നോക്കിയ 8.1 നവംബര്‍ 28ന് ഇന്ത്യയില്‍ എത്തും
ഷവോമി പോകോ എഫ്1ന് പുറമെ നോക്കിയയുടെ സ്വന്തം 7 പ്ലസിനും എതിരാളിയായാണ് പുതിയ ഫോണ്‍ എത്തുക എന്നാണ് പ്രതീക്ഷ
ദില്ലി: നോക്കിയ 8.1 നവംബര്‍ 28ന് ഇന്ത്യയില്‍ ഇറങ്ങും. ചില ഗാഡ്ജറ്റ് സൈറ്റുകള്‍ നല്‍കുന്ന വിവരം അനുസരിച്ച് നോക്കിയ 8.1ആന്‍ഡ്രോയ്ഡ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണ്‍ ആണ്. ചൈനയില്‍ ഇറങ്ങിയിട്ടുള്ള നോക്കിയ എക്‌സ്7 അടിസ്ഥാനമാക്കിയാകും പുതിയ ഫോണ്‍ അവതരിപ്പിക്കുക. ഡിസൈനിലും, ഉപയോഗത്തിലെ അനായാസതയിലും കൃത്യത പാലിക്കുന്ന നോക്കിയ 8.1 ലും ആ പതിവ് നിലനിര്‍ത്താനാണ് ശ്രമിക്കുക.
ഷവോമി പോകോ എഫ്1ന് പുറമെ നോക്കിയയുടെ സ്വന്തം 7 പ്ലസിനും എതിരാളിയായാണ് പുതിയ ഫോണ്‍ എത്തുക. ഫുള്‍എച്ച്ഡി റെസൊലൂഷനുള്ള സ്‌ക്രീനാകും 8.1ല്‍ ഉള്‍പ്പെടുക. സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസര്‍, 128 ജിബി സ്റ്റോറേജ്, 4ജിബി റാം, 6.1 ഇഞ്ച് സ്‌ക്രീന്‍ എന്നിവയും ഫോണിൽ ഉണ്ടായേക്കും.
ഡ്യുവല്‍ റിയര്‍ ക്യാമറ പിന്‍ഭാഗത്ത് ലഭിക്കും. 13 എംപി, 12എംപി ഇമേജ് സെന്‍സറുള്ള ക്യാമറയ്‌ക്കൊപ്പം 24 എംപി സെന്‍സറുള്ള സെല്‍ഫി ക്യാമറയാകും നോക്കിയ 8.1ല്‍ ഉള്‍പ്പെടുന്നത്. കൂടാതെ 3500 എംഎഎച്ച് ബാറ്ററിയും കരുത്ത് പകരും. 23,999 രൂപയാണ് ഫോണിന്‍റെ വില എന്നാണ് റിപ്പോര്‍ട്ട്.