ഫ്രീഡം 251 വീണ്ടും എത്തുന്നു
ദില്ലി: ജൂണ്‍ 30 മുതല്‍ 250 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ ഫ്രീഡം 251 വീണ്ടും എത്തുമെന്ന് നിര്‍മാതാക്കള്‍. ജൂണ്‍ 30ന് പുതിയ റജിസ്ട്രേഷന്‍ ആരംഭിക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഫോണിന്‍റെ വിതരണം സംബന്ധിച്ച് അന്തിമ സമയക്രമം കമ്പനി ഇതുവരെ പറഞ്ഞിട്ടില്ല.
ആദ്യഘട്ടത്തില്‍ കഴിഞ്ഞ ഫിബ്രവരിയില്‍ ഫോണിന് വേണ്ടിയുള്ള റജിസ്ട്രേഷന്‍ ആളുകളുടെ തള്ളിക്കയറ്റം മൂലം വന്‍ പരാജയമായിരുന്നു. ഇതേ തുടര്‍ന്ന് ഫ്രീഡം 251 നിര്‍മാതാക്കളായ റിംഗിംങ് ബെല്ലിന് എതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കേന്ദ്ര ഏജന്‍സികള്‍ ഇവര്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചില കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്.
ഇതിനിടയിലാണ് പുതിയ വാദങ്ങളുമായി റിംഗിങ്ങ് ബെല്‍ രംഗത്ത് എത്തുന്നത്. ബിജെപി മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷിയാണ് ഈ ഫോണ്‍ പുറത്തിറക്കിയത്. തനിക്ക് ഒരോ ഫോണിനും 140 മുതല്‍ 150 രൂപ വരെ നഷ്ടം ഉണ്ടാകുമെങ്കിലും ഇന്ത്യയിലെ പാവം ജനങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് അവരെ ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളുടെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യമെന്നാണ് ഫ്രീഡം 251നെക്കുറിച്ച് റിംഗിങ്ങ് ബെല്‍ സിഇഒ മോഹിത്ത് ഗോയല്‍ പറയുന്നു.
രണ്ട് ലക്ഷത്തോളം ഫ്രീഡം 251 വിതരണം ചെയ്യാന്‍ തയ്യാറാണെന്നാണ് ഗോയല്‍ പറയുന്നത്. ജൂണ്‍ 30ന് തന്നെ ഫിബ്രവരിയില്‍ വിജയകരമായി റജിസ്ട്രര്‍ ചെയ്തവര്‍ക്ക് ഫ്രീഡം ഫോണ്‍ എത്തിക്കുമെന്നാണ് ഗോയലിന്‍റെ അവകാശവാദം.