ബിഎസ്എന്‍എല്‍ ഓഫര്‍ ഫെസ്റ്റിവല്‍ അവസാനിക്കുന്നില്ല; ഇതാ അടിപൊളി പ്ലാന്‍
ഇപ്പോള്‍ ഭാരത് ഫൈബര്‍ കണക്ഷന്‍ എടുത്താല്‍ പലതുണ്ട് ഗുണം, ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകള്‍ അറിയാം
ദില്ലി: ഭാരത് ഫൈബറിന് ഫെസ്റ്റിവല്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ച് പൊതുമേഖല ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ ബിഎസ്എന്‍എല്‍. ഏറ്റവും ചെറിയ പ്രതിമാസ പ്ലാനിന്‍റെ വില 499 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 100 രൂപ കുറച്ച് 399 രൂപയിലേക്ക് ബിഎസ്എന്‍എല്‍ താഴ്ത്തി. മൂന്ന് മാസത്തേക്കാണ് ഈ തുകയ്ക്ക് ഭാരത് ഫൈബര്‍ സേവനം ലഭിക്കുക. ഈ കാലയളവിന് ശേഷം 499 രൂപ തന്നെയായിരിക്കും ബിഎസ്എന്‍എല്‍ ഈടാക്കുക. 3300 ജിബി ഉപയോഗിക്കും വരെ 60 എംബിപിഎസ് എന്ന മികച്ച വേഗം ബിഎസ്എന്‍എല്‍ ഫൈബര്‍ വാഗ്‌ദാനം ചെയ്യുന്നു. ഇതിന് ശേഷം 4 എംബിപിഎസ് ആയിരിക്കും വേഗം.
ഇപ്പോള്‍ ഭാരത് ഫൈബര്‍ കണക്ഷന്‍ എടുത്താല്‍ ആദ്യ മാസം സര്‍വീസ് സൗജന്യവുമായിരിക്കും. മറ്റ് ഇന്‍റര്‍നെറ്റ് സേവനദാതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച ഓഫറാണ് ബിഎസ്എന്‍എല്‍ വച്ചുനീട്ടിയിരിക്കുന്നത്. മികച്ച ഇന്‍റര്‍നെറ്റ് വേഗവും ബിഎസ്എന്‍എല്ലിന്‍റെ പ്രത്യേകതയാണ്.
ബിഎസ്എന്‍എല്‍ 24-ാം വാര്‍ഷികം പ്രമാണിച്ച് മൊബൈല്‍ യൂസര്‍മാര്‍ക്കായി കമ്പനി അടുത്തിടെ പ്രത്യേക റീച്ചാര്‍ജ് ഓഫര്‍ അവതരിപ്പിച്ചിരുന്നു. 500 രൂപയ്ക്ക് മുകളില്‍ വിലയുള്ള റീച്ചാര്‍ജുകള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 24 ജിബി അധിക ഡാറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഈ പരിമിതകാല ഓഫര്‍ ലഭിക്കണമെങ്കില്‍ ഒക്ടോബര്‍ 1നും 24നും മധ്യേ റീച്ചാര്‍ജ് ചെയ്യണം. രാജ്യത്ത് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ കുത്തൊഴുക്കുണ്ട്. ഈ സുവര്‍ണാവസരം മുതലാക്കി മികച്ച ഓഫറുകള്‍ മുന്നോട്ടുവെക്കുകയാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍.
Read more: 24 ജിബി ഡാറ്റ സൗജന്യം! ഇതിൽ ആളുകൾ വീഴും, ഇല്ലെങ്കില്‍ ബിഎസ്എന്‍എല്‍ വീഴ്‌ത്തും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം