ഇനി മിഠായി വാങ്ങാനുള്ള പണം സ്വരുക്കൂട്ടണ്ട, കുട്ടിക്കൂട്ടത്തിന് ഫുട്ബോളും, ജഴ്സിയും കിട്ടി; വീഡിയോ
പൊട്ടിപ്പോയ ഫുട്ബോള്‍ മേടിക്കാന്‍ യോഗം നടത്തി മിഠായി വാങ്ങാന്‍ ഉപയോഗിക്കുന്ന പണം പിരിവായി നല്‍കണം എന്ന് പറഞ്ഞ് കൊച്ചുമിടുക്കര്‍ നടത്തിയ യോഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മലപ്പുറം: മിഠായി വാങ്ങാനുള്ള പണം സ്വരുക്കൂട്ടി ഇനി ഫുട്ബോളും, ജഴ്സിയും വാങ്ങണ്ട. മലപ്പുറത്തെ ആ ചുണക്കുട്ടികള്‍ക്ക് ഫുട്ബോളും, ജഴ്സിയുമായി ചലചിത്രതാരം ഉണ്ണിമുകുന്ദനും സ്പെയിന്‍ സ്വദേശിയായ ഫുട്ബോള്‍ കോച്ചുമടക്കം നിരവധിയാളുകളാണ് എത്തിയത്. പൊട്ടിപ്പോയ ഫുട്ബോള്‍ മേടിക്കാന്‍ യോഗം നടത്തി മിഠായി വാങ്ങാന്‍ ഉപയോഗിക്കുന്ന പണം പിരിവായി നല്‍കണം എന്ന് പറഞ്ഞ് കൊച്ചുമിടുക്കര്‍ നടത്തിയ യോഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ സൂപരിചിതനായ സുശാന്ത് നിലമ്പൂരാണ് വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നത്. സുശാന്ത് തന്നെയാണ് കുട്ടികള്‍ക്ക് പന്തും, ജഴ്സിയും ലഭിച്ച വിവരം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുള്ളത്. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഫുട്ബോള്‍ കോച്ചിങ് നല്‍കാനും തയ്യാറാണെന്നും സമൂഹമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞെത്തിയവര്‍ പറയുന്നു.
"
ഓലമടലിന് മുകളില്‍ ഒരു ഉണങ്ങിയ മരക്കൊമ്പ് വളച്ചുവച്ച് അത് മൈക്കാക്കി നടത്തിയ പ്രസംഗവും പിരിവ് നടത്താനുള്ള യോഗവും രസകരമായിരുന്നു. ചെറിയ കുട്ടികള്‍ മുതിര്‍ന്നവര്‍ കാണിക്കുന്ന പക്വതയോടെ സംസാരിച്ച് തുടങ്ങിയതോടെ യോഗം മുതിര്‍ന്നവരുടെ ഹൃദയം കവര്‍ന്നുവെന്ന് ചുരുക്കം.