വിവാഹ സല്‍ക്കാരത്തിനൊപ്പം 22 പേരുടെ വിവാഹം; കൈയടി നേടി നടി റെബ മോണിക്ക ജോണും കുടുംബവും

ബംഗളൂരുവില്‍ വച്ച് ജനുവരി 10ന് ആയിരുന്നു റെബയുടെ വിവാഹം

reba monica john wedding reception spandanam samooha vivaham video

വിവാഹ സല്‍ക്കാരവേദിയില്‍ മറ്റ് 22 പേരുടെകൂടി വിവാഹം നടത്തി മാതൃക സൃഷ്ടിച്ച് ഒരു കുടുംബം. നടി റെബ മോണിക്ക ജോണിന്റെ ഭര്‍തൃ കുടുംബമാണ് വിവാഹ സല്‍ക്കാര വേദി ഒരു സമൂഹവിവാഹത്തിന്‍റെ വേദി കൂടിയാക്കി മാറ്റിയത്. വയനാട് മാനന്തവാടി സ്വദേശിയും ദുബൈയില്‍ ഉദ്യോഗസ്ഥനുമായ ജോയ്മോന്‍ ജോസഫുമായുള്ള റെബയുടെ വിവാഹം ജനുവരി 10ന് ബംഗളൂരുവില്‍ വച്ചായിരുന്നു. മാര്‍ച്ച് 27ന് ആണ് വിവാഹ സല്‍ക്കാരവും ഒപ്പം സമൂഹ വിവാഹമേളയും സംഘടിപ്പിച്ചത്. മാനന്തവാടി സെന്‍റ് പാട്രിക് സ്കൂള്‍ ആയിരുന്നു ചടങ്ങിന്റെ വേദി.

മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസ്, ജോളി ഫ്രാന്‍സിസ് എന്നിവരുടെ മകനാണ് ജോയ്മോന്‍ ജോസഫ്. മകന്‍റെ വിവാഹച്ചെലവ് ചുരുക്കി ആ പണം ഉപയോഗിച്ച് സമൂഹവിവാഹം സംഘടിപ്പിക്കുക എന്ന തങ്ങളുടെ ആഗ്രഹം മകനോടും മരുമകളോടും അവര്‍ അറിയിക്കുകയായിരുന്നു. ഇരുവരും പിന്തുണച്ചതോടെ ജനപ്രതിനിധികളുടെയും മറ്റും സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

സ്ത്രീധനത്തിനെതിരായ സന്ദേശം എന്ന നിലയ്ക്കാണ് സമൂഹ വിവാഹം സംഘടിപ്പിച്ചതെന്ന് വ്യവസായി കൂടിയായ ജോസഫ് ഫ്രാന്‍സിസ് പറഞ്ഞു. സ്ത്രീധനം വലിയൊരു വിപത്താണ്. അത് ഈ സമൂഹത്തില്‍ നിന്ന് എടുത്തുമാറ്റാന്‍ ഒരു പ്രചോദനമാവാന്‍ വേണ്ടിയാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. തങ്ങളുടെ വിവാഹ സല്‍ക്കാരം ഇത്തരമൊരു വേദിയില്‍ നടന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് റെബയും ജോയ്മോനും പറഞ്ഞു. ജീവകാരുണ്യ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്പന്ദനം എന്ന സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാന്‍സിസ്. വിവിധ ജാതി, മത വിഭാഗങ്ങളില്‍ പെട്ട 22 പേരുടെ വിവാഹമാണ് ഒരേ വേദിയില്‍ നടന്നത്. വധൂവരന്മാര്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും വസ്ത്രവും ഒപ്പം 2500 പേര്‍ക്ക് വിരുന്നും ഒരുക്കിയിരുന്നു. 

അതേസമയം റെബയുടെയും ജോയ്മോന്‍റെയും പ്രണയവിവാഹമാണ്. ഒരു വർഷം മുമ്പാണ് ജോയ്മോൻ തന്നോട് പ്രണയം പറ‍ഞ്ഞതെന്ന് റെബ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു. കൂടാതെ ഇടയ്ക്കിടെ ജോയ്മോനൊപ്പമുള്ള ഡേറ്റിങ് ചിത്രങ്ങളും റെബ പങ്കുവെക്കാറുണ്ടായിരുന്നു. മലയാളി ആണെങ്കിലും റെബ ബാം​ഗ്ലൂരിലാണ് കുടുംബസമേതം താമസിക്കുന്നത്. താരത്തിന്റെ സിനിമാ അരങ്ങേറ്റം വിനീത് ശ്രീനിവാസൻ സിനിമ ജേക്കബിന്റെ സ്വർ‌​ഗരാജ്യത്തിലൂടെയായിരുന്നു. നിവിൻ പോളി നായകനായ സിനിമ 2016ൽ ആണ് റിലീസ് ചെയ്തത്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ജേക്കബിന്റെ സ്വർ​ഗരാജ്യം വിനീത് ശ്രീനിവാസൻ ഒരുക്കിയത്. ചിപ്പി എന്ന നിവിന്റെ കാമുകിയുടെ വേഷമായിരുന്നു റെബ അവതരിപ്പിച്ചത്. വിജയ് ചിത്രം ബിഗിലിൽ അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടിക്കൊടുത്തു. ജര്‍ഗണ്ടി, ധനുഷ് രാശി നെയ്യാര്‍കളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര്‍ ആണ് റെബയുടെ പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios