അപൂർവ രക്തഗ്രൂപ്പ് കണ്ടെത്തി
- പിപി അഥവാ പി നൾ ഫീനോടൈപ്പ് എന്നാണ് പുതിയ രക്തഗ്രൂപ്പിന്റെ പേര്. ആയിരത്തിൽ ഒരാൾക്കു മാത്രം കാണപ്പെടുന്ന രക്തഗ്രൂപ്പുകൾ അപൂർവ ഗ്രൂപ്പുകളായാണ് ഈ ഗ്രൂപ്പിനെ കണക്കാക്കുന്നത്.
മണിപ്പാൽ: പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയതായി മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജിലെ വിദഗ്ധർ അറിയിച്ചു. 200ൽ പരം ചെറിയ രക്തഗ്രൂപ്പുകൾക്കിടയിലേക്ക് അപൂർവ "പി' രക്തഗ്രൂപ്പാണ് കണ്ടെത്തിയത്. പിപി അഥവാ പി നൾ ഫീനോടൈപ്പ് എന്നാണ് പുതിയ രക്തഗ്രൂപ്പിന്റെ പേര്. ഡോ. ഷാമീ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തൽ. ആയിരത്തിൽ ഒരാൾക്കു മാത്രം കാണപ്പെടുന്ന രക്തഗ്രൂപ്പുകൾ അപൂർവ ഗ്രൂപ്പുകളായാണ് ഈ ഗ്രൂപ്പിനെ കണക്കാക്കുന്നത്. അടിയന്തരമായി രക്തം വേണ്ട ഒരു രോഗിയുടെ രക്തസാമ്പിൾ കസ്തൂർബാ ഹോസ്പിറ്റലിലെ രക്തബാങ്കിൽ ലഭിച്ചിരുന്നു.
എന്നാൽ, ഇതിനു യോജിക്കുന്ന രക്തം കണ്ടെത്താനായില്ല. അതിനാൽ ഈ സാമ്പിൾ യുകെയിലുള്ള ഇന്റർനാഷണൽ ബ്ലെഡ് ഗ്രൂപ്പ് റെഫറൻസ് ലാബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് പിപി ഫീനോടൈപ്പ് രക്തഗ്രൂപ്പാണെന്നു സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് പി ബ്ലഡ് ഗ്രൂപ്പ് കണ്ടെത്തുന്നതെന്ന് എംഎഎച്ച്ഇ പ്രൊ വൈസ് ചാൻസലർ ഡോ. പൂർണിമ ബാലിഗ പറഞ്ഞു.വളരെ അപൂർവമായ പി ഗ്രൂപ്പ് രക്തമാണ് രോഗിയിൽ ഉള്ളതെന്നും ഇതിൽ ആന്റിബോഡിയാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇമ്യൂണോഹെമറ്റോളജി ആൻഡ് ബ്ലെഡ് ട്രാൻസ്പ്യൂഷൻ മേധാവി ഡോ. ഷമീ ശാസ്ത്രി പറഞ്ഞു.