'ചൈന വേണ്ട ഇന്ത്യ മതി'; ഐഫോൺ 17 ഇന്ത്യയിൽ നിർമിച്ചേക്കും, മോദിയുടെ പ്രോത്സാഹനം തുണയാകുമോ ?
ആപ്പിൾ തങ്ങളുടെ പുതിയ പ്രൊഡക്ടായ ഐഫോൺ 17 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകള്‍.
ദില്ലി: ആപ്പിൾ ചൈനയെ കൈ വിട്ട് ഇന്ത്യയിൽ ഐ ഫോൺ നിർമ്മിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ചൈനയ്ക്കു പുറമെ ഒരു നിർമാണ കേന്ദ്രം ആപ്പിൾ തുടങ്ങുക ഇന്ത്യയിലായിരിക്കുമെന്നാണ് വിലയിരുത്തൽ. പ്രശസ്ത അനലിസ്റ്റ് മിംഗ് ചി കുവോ ഇക്കാര്യം അടുത്തിടെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോത്സാഹനം ആപ്പിളിനെ ഇന്ത്യയിലേക്ക് അടുപ്പിക്കുമെന്നാണ് പ്രതീക്ഷ. ആപ്പിൾ തങ്ങളുടെ പുതിയ പ്രൊഡക്ടായ ഐഫോൺ 17 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകള്‍.
ആപ്പിളിനായി ഇന്ത്യയിൽ ടാറ്റ ഐ ഫോൺ നിർമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നേരത്തെ അറിയിച്ചിരുന്നു. ആഭ്യന്തര, ആഗോള വിപണികൾക്കായി രണ്ടര വർഷത്തിനകം ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ ആപ്പിൾ ഐഫോണുകളുടെ നിർമ്മാണം ആരംഭിക്കുമെന്നാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്. ഇതോടെയാണ് ഐ ഫോൺ നിർമാണം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നുവെന്ന വാർത്തകള്‍ക്ക് ചൂടുപിടിച്ചത്.
ആപ്പിൾ കമ്പനിയുടെ മൊത്തം ഉൽപാദനത്തിന്റെ കാൽശതമാനത്തോളം ഇന്ത്യൻ വിപണിയിൽ നിർമിക്കുമെന്നാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്. 2022ൽ ഇന്ത്യയിൽനിന്ന് 5 ബില്യൻ ഡോളറിന്റെ (ഏകദേശം 41,200 കോടി രൂപ) ഉപകരണങ്ങളാണ് ആപ്പിൾ കയറ്റുമതി ചെയ്തത്. ആപ്പിൾ വിതരണക്കാരായ വിസ്ട്രോൺ കോർപറേഷന്റെ പ്രവർത്തനങ്ങൾ ടാറ്റ ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്തിരുന്നു.
ഈ വർഷം ആദ്യം വിസ്ട്രോൺ കോർപറേഷനിലൂടെ ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 15, 15 പ്ലസ് എന്നിവയുടെ ഉത്പാദനം ആരംഭിച്ചിരുന്നു. 2024 വരെ 180 കോടി ഐഫോണുകൾ നിർമ്മിക്കാനുള്ള കരാർ വിസ്ട്രോണിനുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഐഫോൺ നിർമ്മാണരംഗത്തെത്തുന്നത്. ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകളുടെ അനുപാതം 2024 ഓടെ ആഗോള ഉൽപ്പാദനത്തിന്റെ 25 ശതമാനമായി വർധിക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ അഭിപ്രായപ്പെട്ടിരുന്നു. ഇത് നിലവിൽ 14 ശതമാനമാണ്. ആപ്പിള്‍ കേരളത്തിൽ നിർമ്മാണം ആരംഭിച്ചാൽ പ്രധാനമന്ത്രിയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് വലിയ കരുത്താകും.
Read More : 'വെടി നിർത്തൽ അജണ്ടയിലില്ല'; ഗാസ നഗരം വളഞ്ഞ് ഇസ്രയേൽ, ഹമാസ് കേന്ദ്രങ്ങൾ തകർത്തു, പൊലിഞ്ഞത് 9000 ജീവൻ