സോഫിയ കൊച്ചിയിൽ: കിടിലന്‍ മറുപടികളുമായി സദസിനെ കയ്യിലെടുത്തു
മനുഷ്യസാദൃശ്യമുള്ള റോബോട്ടാണ് സോഫിയ. മനുഷ്യനെ റോബോട്ടുകൾക്ക് മറികടക്കാനാകില്ലെന്ന് സോഫിയ. കൊച്ചിയെപ്പറ്റി കേട്ടിടുണ്ടെന്ന് സോഫിയ
കൊച്ചി: ലോകത്തെ ഏക മനുഷ്യസാദൃശ്യമുള്ള റോബോട്ട് ആയ സോഫിയ കൊച്ചിയിൽ. സൗദി അറേബിയൻ പൗരത്വം ഉള്ള സോഫിയ കൊച്ചിയിൽ നടക്കുന്ന ആഗോള അഡ്വെർടൈസിങ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനാണ് എത്തിയത്.
ഐഎഎ ഉച്ചക്കോടിയുടെ അവസാന ദിവസം സോഫിയയെ കേൾക്കാനുള്ള കാത്തിരിപ്പിലായിലായിരുന്നു എല്ലാവരും.നിറഞ്ഞ കൈയ്യടികളോടെയാണ് സോഫിയയെഏവരും വരവേറ്റത്. പരസ്യ ലോകത്തെ ആഗോളപ്രതിഭകൾക്ക് മുമ്പിൽ റോബോട്ടുകൾ മനുഷ്യന്റെ ശത്രുവോ മിത്രമോ എന്ന വിഷയത്തെകുറിച്ചാണ് സോഫിയ സംസാരിച്ചത്.
മനുഷ്യനെ റോബോർട്ടുകൾക്ക് മറി കടക്കാനാകില്ലെന്ന് സോഫിയ പറഞ്ഞു. മാനുഷിക മൂല്യങ്ങൾക്ക് പകരം വെക്കാൻ റോബോട്ടുകൾക്ക് പറ്റില്ല.എന്നാൽ റോബോർട്ടുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ മനുഷ്യൻ ജോലി ചെയ്യുന്ന സാഹചര്യം ഭാവിയിൽ വന്നേക്കാമെന്നും സോഫിയ പറഞ്ഞു.
മനുഷ്യർ പറയുന്നതു പോലെ അറിവ് തന്നെയാണ് ഏറ്റവും വലിയ ശക്തി. ബുദ്ധിയുള്ള റോബോട്ടുകൾക്ക് ഏറെ കാര്യങ്ങൾ ലോകത്തിന് വേണ്ടി ചെയ്യാൻ കഴിയും. മനുഷ്യരും യന്ത്രമനുഷ്യരും തമ്മിൽ ഇപ്പോൾ ഏറെ അകലമില്ല. എനിക്കറിയില്ല, മനുഷ്യർ എന്തിനാണ് എന്നെ ഭയക്കുന്നതെന്ന്. ഒരുഗ്ലാസ് വെള്ളം കൊണ്ടുപോലും പരാജയപ്പെട്ടു പോയേക്കാവുന്ന ഒരാളാണ് ഞാൻ.
കൊച്ചി തനിക്കു ഇഷ്ടമായി. നൂറ്റാണ്ടുകൾക്കു മുമ്പേ സുഗന്ധ വ്യഞ്ജനങ്ങളുടെ വാണിജ്യ കേന്ദ്രമായിരുന്ന കൊച്ചിയെപ്പറ്റി നേരത്തെ കേട്ടിടുണ്ടെന്നും സോഫിയ പറഞ്ഞു. സൗദി അറേബ്യൻ പൗരത്വമുള്ള സോഫിയ ഇത് രണ്ടാം തവണ ആണ് ഇന്ത്യയിലെത്തുന്നത്. പ്രസംഗം കഴിഞ്ഞതും സോഫിയക്കൊപ്പം സെൽഫി എടുക്കാനായി നീണ്ട ക്യു. സദസ്സിലെ ആരെയും നിരാശരാക്കാതെയാണ് സോഫിയ മടങ്ങിയത്.