൽ തന്റെ ഐഡിയയുമായി ഐഐടി വിടുമ്പോൾ ഫണ്ടിങ് മുതൽ ഭാവി കാര്യം വരെ ആലോചിച്ച് ടെൻഷനടിച്ച ചെറുപ്പക്കാരനായിരുന്നു ശ്രീരാമും. മികച്ച സംരംഭകൻ എന്ന ലേബൽ സ്വപ്നം കാണുന്ന ഏതൊരാൾക്കും ശ്രീരാമിനെ പരിചയപ്പെടാം. അവസരങ്ങളെ എങ്ങനെ 'ഫൈൻഡ്' ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു തരും.
1. 'ഫൈൻഡി'നെ ഫൈൻഡ് ചെയ്തത്
2012 ലാണ് കൂട്ടമായി ഇരുന്ന് ചർച്ച ചെയ്ത മൂന്ന് ഐഡിയകളിലെ മൂന്നാമനുമായി ശ്രീരാമൻ കളത്തിലിറങ്ങുന്നത്. മൂന്ന് വർഷത്തിന് ശേഷം ആശയം അപ്രസക്തമാണോ എന്ന സംശയം തോന്നിയപ്പോൾ ചുവടൊന്നു മാറ്റി ചവിട്ടി.അങ്ങനെയാണ് ഫൈൻഡിൽ (FYND) എത്തുന്നത്.അറുനൂറോളം ബ്രാൻഡുകളുടെ തൊള്ളായിരത്തിലധികം സ്റ്റോറുകളിലെ ലൈവ് ഡാറ്റ എങ്ങനെ ഉപയോഗിക്കാമെന്ന ചിന്തയാണ് പ്രധാനമായും ഇതിന് പിന്നിലുള്ളത്. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ നിന്ന് വ്യത്യസ്തമായാണ് ഫൈൻഡ് പ്രവർത്തിക്കുന്നത്. 2015-2016 ലാണ് ഇതിന്റെ വൈബ്സൈറ്റും ആപ്പും തുടങ്ങിയത്.
മുന്നോട്ട് പോകുന്തോറും മൾട്ടിപ്പിൾ പ്രൊഡക്ട്സ് ക്രിയേറ്റ് ചെയ്യുകയാണ് ഫൈൻഡിന്റെ ലക്ഷ്യം. ബ്രാൻഡുകളുടെ ലൈവ് ഡേറ്റയുള്ളതിനാൽ ഉപയോക്താവ് സാധനം ഓർഡർ ചെയ്യുന്നത് ഏറ്റവും അടുത്തുള്ള ഇൻവെന്ററി പോയിന്റിലേക്കാണ് എത്തുക. ഡെലിവറി സമയം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നതാണ് മേന്മ. ഈ സംവിധാനത്തിനോട് റീട്ടെയിലേഴ്സിനും താൽപര്യമുണ്ട്. അതായത് ഉപയോക്താവിന് ഒരു പ്രോഡക്ട് ഇഷ്ടപ്പെട്ടു എന്നിരിക്കട്ടെ തങ്ങളുടെ അളവിന് അത് കടയിൽ ലഭ്യമല്ല എങ്കിൽ ഫൈൻഡ് ആപ്പ് വഴി വേഗത്തിൽ കണ്ടെത്താനാകും. https://www.omnifynd.com/ എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങളും ലഭിക്കും.
Read more: റീല്‍സില്‍ മികച്ച നിലവാരത്തിലുള്ള ഉള്ളടക്കം കേരളത്തില്‍ നിന്നെന്ന് ഫേസ്ബുക്ക് ഇന്ത്യ ഡയറക്ടർ
2. ഫൈൻഡിന് മുൻപ്
ഷോപ്പ്സെൻസ് റീട്ടെയ്‍ൽസ് എന്ന ലീഗൽ നെയിമിലാണ് 2012 ൽ ആദ്യമായി കമ്പനി തുടങ്ങുന്നത്. ഒരു റീട്ടെയിൽ ഷോപ്പിനകത്ത് പോയി കഴിഞ്ഞാൽ ഷോപ്പിങ് എക്സ്പീരിയൻസ് എങ്ങനെ മികച്ചതാക്കാം എന്ന ചിന്തയിൽ നിന്നാണ് ഈ ഐഡിയ തുടങ്ങുന്നത്. മാച്ച് എന്നതായിരുന്നു ആദ്യത്തെ ഉൽപന്നം. ബ്രാൻഡഡ് ഷോപ്പുകളിൽ സ്ഥാപിച്ച വലിയ സ്ക്രീനിലെ മോഡലുകൾ ഉപഭോക്താവ് വാങ്ങാൻ ആഗ്രഹിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ എങ്ങനെയിരിക്കും. അത് മനസിലാക്കിക്കൊടുക്കുന്ന ഇന്ററാക്ടീവ് പ്രോജക്ടായിരുന്നു ഇത്. കൂടാതെ സ്ക്രീനിൽ കാണുന്ന ഉൽപന്നം കടയിലില്ല എങ്കിൽ ഏറ്റവുമടുത്ത് എവിടെ നിന്നിത് ലഭിക്കുമെന്ന വിവരവും ലഭിക്കും. തുടക്കത്തിൽ ഈ ഐഡിയയ്ക്ക് ഒരുപാട് പോരായ്മകളുണ്ടായിരുന്നു. ടച്ച് സ്ക്രീൻ വെക്കുന്നത് സംബന്ധിച്ചുള്ളതായിരുന്നു പ്രധാന പ്രശ്നം. രണ്ടുകൊല്ലം ഇക്കാര്യം സംബന്ധിച്ച പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലെ ഒരുവിധം എല്ലാ ബ്രാൻഡുകളുമായും ഷോപ്പ്സെൻസ് റീട്ടെയ്‍ൽസ് ഇന്റഗ്രേറ്റ് ചെയ്തു തുടങ്ങിയത്. പിന്നീടിത് അപ്രസക്തമാണെന്ന് തോന്നി തുടങ്ങിയപ്പോൾ ഫൈൻഡിലേക്ക് എത്തുകയായിരുന്നു.
Read more: സെലിബ്രിറ്റി അടക്കം പറഞ്ഞു 'എന്താണ് കാണിച്ചുവച്ചിരിക്കുന്നത്'; യൂടേണ്‍ അടിച്ച് ഇന്‍സ്റ്റഗ്രാം
3. പേര് ഒരു പ്രശ്നക്കാരനാണോ ?
ഏതൊരു ഐഡിയ നമ്മുടെ മനസിലെത്തുമ്പോഴും അതിന് ഒരു പേര് കണ്ടുപിടിക്കേണ്ടി വരും. ബിസിനസ് ടു കൺസ്യൂമേഴ്സ് ആണെങ്കിൽ പേരിന് ഒരു വലിയ പങ്ക് തന്നെ ഉണ്ടാകും. ഗൂഗിളിൽ തെരയുമ്പോൾ കണ്ടെത്താൻ കഴിയുന്ന ഉപഭോക്താവ് പെട്ടെന്ന് ഓർത്തിരിക്കുന്ന പേര് വേണം. അതുകൊണ്ടാണ് അടുത്ത ചുവടിൽ ഫൈൻഡ് എന്ന പേരിലേക്ക് ഞങ്ങളെ എത്തിയത്. ഷോപ്പ്സെൻസ് റീട്ടെയ്‍ൽസ് എന്ന പേര് ഒരു പ്രശ്നമായി തോന്നിയില്ല. ബിസിനസ് ടു ബിസിനസിൽ പേരിനെക്കാളും പ്രാധാന്യം പ്രോഡക്ടിനാണല്ലോ.
4. ഫണ്ടിങ് എത്തിയ വഴി
കൈയ്യിലുണ്ടായിരുന്ന പണം വെച്ചാണ് ഐഡിയയുമായി ഇറങ്ങുന്നത്. ഒരു ഇൻക്യൂബേഷൻ പ്രോഗ്രാമിന്റെ പ്രൈസ് മണി കൂടി കിട്ടിയതോടെ കുറച്ച് കാര്യങ്ങൾ ചെയ്യാനായി. ആദ്യം കുറച്ചുനാൾ ഡീസൽ എന്ന കമ്പനിയുടെ ഭാഗമായിരുന്നു. അവിടെ വെച്ചാണ് സംരംഭത്തിനായി മുഴുവൻ സമയവും നീക്കി വെയ്ക്കണമെന്ന് തീരുമാനിക്കുന്നത്. ഫണ്ടിങ് ലഭിക്കുന്നതും അവിടെ വെച്ചാണ്. വിചാരിക്കുന്ന രീതിയിലൊന്നുമല്ല തുടക്കത്തിൽ പോയിരുന്നത്.പ്രതീക്ഷിച്ച വരുമാനം ഒന്നും ലഭിക്കാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു. അന്ന് ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ ഫണ്ടിങിൽ ബൂമിങ് സംഭവിക്കുന്ന സമയമാണെന്ന് ഓർക്കണം. വൈകാതെ ബി ടു സി ആംഗിളിലേക്ക് വന്നപ്പോഴാണ് ഞങ്ങളുടെ സംരംഭത്തിലേക്ക് കൂടുതൽ പേരെത്തി തുടങ്ങിയത്.
5. റിലയൻസിനെ വീഴ്ത്തിയത്
ഇങ്ങനെ ഒരു സംരംഭത്തിനെ കുറിച്ച് തന്നെ പുറം ലോകം അറിയുന്നത് റിലയൻസ് ഏറ്റെടുക്കുന്നു എന്ന വാർത്തയ്ക്ക് ശേഷമാണ്. ഞങ്ങൾ നേരത്തെ തന്നെ റിലയൻസ് ബ്രാൻഡ് ലിമിറ്റഡിന്റെ വെൻഡറായിരുന്നു. ആദ്യം പറഞ്ഞ ഡീസൽ എന്ന കമ്പനി റിലയൻസിന്റെതാണ്. ആമസോൺ, ഫ്ലിപ്പ്കാർട്ട് ഇവയുമായി മത്സരിക്കാൻ റിലയൻസ് പ്ലാനിട്ട സമയത്ത് തന്നെ ആ മേഖലയിലുള്ള സംരംഭകരെ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.സ്റ്റാർട്ടപ്പുകൾക്കായുള്ള റിലയൻസിന്റെ ജിയോജെൻനെക്സ്റ്റ് എന്ന ആക്സിലറേറ്റർ പ്രോഗ്രാമിൽ നടത്തിയ പ്രസന്റേഷനാണ് അവരെ ഞങ്ങളിലേക്ക് എത്തിച്ചത്. നേരത്തെ ഗൂഗിളും 50 കോടിയോളം രൂപ ഫൈൻഡിൽ നിക്ഷേപിച്ചിരുന്നു. നിലവിൽ ഫൈൻഡിന് ഇൻവസ്റ്റേഴ്സില്ല. സ്ഥാപകരായ ഞങ്ങൾ മൂന്നു പേരും റിലയൻസുമാണ് ഷെയർ ഹോൾഡേഴ്സ്. കമ്പനിയുടെ മുഖ്യഓഹരി റിലയൻസ് വാങ്ങിയത് 395 കോടി രൂപയ്ക്കായിരുന്നു. അതായത് സംരംഭത്തിന്റെ 87.6 ശതമാനം ഓഹരി.
6. ഐഡിയകളുണർന്നത്
കൊല്ലം ടികെഎമ്മിൽ ബിടെക് പഠനം കഴിഞ്ഞാണ് 2012ൽ ഐഐടിയിലെക്കെത്തുന്നത്. ആദ്യ വർഷത്തെ ക്ലാസ് കഴിഞ്ഞാൽ പിന്നെ ഒരു വർഷം പ്രോജക്ടാണ്. പ്രൊജക്ടിന്റെ ഭാഗമായി ഷോപ്പിങ് എക്സ്പീരിയൻസിനെ കുറിച്ച് റിസർച്ച് നടത്തുന്ന സമയത്താണ് ഐഐടിയിൽ തന്നെ ബിടെക് കഴിഞ്ഞ ഹർഷ് ഷാ, ഫറൂഫ് ആദം എന്നിവരെ പരിചയപ്പെടുന്നത്. ഇവരാണ് ഫൈൻഡിലെ എന്റെ സഹ സ്ഥാപകർ. ആകെ മൂന്ന് ഐഡിയയാണ് ഞങ്ങളുടെ പക്കലുണ്ടായിരുന്നത്. മൂന്നാമത്തെ ഐഡിയയാണ് വർക്ക് ഔട്ട് ആക്കിയിരിക്കുന്നത്. ഐഐടിയിൽ നിന്ന് കോഴ്സ് ഡ്രോപ്പ് ഔട്ട് ചെയ്ത കാര്യം മാസങ്ങൾക്കു ശേഷമാണ് ഞാൻ വീട്ടിൽ അവതരിപ്പിക്കുന്നത്.കോഴ്സ് കഴിഞ്ഞ് പോരായിരുന്നോ എന്നൊരു ചോദ്യം മാത്രം ഉയർന്നു. ഇതിനു മുൻപും സംരംഭത്തിൽ അരക്കൈ നോക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ ഫ്രീലാൻസ് ഡിസൈനിങ്ങുകളൊക്കെ ചെയ്യുമായിരുന്നു. പിന്തുണക്കാൻ ആളുണ്ടെങ്കിൽ ഇരട്ടി ഊർജത്തോടെ മുന്നോട്ട് പോകാൻ കഴിയുമല്ലോ. ഈ തീരുമാനം തെറ്റാണെന്ന് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. ഒരു ക്ലാസ് റൂമിനും തരാൻ കഴിയാത്തത്ര അനുഭവങ്ങളാണ് ഇതു വരെ ലഭിച്ചത്.
7. കുടുംബം
തിരുവനന്തപുരം കമലേശ്വരമാണ് എന്റെ സ്വദേശം. അച്ഛൻ മോഹൻ കുമാർ യൂണിവേഴ്സിറ്റി കോളജ് മുൻ അധ്യാപകനായിരുന്നു. അമ്മ ഗിരിജാ ദേവി വെള്ളായണി കാർഷിക സർവകലാശാലയിലെ പ്രഫസറായിരുന്നു.തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിലെയും കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെയും പഠനത്തിനു ശേഷം ഐഐടി ബോംബെയിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനിടെയാണ് ഇങ്ങനെ ഒരു ഐഡിയയ്ക്കായി ഇറങ്ങുന്നത്.