ലോക്കപ്പില്‍ നിന്നും പുറത്തിറങ്ങി 'ശിവാഞ്ജലി'; 'സാന്ത്വനം' റിവ്യൂ
സിസിടിവി ഫൂട്ടേജ് പരിശോധിക്കുന്ന പൊലീസ് ശിവാഞ്ജലിമാര്‍ നിരപരാധികളാണെന്ന് മനസിലാക്കുന്നു
സാന്ത്വനം പരമ്പരയില്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ ജോഡികളാണ് ശിവാഞ്ജലി. ആദ്യമെല്ലാം കഥ ശിവാഞ്ജലിയുമായി ബന്ധപ്പെട്ടായിരുന്നെങ്കില്‍ പിന്നീടത് മാറി എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം കിട്ടിയിരുന്നു. എന്നാലും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ ഇപ്പോഴും ശിവനും അഞ്ജലിയും തന്നെയാണ്. പെട്ടുപോയ ഒരു ഊരാക്കുടുക്കില്‍ നിന്നും പുറത്ത് വന്നിരിക്കുകയാണ് ശിവാഞ്ജലി. നാഗര്‍കോവിലിലേക്ക് യാത്ര തിരിച്ച ശിവനും അഞ്ജലിയും പെട്രോള്‍ തീര്‍ന്ന് പെരുവഴിയിലാവുകയും അതുവഴി വന്ന കാറില്‍ കയറി പെട്രോള്‍ വാങ്ങാനായി പോകവെ ചില സംഭവവികാസങ്ങളില്‍ പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തുകയുമായിരുന്നു.
ഇരുവരും കൈകാണിച്ച് കയറിയ കാര്‍ ഒരു അപകടത്തില്‍ പെടുകയായിരുന്നു. കാര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടപ്പോള്‍ കുടുങ്ങിയ ശിവാഞ്ജലിയെ കാറിലെ കഞ്ചാവ് അടക്കം പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശക്തമായ തെളിവുകളാണ് നിങ്ങള്‍ക്കെതിരെയുള്ളതെന്നും പുറത്തിറങ്ങണമെങ്കില്‍ കുറച്ച് ബുദ്ധിമുട്ടാണെന്നുമൊക്കെ പൊലീസ് ശിവാഞ്ജലിയോട് പറയുന്നുണ്ട്. അതെല്ലാം കേട്ട് നില പരുങ്ങലിലായ ഇരുവരും ജയിലിന് വെളിയില്‍ എത്തുന്നതാണ് പുതിയ എപ്പിസോഡ്. മക്കള്‍ സ്‌റ്റേഷനിലുണ്ട് എന്നറിഞ്ഞ അഞ്ജലിയുടെ അച്ഛന്‍ ശങ്കരന്‍, സാന്ത്വനം വീട്ടിലെത്തി ഹരിയെയും കൂട്ടി സ്‌റ്റേഷനിലേക്ക് ഇറങ്ങുകയാണ്. സംഗതി പിടികിട്ടിയ അമ്മ സാവിത്രിയ്ക്ക് ഉറക്കവും ഊണുമില്ലാതെ ഇരിക്കുകയാണ്.
അതേസമയം പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന അപ്പുവിന് എങ്ങനെയെങ്കിലും ഡിസ്ചാര്‍ജ് വാങ്ങാനുള്ള ശ്രമത്തിലാണ് തമ്പി. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയാല്‍ ഹോം നഴ്‌സിനെ വച്ച് പരിചരിക്കാനാണ് തമ്പിയുടെ ഉദ്ദേശ്യം. അത് ഡോക്ടറോട് പറയുമ്പോള്‍, വലിയ താല്പര്യമില്ലെങ്കിലും എഴുതി ഒപ്പിട്ടുതന്നാല്‍ മകളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ പറയുന്നത്. അത് അറിയുന്ന അപ്പുവാകട്ടെ മകളെ എപ്പോഴും കണ്ടുകൊണ്ട് ഇരിക്കാമല്ലോയെന്ന സന്തോഷത്തിലുമാണ്. അതിനിടെ തമ്പിയോട് ശിവന്റെയും അഞ്ജലിയുടെയും കാര്യങ്ങളെല്ലാം അപ്പു തിരക്കുന്നുമുണ്ട്.
സിസിടിവി ഫൂട്ടേജ് പരിശോധിക്കുന്ന പൊലീസിന് ശിവാഞ്ജലിമാര്‍ നിരപരാധികളാണെന്ന് മനസിലാവുകയും വിട്ടയയ്ക്കുകയും ചെയ്യുന്നതുവരെയാണ് പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡുള്ളത്. എന്നാല്‍ അതിനിടെ സാന്ത്വനത്തിലെ ബാലനെ കാണാതായിരിക്കുകയാണ്. സാവിത്രി കുറ്റപ്പെടുത്തിയ സമയത്ത് ശിവാഞ്ജലിയെ പുറത്തിറക്കിയിട്ടേ താനിനി ഇങ്ങോട്ടുള്ളൂ എന്ന് പറഞ്ഞുകൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങിയ ബാലനെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. അത് മറ്റൊരു സസ്‌പെന്‍സിലേക്കുള്ള നീക്കമാണോ എന്നാണ് പ്രേക്ഷകരുടെ സംശയം.
ALSO READ : ബജറ്റ് 125 കോടി; 'കിസീ കാ ഭായ്' സല്‍മാന്‍ ഖാന് നേടിക്കൊടുത്ത ലാഭമെത്ര?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം