വില 1.70 കോടി, പരമാവധി വേഗം മണിക്കൂറില്‍ 250 കി.മീ; പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിന്‍ പോളി
ഈ വർഷാദ്യം ഇന്ത്യൻ മാർക്കറ്റിൽ എത്തിയ കാര്‍
തന്‍റെ ഗാരേജിലേക്ക് പുതിയൊരു അതിഥിയെക്കൂടി എത്തിച്ച് നടന്‍ നിവിന്‍ പോളി. ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്വ്യുൽ ടോൺ ആണ് നിവിന്‍ വാങ്ങിയത്. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് നിവിൻ ഈ വാഹനം സ്വന്തമാക്കിയത്.
ഈ വർഷം ആദ്യം ഇന്ത്യൻ മാർക്കറ്റിൽ എത്തിയ കാര്‍ ആണിത്. ബിഎംഡബ്ല്യു 7 സീരീസിൽ ഉൾപ്പെടുന്ന ഈ കാറിന് 1.70 കോടി രൂപയോളമാണ് വില വരുന്നത്. 3 ലിറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള ഈ ആഡംബര കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48 വി ഇലക്ട്രിക് മോട്ടറിൻ്റെ കരുത്ത് 18 എച്ച്പി ആണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ആണ് ഗിയർബോക്സ്. വെറും 5.4 സെക്കൻഡ് കൊണ്ട് വാഹനം നൂറ് കിലോമീറ്റർ വേഗം കൈവരിക്കും എന്നതാണ് മറ്റൊരു സവിശേഷത. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഉയർന്ന വേഗം.
അതേസമയം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രാമചന്ദ്ര ബോസ് ആന്‍ഡ് കോ ആണ് നിവിന്‍ പോളിയുടെ അടുത്ത ചിത്രം. മിഖായേല്‍ എന്ന സിനിമയ്ക്കു ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയാണിത്. നിവിന്‍ പോളിയുടെ കരിയറിലെ 42-ാം ചിത്രവും. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക