ഏത് പാട്ടിനോടും സിങ്ക് ആവുന്ന മാജിക് സ്റ്റെപ്പ്സ്; തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും 'ഏട്ടന്‍ ഡാന്‍സിംഗ്'
ഒന്നാമനിലെ പാട്ടിലെ മോഹന്‍ലാലിന്‍റെ ചുവടുകള്‍ ഉള്‍പ്പെടുത്തിയ റീല്‍ ആദ്യമെത്തിയത് രണ്ട് മാസം മുന്‍പ്
അഭിനയത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, നൃത്തച്ചുവടുകളിലെ അനായാസതയുടെയും കോമിക് ടൈമിംഗിന്‍റെയും സംഘട്ടന രംഗങ്ങളോടുള്ള ആവേശത്തിന്‍റെയുമൊക്കെ പേരില്‍ മോഹന്‍ലാല്‍ എക്കാലവും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പഴയൊരു ചിത്രത്തിലെ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഭാഷാതീതമായി ആസ്വാദകരെ നേടുകയാണ്. ഒന്നാമന്‍ എന്ന ചിത്രത്തിലെ പിറന്ന മണ്ണില്‍ എന്നാരംഭിക്കുന്ന ഗാനത്തിലെ നൃത്തരംഗമാണ് ഇന്‍സ്റ്റയില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ എക്സിലും വൈറല്‍ ആയിരിക്കുന്നത്. എന്നാല്‍ ഇത് വിവിധ ഭാഷകളിലെ പല ഗാനങ്ങളോട് സിങ്ക് ചെയ്ത് ആണെന്ന് മാത്രം.
മോഹന്‍ലാല്‍ ചിത്രങ്ങളിലെ നൃത്തരംഗങ്ങളുടെ റീലുകളിലൂടെ ശ്രദ്ധ നേടിയ എ10 ഡാന്‍സിംഗ് ഡെയ്‍ലി എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ആരംഭിച്ച ട്രെന്‍ഡ് ആണിത്. ഒന്നാമനിലെ പാട്ടിലെ മോഹന്‍ലാലിന്‍റെ ചുവടുകള്‍ ഉള്‍പ്പെടുത്തിയ റീല്‍ ഓഗസ്റ്റ് 10 നാണ് ആദ്യം എത്തിയത്. ഇന്‍റര്‍നാഷണല്‍ ഹിറ്റ് ആയ റാപ് സോംഗ് ല മാമ ഡെ ല മാമ എന്ന ഗാനത്തിന് സിങ്ക് ആവുന്ന തരത്തില്‍ മോഹന്‍ലാലിന്‍റെ ഡാന്‍സ് എഡിറ്റ് ചെയ്തതായിരുന്നു ഈ വീഡിയോ. ഇതുവരെ 1.4 മില്യണ്‍ കാഴ്ചകളാണ് ഈ റീലിന് ലഭിച്ചിരിക്കുന്നത്. ഇത് വൈറല്‍ ആയതോടെ ഈ ട്രെന്‍ഡ് ഭാഷാതീതമായി തെലുങ്ക്, തമിഴ്, കന്നഡ പ്രേക്ഷകരിലേക്കും എത്തി.
വിവിധ ഭാഷകളിലെ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആര്‍ഡിഎക്സിലെ നീലനിലവേ, ബീസ്റ്റിലെ അറബിക് കുത്ത്, ലിയോയിലെ നാ റെഡി തുടങ്ങി മോഹന്‍ലാലിന്‍റെ സ്റ്റെപ്പിനൊപ്പം ചേര്‍ക്കപ്പെടുന്ന ഗാനങ്ങള്‍ അനവധിയാണ്. ഏത് എഡിറ്റിനും ശ്രദ്ധ ലഭിക്കുന്നുമുണ്ട്.
അതേസമയം സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാന്‍റെ ചിത്രീകരണം നാളെ ദില്ലിയില്‍ ആരംഭിക്കുകയാണ്. ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് ദില്ലിയിലുള്ളത്. അതിന് ശേഷം ഒരു മാസത്തെ ചിത്രീകരണം ലഡാക്കിലാണ്. ദില്ലിയിലെ ഒരു ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ കേരളത്തിലേക്ക് തിരിച്ചെത്തും. ജീത്തു ജോസഫ് ചിത്രം നേരിന്‍റെ ഡബ്ബിംഗ് അടക്കം അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക