'പിടിക്കുന്ന ചില്ലകളെല്ലാം ഒടിയുന്ന അവസ്ഥയാണ്'; വീണ്ടും സങ്കട വാര്‍ത്ത പങ്കുവച്ച് ബിജേഷ്
അച്ഛനു പിന്നാലെ ഏറ്റവും അടുപ്പമുണ്ടായിരുന്ന മറ്റൊരാളുടെ വിയോഗവാര്‍ത്ത
മലയാള പരമ്പരയായ സാന്ത്വനത്തില്‍ സേതുവായെത്തുന്ന തൃശൂര്‍ അവനൂര്‍ സ്വദേശി ബിജേഷിനെ മലയാളിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ടിക് ടോക് എന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയ രംഗത്തേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമായ ബിജേഷിന് ടിക് ടോക്കിലൂടെയും പരമ്പരയിലൂടെയുമായി നിരവധി ആരാധകരുമുണ്ട്. ബിജേഷിന്‍റെ അച്ഛന്‍ മരണപ്പെട്ട വാര്‍ത്ത അടുത്തിടെയാണ് ആരാധകര്‍ അറിഞ്ഞത്. എല്ലാമെല്ലാമായിരുന്ന അച്ഛന്‍റെ വിയോഗം തനിക്ക് എത്രത്തോളം ആഘാതമുണ്ടാക്കിയെന്ന കാര്യം ബിജേഷ് പങ്കുവച്ചിരുന്നു.
ഒരു വിഷമം തീര്‍ന്നയുടനേ അടുത്തത് എത്തിയെന്നാണ് സങ്കടത്തോടെ ബിജേഷ് പറയുന്നത്. പിടിക്കുന്ന ചില്ലകളെല്ലാം ഒടിയുന്ന അവസ്ഥയാണെന്ന് പറഞ്ഞാണ്, അമ്മയുടെ ആങ്ങളയുടെ വിയോഗം ബിജേഷ് പങ്കുവച്ചത്. അച്ഛനുപിന്നാലെ മാമനും പോയെന്നും അത്രമേല്‍ പ്രിയപ്പെട്ട മറ്റൊരാളും പോയതിന്‍റെ സങ്കടത്തിലാണെന്നുമാണ് ബിജേഷ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
ബിജേഷ് പങ്കുവച്ച കുറിപ്പ്
കയ്യെത്തി പിടിച്ചിരുന്ന ഓരോ ചില്ലകളും ഒടിഞ്ഞു പൊയ്‌കൊണ്ടിരിക്കുന്നു. ശാസിച്ചും സ്‌നേഹിച്ചും ലാളിച്ചും ഉപദേശിച്ചും, ഒക്കെ ഒരിക്കല്‍ വളര്‍ത്തി കൊണ്ടുവന്നു. എപ്പോഴോ തന്നോളം വളര്‍ന്നു എന്ന് തോന്നിയപ്പോള്‍ കൂട്ടിനു വിളിച്ചു. പിന്നീടെപ്പോളോ തന്നേക്കാള്‍ ആയെന്നു തോന്നിക്കാണും. അപ്പോള്‍ പണ്ട് അങ്ങോട്ട് കൊടുത്ത ബഹുമാനം ഇങ്ങോട്ടും തന്നു (അതെന്തിനാണെന്നറിയില്ല ഇപ്പോഴും). ആ ബഹുമാനത്തോടൊപ്പം എവിടെയോ അധികാരത്തില്‍ പറഞ്ഞിരുന്ന വാക്കുകള്‍ അളന്നു മുറിച്ചു പറഞ്ഞു തുടങ്ങി (അതും എന്തിനാണെന്നറിയില്ല. എനിക്ക് സ്‌നേഹക്കൂടുതല്‍ കൊണ്ടുള്ള ആ അധികാരസ്വരം പലപ്പോളും ഇഷ്ടമായിരുന്നു). ശരീരം സ്വന്തം മനസ്സിനൊപ്പം എത്തുന്നില്ലെന്നുള്ള തിരിച്ചറിവില്‍ നിന്നാവണം അപേക്ഷയുടെ ഭാഷയും കടന്നെത്തിയത്.
ഒടുവില്‍ പിരിഞ്ഞു പോകുംനേരം ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്കു തിരികെ പോകണം എന്നുള്ള ആഗ്രഹവും പറഞ്ഞു. (സാധിച്ചു കൊടുക്കാന്‍ ആയില്ല). മാമന്‍ (അമ്മയുടെ സഹോദരന്‍) എന്‍റെ ജീവിതത്തില്‍ ഒരു നൊമ്പരമായി മാറി. അച്ഛന് പിറകെ മാമനും കഴിഞ്ഞദിവസം സമാധാനത്തിന്‍റെ ലോകത്തേക്ക് പോയി. എന്‍റെ കൈകള്‍ക്ക് ഭാരമേറുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona