മാരകമായ ബ്ലീഡിങ് ഐ ഫിവര്‍ ആഫ്രിക്കയില്‍ പരക്കുന്നു
കംബാല: പ്ലേഗിനേക്കാളും എബോളയേക്കാളും മാരകമായ പകര്‍ച്ച വ്യാധി ആഫ്രിക്കയില്‍ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. മാരകമായ ബ്ലീഡിങ് ഐ ഫിവര്‍ സൗത്ത് സുഡാനില്‍ കഴിഞ്ഞ ഡിസംബറില്‍ രോഗം ബാധിച്ചു മൂന്നു പേര്‍ മരണമടഞ്ഞിരുന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉഗാണ്ടയില്‍ ഒരു ഒന്‍പതുവയസ്സുകാരി കൂടി ഈ അജ്ഞാത രോഗം പിടിപ്പെട്ട് മരണമടഞ്ഞതോടെ ഗൗരവമേറിയ മുന്നറിയിപ്പാണ് ഈ രോഗത്തിന് എതിരെ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്നത്.
2014-16 കാലയളവില്‍ ആഫ്രിക്കയെ പിടിച്ചുകുലുക്കിയ എബോളയേക്കാള്‍ ഭീകരമാകാം ഈ രോഗമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒരു ഗര്‍ഭിണിയുള്‍പ്പടെ മൂന്നു പേരാണ് ഡിസംബറില്‍ ഈ രോഗബാധ നിമിത്തം സൗത്ത് സുഡാനില്‍ മരണമടഞ്ഞത്. നിലവില്‍ അറുപതുപേര്‍ രോഗബാധയുണ്ടോ എന്ന നിരീക്ഷണത്തിലാണ്.
സുഡാന്‍ ഹെല്‍ത്ത് കെയര്‍ മിഷന്‍റെ കീഴിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. സുഡാന്‍റെ അയല്‍രാജ്യമായ ഉഗാണ്ടയില്‍ കഴിഞ്ഞ ദിവസം ഇതേരോഗത്തെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി മരിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവകരമായിരിക്കുകയാണ്.
ചെളിയില്‍ നിന്നും രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയുമാണ് രോഗം പകരുന്നത്. കടുത്ത തലവേദന, ഛര്‍ദ്ദി, ശരീര വേദന, വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍.