ഷവോമിയുടെ എംഐ എ2, എ2 ലൈറ്റ് ഫോണുകള്‍ ഇറങ്ങി
- ഫോണുകള്‍ സ്പെയിനിലെ മാന്‍ഡ്രിഡില്‍ നടന്ന ചടങ്ങില്‍ ഷവോമി പുറത്തിറക്കി
- എംഐ എ2, എ2 ലൈറ്റ് എന്നിവ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളാണ്
മാന്‍ഡ്രിഡ്: ഷവോമിയുടെ എംഐ എ2, എ2 ലൈറ്റ് എന്നീ ഫോണുകള്‍ സ്പെയിനിലെ മാന്‍ഡ്രിഡില്‍ നടന്ന ചടങ്ങില്‍ ഷവോമി പുറത്തിറക്കി. ഷവോമി എംഐ എ2വിന്‍റെ 4ജിബി+32ജിബി പതിപ്പിന് 249 യൂറോ അതായത് ഏതാണ്ട് 20,000 രൂപയാണ് വില. അതേ സമയം 4ജിബി+64 ജിബി പതിപ്പിന് വില 22,500 രൂപയാണ്. ഇതേ സമയം 6ജിബി+128 ജിബി പതിപ്പിന് വില 28,000 രൂപയാണ്
എംഐ എ2, എ2 ലൈറ്റ് എന്നിവ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളാണ്. അതിനാല്‍ തന്നെ അടുത്ത രണ്ട് കൊല്ലത്തെ എല്ലാ ആന്‍ഡ്രോയ്ഡ് അപ്ഡേറ്റും ഫോണില്‍ ലഭ്യമാകും. എ2 വിന്‍റെ സ്ക്രീന്‍ വലിപ്പം 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ്. 18:9 ഇഞ്ചാണ് സ്ക്രീന്‍ റെസല്യൂഷന്‍. ക്യൂവല്‍ കോം സ്നാപ്ഡ്രാഗണ്‍ 660 പ്രോസ്സറാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. എംഐ എ2 4ജിബി റാം ശേഷിയിലാണ് ഇറങ്ങുന്നത്.
എംഐ എ2 ഇരട്ട ക്യാമറയുമായാണ് രംഗത്ത് എത്തുന്നത്. 12എംപി+20 എംപിയാണ് പിന്നിലെ ക്യാമറ. മുന്നിലെ ക്യാമറ 20എംപിയാണ്. ഇതില്‍ എഐ ഫീച്ചറുകളും ലഭിക്കും. 3,010 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.
5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് എ2 ലൈറ്റിന് ഉള്ളത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 625 ആണ് ഫോണിന്‍റെ ചിപ്പ് ശേഷി. റെഡ്മീ നോട്ട് 4, നോട്ട് 5 എന്നിവയില്‍ ഉപയോഗിച്ച ആതേ ചിപ്പാണ് ഇത്. 12 എംപി+ 5 എംപി ഇരട്ട ക്യാമറയാണ് ഫോണിന് പിന്നില്‍ ഉള്ളത്. 5 എംപിയാണ് സെല്‍ഫി ക്യാമറ. 4000 എംഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.