കര്‍ണാടകയിലെ ഐഫോണ്‍ പ്ലാന്‍റിലുണ്ടായ നഷ്ടം 437.4 കോടിരൂപയുടേതെന്ന് കമ്പനി
വേതനത്തെച്ചൊല്ലിയുള്ള തകര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മൊബൈല്‍ ഫോണ്‍, ഓഫീസ് ഉപകരണങ്ങള്‍, നിര്‍മ്മാണ സാമഗ്രഹി എന്നിവയ്ക്ക് മാത്രമുള്ള നഷ്ടം 412.5 കോടിയാണെന്നാണ് റിപ്പോര്‍ട്ട്.
ബെംഗളുരു: കർണാടകയിലെ കോലാറിലെ ഐ ഫോണ്‍ പ്ലാന്‍റിലുണ്ടായ അക്രമത്തില്‍ സംഭവിച്ച നഷ്ടം 437.40 കോടി രൂപയെന്ന് കമ്പനി. തായ്‌വാൻ അടിസ്ഥാനമായ വിസ്ട്രോണിന്റെ പ്ലാന്റാണ് കഴിഞ്ഞ ദിവസം ഒരു സംഘം ജീവനക്കാര്‍ അടിച്ച് തകര്‍ത്തത്. കെട്ടിടത്തിനും സ്ഥാപനത്തിന്‍റെ വാഹനത്തിനും അഗ്നിബാധയും വിലയേറിയ ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടവും കംപ്യൂട്ടറികളുടെ നഷ്ടവും മോഷണം അടക്കം കമ്പനിക്കുണ്ടായ നഷ്ടം 437.40 കോടി രൂപ വരുമെന്നാണ് വിലയിരുത്തുന്നത്.
കമ്പനി എക്സിക്യുട്ടീവായ ടി ഡി പ്രശാന്ത് വേമഗല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേതനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മൊബൈല്‍ ഫോണ്‍, ഓഫീസ് ഉപകരണങ്ങള്‍, നിര്‍മ്മാണ സാമഗ്രഹി എന്നിവയ്ക്ക് മാത്രമുള്ള നഷ്ടം 412.5 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. 1.5 കോടി രൂപയുടെ ഫോണുകള്‍ നഷ്ടമായെന്നും പരാതി വിശദമാക്കുന്നു. കരാര്‍ തൊഴിലാളികളായ 5000 പേരും അപരിചിതരായ 2000 പേരുമാണ് അക്രമത്തിന് പിന്നിലെന്നാണ് പരാതിയിലെ ആരോപണം.
രണ്ട് മാസത്തിലേറെയായി വിസ്ട്രോൺ കോർപ്പ് പലർക്കും വേതനം നൽകിയിട്ടില്ലെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. ഒപ്പം അധികമായി ജോലി എടുപ്പിക്കുന്നുവെന്നും ജീവനക്കാർ പറഞ്ഞു. കോലാറിലെ പ്ലാന്റിന് പുറത്ത് ആയിരത്തിലധികം ജീവനക്കാരാണ് കഴിഞ്ഞദിവസം ഒത്തുകൂടി കമ്പനിക്കെതിരെ ആക്രമണം നടത്തിയത്. പ്രതിമാസം 12,000 രൂപ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. ഫാക്ടറീസ് ആക്റ്റ് അനുസരിച്ച്, ജോലി സമയം പ്രതിദിനം 8 മണിക്കൂർ ആണ്.
എന്നാൽ കമ്പനി തങ്ങളെ 12 മണിക്കൂർ ജോലിചെയ്യിപ്പിക്കുന്നുണ്ടെന്ന് ജീവനക്കാർ ആരോപിക്കുന്നത്. എന്നാല്‍ കോലാറിലെ വിസ്ട്രോൺ കോർപ്പ് പ്ലാന്റിലെ ജീവനക്കാർക്ക് യൂണിയൻ ഇല്ലെന്നും അതിനാൽ തൊഴിൽ അവകാശങ്ങൾക്കായി പോരാടുന്നത് ബുദ്ധിമുട്ടാണെന്നും അഖിലേന്ത്യാ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻ സെക്രട്ടറി സത്യനാരായണൻ പറയുന്നത്.