ആമസോണ്‍ ഫ്ലിപ്പ്കാര്‍ട്ടിനെ ആപ്പ് ഡൗണ്‍ലോഡില്‍ മറികടന്നു
ബംഗലൂരു: ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ മാസങ്ങളായി ആമസോണും, ഫ്ലിപ്പ്കാര്‍ട്ടും തമ്മിലുള്ള മത്സരമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ മത്സരത്തില്‍ ആമസോണ്‍ വിപണിയില്‍ മേല്‍ക്കൈ നേടി എന്നാണ് ടെക് വൃത്തങ്ങളും, വിപണി നിരീക്ഷകരും പറയുന്നത്. അതിനിടയില്‍ ഫ്ലിപ്പ്കാര്‍ട്ടിന് അത്ര സന്തോഷമുണ്ടാകാത്ത വാര്‍ത്തകളാണ് വീണ്ടും വരുന്നത്. മൊബൈല്‍ ആപ്ലികേഷന്‍ ഡൗണ്‍ലോഡില്‍ ആമസോണ്‍ ഫ്ലിപ്പ്കാര്‍ട്ടിനെ പിന്തള്ളിയെന്നാണ് പുതിയ വാര്‍ത്ത.
ആമസോണ്‍ മൊബൈല്‍ ആപ്പാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന ഇ-കോമേഴ്സ് വെബ് സൈറ്റ് എന്നാണ് സിമിലര്‍ വെബ് എന്ന വിപണി നിരീക്ഷണ സ്ഥാപനത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആമസോണ്‍ ഈ വര്‍ഷത്തിന്‍റെ ആദ്യപാദങ്ങളില്‍ ആപ്പ് ഡൗണ്‍ലോഡില്‍ നേടി ആധിപത്യം തുടരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലും, ഐഒഎസ് പ്ലാറ്റ്ഫോമിലും ആമസോണ്‍ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഗൂഗിള്‍ പ്ലേസ്റ്റോറിലെ പുതിയ റാങ്കിങ്ങ് പ്രകാരം ഏറ്റവും പോപ്പുലറായ ആപ്പുകളില്‍ ആമസോണ്‍ 11 സ്ഥാനത്താണ്. എന്നാല്‍ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ റാങ്കിങ്ങ് 17നും 16നും ഇടയില്‍ ചാഞ്ചാടി കളിക്കുകയാണ്.
കോംസ്കോറിന്‍റെ കണക്ക് പ്രകാരം ഡെസ്ക്ടോപ്പിലും ആമസോണ്‍ ഫ്ലിപ്പ്കാര്‍ട്ടിന് മുകളില്‍ ആധിപത്യം തുടരുകയാണ്. ആമസോണ്‍ സൈറ്റ് ഇന്ത്യന്‍ റാങ്കിങ്ങില്‍ 128 സ്ഥാനത്ത് നില്‍ക്കുമ്പോള്‍, ഫ്ലിപ്പ്കാര്‍ട്ട് 223 സ്ഥാനത്താണ്.