പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതിയുമായി തുറന്നകത്ത്; ട്രോളില്‍ മുങ്ങി ബംഗാളിലെ സൂപ്പര്‍താരം.!
ഇദ്ദേഹത്തിന്‍റെ പരാതിയുടെ വിഷയം തന്നെയാണ് ഇദ്ദേഹത്തിന് ട്രോളുകള്‍ ലഭിക്കാന്‍ കാരണമായത്.
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രധാനമന്ത്രിക്കും, ബംഗാള്‍ മുഖ്യമന്ത്രിക്കും തുറന്നകത്ത് എഴുതിയ ബംഗാള്‍ സൂപ്പര്‍താരം പ്രൊസെന്‍ജിത്ത് ചാറ്റര്‍ജിക്ക് ട്രോള്‍ മഴ. ട്വിറ്ററിലാണ് പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും അയച്ച പരാതി കത്ത് ഇദ്ദേഹം പോസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്‍റെ പരാതിയുടെ വിഷയം തന്നെയാണ് ഇദ്ദേഹത്തിന് ട്രോളുകള്‍ ലഭിക്കാന്‍ കാരണമായത്. സ്വിഗ്ഗിയില്‍ ഓഡര്‍ ചെയ്ത് ഭക്ഷണം കൃത്യമായി കിട്ടിയില്ലെന്നതാണ് കത്തിലെ പ്രധാന പരാതി.
'എനിക്ക് നേരിട്ട ഒരു അനുഭവത്തിലേക്ക് നിങ്ങളുടെ ശ്രദ്ധക്ഷണിക്കുകയാണ്. നവംബര്‍ 3ന് ഞാന്‍ സ്വിഗ്ഗിയില്‍ ഒരു ഓഡര്‍ നല്‍കി. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ ഭക്ഷണം എത്തിച്ചെന്ന് ആപ്പില്‍ കാണിച്ചു. എന്നാല്‍ ഓഡര്‍ ചെയ്ത ഭക്ഷണം എനിക്ക് ലഭിച്ചില്ല. സ്വിഗ്ഗിയെ വിഷയം അറിയിച്ചപ്പോള്‍ അവര്‍ പണം മടക്കി തന്നു'- പ്രൊസെന്‍ജിത്ത് ചാറ്റര്‍ജി കത്തില്‍ പറയുന്നു.
'എന്നാല്‍, ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത് ഇത് നാളെ ആര്‍ക്കും സംഭവിക്കാം എന്നതിലേക്കാണ്. ആരെങ്കിലും ഇത്തരം ഫുഡ് ആപ്പ് വച്ച് തന്‍റെ അതിഥികള്‍ക്ക് വേണ്ടി ഭക്ഷണം ഓഡര്‍ ചെയ്ത് അത് വന്നില്ലെങ്കില്‍ എന്ത് ചെയ്യും? ഒരാള്‍ അയാളുടെ അത്താഴത്തിന് ഫുഡ് ആപ്പുകളെ വിശ്വസിച്ച് ഇങ്ങനെ സംഭവിച്ചാലോ? അവര്‍ വിശന്ന് തന്നെ ഇരിക്കണോ? ഇത്തരത്തില്‍ പല സന്ദര്‍ഭങ്ങളും ഉണ്ടാകും. ഇതിനെക്കുറിച്ച് സംസാരിക്കേണ്ടത് അത്യവശ്യമാണെന്ന് തോന്നുന്നു'- പ്രൊസെന്‍ജിത്ത് ചാറ്റര്‍ജി പ്രധാനമന്ത്രിക്കും, ബംഗാള്‍ മുഖ്യമന്ത്രിക്കും എഴുതിയ കത്ത് അവസാനിപ്പിക്കുന്നു.
ഈ പോസ്റ്റിന് പിന്നാലെ ട്വിറ്ററില്‍ നിരവധിപ്പേര്‍ ഇദ്ദേഹത്തിനെതിരെ കമന്‍റുകള്‍ ഇട്ടു. ഇതാണോ വലിയ വിഷയം. ഇത് ദേശീയ സംസ്ഥാന നേതാക്കള്‍ ഇടപെടേണ്ട വിഷയമാണോ എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്ന ചോദ്യം. ഒരാളുടെ മറുപടി ട്വീറ്റ് ഇങ്ങനെ - 'ഇദ്ദേഹം പറയുന്ന വിഷയത്തില്‍ ഇദ്ദേഹത്തെ കളിയാക്കുന്നവരെ ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ഇത് ഒരു ദേശീയ പ്രശ്നമല്ല അന്താരാഷ്ട്ര വിഷയമാണ്, യുഎന്‍ ഇടപെടണം'.
അതേ സമയം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഭക്ഷണ ആപ്പുകള്‍ നന്നായി ഡെലിവറി നടത്തുന്നുണ്ടോ എന്ന് നോക്കുന്നതാണോ പണിയെന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ ബംഗാള്‍ സൂപ്പര്‍താരം പ്രൊസെന്‍ജിത്ത് ചാറ്റര്‍ജിയുടെ അഭിപ്രായത്തോട് യോജിച്ച് ഇത്തരം അനുഭവങ്ങള്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്നും ഉണ്ടായെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് ചിരിക്കാനുള്ള വിഷയമല്ലെന്നും, ഭക്ഷണത്തിലെ പ്രശ്നങ്ങള്‍ കുടുംബം തന്നെ തകര്‍ത്തേക്കാമെന്നും ചിലര്‍ പറയുന്നു.