ഹൃദയമിടിപ്പോടെ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി 'സാന്ത്വനം'; സീരിയല്‍ റിവ്യൂ
പ്രേക്ഷകരെ ടെന്‍ഷനിലാക്കി പുതിയ എപ്പിസോഡ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് 'സാന്ത്വനം'. 'പാണ്ഡ്യന്‍ സ്റ്റോഴ്സ്' എന്ന തമിഴ് പരമ്പരയുടെ റീമേക്കാണ് 'സാന്ത്വനം'. മിക്ക ഇന്ത്യന്‍ ഭാഷയിലും സംപ്രേഷണം ചെയ്യുന്ന പരമ്പര എല്ലാ ഭാഷകളിലും മികച്ച റേറ്റിംഗോടെയാണ് മുന്നേറുന്നത്. 'കൃഷ്ണ സ്റ്റോഴ്സ്' നടത്തുന്ന 'സാന്ത്വനം' കുടുംബത്തിന്റെ, വീടിനകത്തും പുറത്തുമുള്ള ജീവിതമാണ് പരമ്പര പറയുന്നത്. കൂട്ടുകുടുംബത്തിലെ സ്നേഹവും പരിഭവങ്ങളും സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതില്‍ പരമ്പര നല്ല രീതിയില്‍ തന്നെ വിജയിച്ചിട്ടുണ്ട്. സാന്ത്വനം വീട്ടിലെ അച്ഛന്റെ മരണശേഷം ഏട്ടനായ 'ബാലനും' ഏട്ടന്റെ ഭാര്യയായ ദേവിയുമാണ് കുടുംബത്തിന്‍റെ മേല്‍നോട്ടം. സഹോദരങ്ങള്‍ക്ക് കിട്ടേണ്ട സ്നേഹം കുറഞ്ഞുപോകുമോ എന്ന ആധിയില്‍, തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ടായെന്നാണ് 'ബാലനും' 'ദേവി'യും തീരുമാനിക്കുന്നത്.
ബാലന്റെ അനിയന്മാരുടെ വിവാഹം കഴിഞ്ഞതുമുതല്‍ വീട്ടിലൊരു കുഞ്ഞിക്കാലിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബാലനും ദേവിയുമാണ്. വര്‍ഷങ്ങളേറെ കഴിഞ്ഞ് മെഡിക്കല്‍ സഹായത്തോടെ ദേവിക്ക് പ്രസവം പറ്റുമോയെന്ന് ബാലനും ദേവിയും നോക്കുന്നെങ്കിലും, ദേവിയുടെ പ്രായം തടസ്സമാകുകയായിരുന്നു. തങ്ങള്‍ക്കില്ലാതായിപ്പോയ ഒരു കുഞ്ഞുസ്‌നേഹം അനിയന്‍മാരുടെ കുഞ്ഞുങ്ങളിലൂടെ വരുന്നത് കാത്തിരിക്കുന്ന ബാലനും ദേവിക്കും സന്തോഷവാര്‍ത്ത കൊടുക്കുന്നത് ബാലന്റെ നേര്‍ ഇളയവനായ ഹരിയും ഭാര്യ 'അപ്പു' വുമാണ്. എന്നാല്‍ അപ്പുവിന്റേയും ഹരിയുടേയും വീട്ടുകാര്‍ തമ്മിലെ പ്രശ്‌നങ്ങള്‍ പരമ്പരയിലാകെ പ്രശ്‌നം സൃഷ്ടിക്കുകയും കുഞ്ഞെന്ന മോഹം നടക്കില്ലേ എന്ന് പ്രേക്ഷകരും, സാന്ത്വനം വീട്ടുകാരുമെല്ലാം ശങ്കിച്ചത് കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു. എന്നാല്‍ മറ്റ് പ്രശ്‌നങ്ങള്‍ക്കെല്ലാം അറുതി വരുത്തിക്കൊണ്ട് അപ്പു ഇപ്പോള്‍ വേദനയും കാര്യങ്ങളുമായി പ്രസവമുറിയിലേക്ക് എത്തിയിരിക്കുകയാണ്.
ഹരിയുടെ അിയനായ ശിവന്റെ വിവാഹവും ഹരിയുടേതിന് ഒപ്പമായിരുന്നു. തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിന് എന്ത് പേരിടണമെന്നും, എന്തെല്ലാം വാങ്ങിക്കൊടുക്കണം എന്നത് വരെ മാത്രമേ ശിവന്റേയും അഞ്ജലിയുടേയും ചര്‍ച്ചകള്‍ എത്തിയിട്ടുള്ളു. പ്രസവം ഇത്രയധികം വേദനയാണെങ്കില്‍ അഞ്ജു പ്രസവിക്കേണ്ട എന്നും ശിവന്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ കാര്യങ്ങള്‍ കുറച്ച് സങ്കീര്‍ണ്ണമായാണ് പോകുന്നത്. സാധാരണ പ്രസവത്തിനുള്ള സാധ്യത കുറവാണെന്നും, എത്രയും വേഗം മറ്റ് കാര്യങ്ങള്‍ നോക്കാമെന്നുമാണ് ഡോക്ടര്‍ പറയുന്നത്. അതിനെതിരെ അപ്പുവിന്റെ അച്ഛന്‍ തമ്പി സംസാരിക്കുന്നെങ്കിലും, ഡോക്ടര്‍ തന്റെ രീതിയില്‍ ശരിയായ കാര്യമാണ് ചെയ്യാന്‍ ശ്രമിക്കുന്നത്.
അപ്പുവിന് ബി.പി കൂടുതലാണ്, അതുകൊണ്ട് എത്രയും വേഗം ഓപ്പറേഷന്‍ നടത്തണമെന്നും, അല്ലാത്തപക്ഷം അത് അമ്മയ്ക്കും കുഞ്ഞിന് അത്ര നല്ലതല്ലെന്നുമാണ് ഡോക്ടര്‍ പറയുന്നത്. തമ്പി മോശമായി സംസാരിച്ചതിന് ബാലനും ദേവിയും ക്ഷമ പറയുന്നുമുണ്ട്. പണമല്ല പ്രാര്‍ത്ഥനയാണ് ഇപ്പോളാവശ്യമെന്ന് ഡോക്ടര്‍ പറയുമ്പോള്‍, ബാലനും ദേവിയും പ്രാര്‍ഥനാനിരതരാവുന്നുണ്ട്. പരമ്പരയിലേക്ക് പുത്തന്‍ അതിഥി എത്തുന്നതാണോ, അതോ മറ്റെന്തെങ്കിലും വിപത്താണോ, എന്താണ് പരമ്പര ഒരുക്കിവച്ചിരിക്കുന്നത് എന്നറിയാന്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു.
ALSO READ : 'ആരോഗ്യം എങ്ങനെയുണ്ട്'? ബിഗ് ബോസിന്‍റെ ചോദ്യത്തിന് അഖിലിന്‍റെ മറുപടി