ഇത് 'ഡിജിറ്റൽ സ്ട്രൈക്ക്', ടിക് ടോക് അടക്കമുള്ള ആപ്പുകൾ നിരോധിക്കാൻ കാരണമെന്ത്?
കേന്ദ്രസർക്കാർ നിരോധിച്ച ആപ്ലിക്കേഷനുകളുടെ പൂർണപട്ടിക ഇവിടെ. ഒപ്പം ഈ 59 ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്ന കാരണമെന്ത്? വിശദമായി വായിക്കാം.
ദില്ലി: ടിക് ടോക്കും, യുസി ബ്രൗസറും, ഹലോയും, ഷെയറിറ്റുമടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്രസർക്കാർ നിരോധിക്കുമ്പോൾ, ചൈനീസ് ടെക് വിപണിയ്ക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പ്. ചൈന കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിപണി ഇന്ത്യയുടേതാണ്. ചൈനയിൽത്തന്നെ എല്ലാ സാമൂഹ്യമാധ്യമങ്ങൾക്കും പ്രവേശനവുമില്ല. 'കരിനിയമങ്ങൾ' എന്ന് വിളിക്കാവുന്ന ഐടി നിയമങ്ങളുള്ള ചൈനയേക്കാൾ ഡിജിറ്റൽ കമ്പനികൾക്ക് പ്രിയം, താരതമ്യേന വളരെ ഉദാരമായ ഐടി നിയമം നിലനിൽക്കുന്ന ഇന്ത്യൻ വിപണിയായിരുന്നു. സാമൂഹ്യമാധ്യമങ്ങളെല്ലാം വലിയ ലാഭം കൊയ്ത ഇന്ത്യൻ വിപണിയെന്ന വലിയ ലോകമാണ് ഒറ്റയടിക്ക് ചൈനീസ് ടെക് ഭീമൻമാർക്ക് നഷ്ടമാകുന്നത്. ഇതിന് കാരണമെന്ത്?
ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തിന്‍റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഡിജിറ്റൽ മാർക്കറ്റിൽ മുന്നേറ്റനിരയിലുള്ള ഇന്ത്യയിൽ പക്ഷേ, ആപ്ലിക്കേഷനുകൾ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസർക്കാരിന്‍റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേന്ദ്ര ഐടി മന്ത്രാലയത്തിന് ലഭിച്ച വിവിധ പരാതികളിൽ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളുണ്ടായിരുന്നുവെന്ന് ഉത്തരവ് പറയുന്നു. ആൻഡ്രോയ്‍ഡ്, ഐഒഎസ് പ്ലാറ്റ്‍ഫോമുകളിൽ ഉള്ള നിരവധി ആപ്ലിക്കേഷനുകൾ ഇത് ഉപയോഗിക്കുന്ന യൂസേഴ്സിന്‍റെ ഡാറ്റ് പലതും അനധികൃതമായി ഇന്ത്യക്ക് പുറത്തുള്ള സർവറുകളിലേക്ക് മാറ്റുന്നതായി കണ്ടെത്തി. ഈ ഡാറ്റ മുഴുവൻ ഉപയോഗിച്ചും, വിലയിരുത്തിയും വിശകലനം ചെയ്തും, ഇന്ത്യക്കാരുടെ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിൽ ഇത് ഉപയോഗിക്കുന്നതായി കേന്ദ്രസർക്കാരിന് വിവരം ലഭിച്ചെന്നും, ഇത് രാജ്യത്തിന്‍റെ സുരക്ഷാസംവിധാനത്തെത്തന്നെ ബാധിക്കുന്നതാണെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. അതിനാലാണ് അടിയന്തരമായി ഈ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള ഉത്തരവിറക്കിയതെന്നും കേന്ദ്ര ഐടി മന്ത്രാലയം അറിയിക്കുന്നു.
ഇന്ത്യ - ചൈന അതിർത്തി തർക്കം അതീവസങ്കീർണമായ സ്ഥിതിയിലെത്തി നിൽക്കുമ്പോഴാണ് ഈ കേന്ദ്രതീരുമാനമെന്നതും ശ്രദ്ധേയമാണ്.
നിരോധിച്ച ആപ്ലിക്കേഷനുകളുടെ പട്ടിക ഇതാ: