'ഇത്ര നല്ല കഥാപാത്രം ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ല', മനസ് തുറന്ന് 'വാനമ്പാടി'യിലെ ചന്ദ്രേട്ടൻ
'ഇടയ്ക്ക് വച്ച് ചില പ്രശ്നങ്ങളുണ്ടാക്കി എന്നെ ആ സീരിയലിൽ നിന്ന് ഒഴിവാക്കി'
സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത വാനമ്പാടി. അവസാന എപ്പിസോഡ് വരെ റേറ്റിംഗിലും മുന്നിലായിരുന്നു ഈ പരമ്പര. ഇന്നും വാനമ്പാടിയിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞ് നിൽക്കുകയാണ്. സീരിയലിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രം ചെയ്തവരിൽ ഒരാളാണ് നടൻ ബാലു മേനോൻ. അദ്ദേഹത്തിന്‍റെ ആദ്യ സീരിയലായിരുന്നു വാനമ്പാടി.
ഇത്ര നല്ല കഥാപാത്രം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പറയുന്നു ബാലു മേനോന്‍. സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറക്കുന്നത്. സീരിയലിലെ നായകൻ ഞാൻ തന്നെയാണെന്ന് എനിക്ക് തോന്നിപ്പോയി. യഥാർത്ഥത്തിൽ നായക കഥാപാത്രം സായ് കിരൺ ആണ് ചെയ്തത്. പക്ഷെ ജനങ്ങളുടെ മനസ്സിൽ നായക സ്ഥാനം തനിക്കായിരുന്നെന്നും ഇദ്ദേഹം പറയുന്നു. വാനമ്പാടിയിൽ ഇടയ്ക്ക് വെച്ച് തന്റെ കഥാപാത്രത്തെ ഒഴിവാക്കിയ സംഭവും ബാലു മേനോൻ ഓർക്കുന്നുണ്ട്.
"ഇടയ്ക്ക് വച്ച് ചില പ്രശ്നങ്ങളുണ്ടാക്കി എന്നെ ആ സീരിയലിൽ നിന്ന് ഒഴിവാക്കി. തബലയൊക്കെ വായിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുന്ന സീൻ ആണ്. അന്ന് സീരിയലിൽ നിന്ന് ഒഴിവാക്കുകയാണെന്ന ബോധം എനിക്കില്ലായിരുന്നു. ജനങ്ങളാകെ പ്രശ്നമാക്കി. അങ്ങനെ രണ്ടാമതൊരു എൻട്രി എനിക്ക് തരേണ്ടി വന്നു. ജനങ്ങളുടെ സ്നേഹം കൊണ്ടാണ് എനിക്ക് രണ്ടാമതും അവസരം ലഭിച്ചത്", ബാലു മേനോൻ പറയുന്നു. സീരിയൽ രംഗത്ത് തനിക്ക് സുഹൃത്തുക്കൾ കുറവാണെന്നും അദ്ദേഹം പറയുന്നു.
ഒരിക്കലും സീരിയൽ ഒരു ജീവിതമാർഗമാക്കരുത്. സീരിയൽ ഒരിക്കലും പ്രധാന ജോലിയായി എടുക്കാൻ പറ്റില്ല. എന്തുകൊണ്ടാണെന്ന് വ്യക്തമായി പറഞ്ഞാൽ ചിലപ്പോൾ അവസരങ്ങൾ നഷ്ടപ്പെടും. തുറന്ന് സംസാരിക്കാൻ പറ്റാത്ത മേഖലയാണ് സീരിയൽ മേഖലയെന്നും ബാലു മേനോൻ പറഞ്ഞു. മുറ്റത്തെ മുല്ല എന്ന സീരിയലിലാണ് നടൻ ഇപ്പോൾ അഭിനയിക്കുന്നത്.
ALSO READ : 'നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന വിവരം'; സഹമത്സരാര്‍ഥികളുമായി സംവദിച്ച് റിനോഷ്
WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും: ബിബി ടോക്ക് കാണാം