ലേസര്‍ തോക്കുകള്‍ വികസിപ്പിച്ച് ചൈന
- ജെയിംസ് ബോണ്ട് സിനിമകളിലും മറ്റും കണ്ടിട്ടുള്ള ആയുധം ചൈന വികസിപ്പിച്ചെന്ന് റിപ്പോര്‍ട്ട്
ബിയജിംങ്: ആകാശത്ത് നിന്നും മഞ്ഞുമല തന്നെ ഉരുക്കുന്ന രീതിയില്‍ ഒരു ലേസര്‍ പ്രയോഗം, ജെയിംസ് ബോണ്ട് സിനിമകളിലും മറ്റും കണ്ടിട്ടുള്ള ആയുധം ചൈന വികസിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ചൈനീസ് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം വിദേശ ഡിഫന്‍സ് സൈറ്റുകളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ലോഞ്ച് റേഞ്ച് ലേസര്‍ റൈഫിളുകളാണ് ചൈനീസ് പ്രതിരോധ ഗവേഷണ വിഭാഗം ഉരുത്തിരിച്ചെടുത്തത് എന്നാണ് സൂചന.
ഷാൻക്സി പ്രവിശ്യയിലുള്ള ചൈനീസ് അക്കാഡമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞരാണ് സെഡ്എകെ എസ്എം എന്ന ലേസർ തോക്ക് നിർമിച്ചിരിക്കുന്നത്. എകെ 47 തോക്കുകളുടെ മാതൃകയിലാണ് നിർമാണം. വെടിയുണ്ടകൾക്കു പകരം നഗ്ന നേത്രങ്ങൾകൊണ്ട് കാണാനാവാത്ത ലേസർ രശ്മികളാണ് ഈ തോക്കിൽനിന്ന് പുറപ്പെടുക. എന്നാല്‍ ഇത് ശരീരത്തില്‍ പതിച്ചയാള്‍ക്ക് ശരീരത്തിലെ മാംസം കരിയുമ്പോള്‍ മാത്രമേ വെടികൊണ്ടു എന്ന കാര്യം മനസിലാകൂ എന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് ഒരു ദശാബ്ദത്തെ ഗവേഷണം ഈ ആയുധത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 226 ദശലക്ഷ്യം പൗണ്ടാണ് ലേസര്‍ അധിഷ്ഠിത ആധുനിക ആയുധ ഗവേഷണത്തിന് 2015ല്‍ ചൈന നീക്കിവച്ചത്. ഈ പദ്ധതിയും പുതിയ തോക്ക് വികസനത്തിന് ഉപയോഗിച്ചിട്ടുണ്ട്.
അടുത്ത മാസം മുതൽ ചൈനയിലെ ഭീകരവിരുദ്ധ സേന ലേസർ തോക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങുമെന്നുമാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട്. അതേ സമയം ലേസര്‍ ആയുധങ്ങള്‍ ഭാവിയിലേക്ക് വലിയ വെല്ലുവിളിയാണെന്നാണ് ഒരു കൂട്ടം ഗവേഷകരുടെ അഭിപ്രായം. സ്പൈസ് എക്സ്, ടെസ്ല തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവി ഇലോന്‍ മാസ്ക് ലേസര്‍ ആയുധങ്ങളെ വിമര്‍ശിച്ച് പലപ്പോഴും രംഗത്ത് എത്തിയിട്ടുണ്ട്.