'ചില രംഗങ്ങൾ അഭിനയിക്കുമ്പോള്‍ ആലോചിക്കും, ദൈവമേ അമ്മയോട് ഞാൻ ഇതൊന്നും ചെയ്തിട്ടില്ലല്ലോന്ന്', മിഥുൻ പറയുന്നു
രണ്ടു വയോധികരുടെ സൗഹൃദത്തിന്‍റെയും ഒപ്പം അമ്മയെ മക്കളും മരുമക്കളും അടക്കമുള്ളവർ ദ്രോഹിക്കുന്നതിന്‍റെയും കഥയാണ് ഏഷ്യാനെറ്റ് പരമ്പര സസ്നേഹം പറയുന്നത്.
രണ്ടു വയോധികരുടെ സൗഹൃദത്തിന്‍റെയും ഒപ്പം അമ്മയെ മക്കളും മരുമക്കളും അടക്കമുള്ളവർ ദ്രോഹിക്കുന്നതിന്‍റെയും കഥയാണ് ഏഷ്യാനെറ്റ് പരമ്പര സസ്നേഹം(Sasneham) പറയുന്നത്. ജീവിത യാഥാർത്ഥ്യങ്ങൾ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് പരമ്പര. ഇപ്പോഴിതാ പരമ്പരയിലെ മിഥുൻ മേനോന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മിഥുൻ മനസ് തുറന്നത്.
പരമ്പരയില്‍ ഭാര്യയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഭർത്താവായാണ് താരം എത്തുന്നത്. പല രംഗങ്ങളിലും അമ്മയെ വേദനിപ്പിക്കുന്ന സീനുകൾ അഭിനയിക്കുമ്പോൾ തനിക്ക് വലിയ വിഷമമുണ്ടെന്ന് താരം പറയുന്നു. ചില രാത്രികൾ എനിക്ക് ഉറങ്ങാൻ പോലും കഴിയില്ല. അന്നത്തെ ദിവസം അഭിനയിച്ച രംഗങ്ങളെക്കുറിച്ചു ഓർക്കും. അപ്പോൾ ആ നിമിഷം ആലോചിക്കും, 'ഞാനൊരിക്കലും എന്റെ അമ്മയോട് ഇങ്ങനെ ചെയ്തിട്ടില്ലല്ലോ എന്ന്' ആ ചിന്ത അലട്ടുമായിരുന്നു. പിന്നെ അത് ഒരു കഥാപാത്രം മാത്രമാണെന്ന് ഓർക്കും- മിഥുൻ പറഞ്ഞു.
പരമ്പരയെ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. കഥ നേരത്തെ തന്നെ ഇഷ്ടമായി. മാതാപിതാക്കളെ പട്ടിക്കൂട്ടിൽ അടയ്ക്കുകയും, അമ്പല നടയിൽ തള്ളുകയും ചെയ്യുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കഥകൾ ഏറെ പ്രസക്തമാണെന്നു തോന്നുന്നു. വില്ലൻ വേഷം ചെയ്യാനാണ് താൽപര്യം. സീരിയലുകളിൽ സ്ത്രീകൾക്കാണ് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. അതുകൊണ്ടു തന്നെ പുരുഷൻമാർക്ക് പ്രാധാന്യം ലഭിക്കില്ലെന്നും, പതിയെ ഞങ്ങളെയും പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങുമെന്നും മിഥുൻ പറഞ്ഞു.