തിരുവനന്തപുരത്തെ കോളെജ്‍കാലം; ഓര്‍മ്മ പങ്കുവച്ച് സാജന്‍ സൂര്യ

"അന്നത്തെ സ്ഥിരം ഒളിച്ചു കളി കണ്ടക്ടര്‍മാരുമായാണ്. കാരണം പേരൂര്‍ക്കട വരെ കണ്‍സെഷന്‍ പതിച്ചാല്‍ ടൂഷന്‍ കഴിഞ്ഞ് സ്റ്റാച്യു വരെ പോകാന്‍ കൈയ്യിലെ ഒരുരൂപ മുടക്കണം"

malayalam miniscreen actor sajan soorya shared a short note about his college day friends

മിനിസ്‌ക്രീനില്‍ ഒരുപാട് കാലമായി സജീവ സാന്നിധ്യമായുള്ള നടനാണ് സാജന്‍ സൂര്യ. 'സ്ത്രീ'യിലെ ഗോപന്‍ എന്ന നിത്യഹരിത കഥാപാത്രം മുതല്‍' ജീവിത നൗക'യിലെ പുതിയ കഥാപാത്രമായ ജയകൃഷ്ണന്‍ വരെയെത്തി നില്‍ക്കുന്നു സാജന്റെ വേഷങ്ങള്‍. താരത്തിന്റെ ഓരോ വേഷവും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായതാണ്. നൂറോളം പരമ്പരകളില്‍ വേഷമിട്ട സാജന്‍ ഇപ്പോഴും മിനിസ്‌ക്രീനിലെ നായകസങ്കല്‍പത്തിലുള്ള മലയാളിയുടെ താരമാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ സാജന്‍ തന്റെ ജീവിതത്തിലെ മികച്ച നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെ താരം കഴിഞ്ഞദിവസം പങ്കുവച്ചൊരു കുറിപ്പാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

കോളേജ് കാലത്തെ മനോഹരമായ ഓര്‍മ്മയാണ് സാജന്‍ കുറിപ്പായി പങ്കുവച്ചിരിക്കുന്നത്. കോളേജുകാലം മുതലേ കൂടെയുള്ള കൂട്ടുകാരുമൊത്തുള്ള സന്തോഷത്തിന്റേയും പറ്റിയ അബദ്ധത്തിന്റേയുമെല്ലാം കഥയാണ് സാജന്‍ മനോഹരമാക്കി പറഞ്ഞിരിക്കുന്നത്. കോളേജ് കാലത്തെ താരത്തിന്റെ ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിനും കുറിപ്പിനും നിരവധി ആരാധകരാണ് കമന്റുമായെത്തിയിരിക്കുന്നത്.

സാജന്റെ കുറിപ്പ് വായിക്കാം

കോളേജ് മുതല്‍ കൂടെയുള്ള പ്രിയ സുഹൃത്തുക്കളാണ് പ്രശാന്തും ഷിബുവും. വീട്ടില്‍ നിന്നും ദിവസവും തരുന്ന ഒന്നിനും തികയാത്ത പോക്കറ്റ് മണി. അഞ്ച് രൂപയ്ക്ക് ഒക്കെ പോക്കറ്റ് മണി എന്ന് പറയാമോ എന്നറിയില്ല. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ പോകാന്‍ കണ്‍സെഷനുണ്ട്. ഏണിക്കര-സ്റ്റാച്യൂ, സ്റ്റാച്യൂ-കേശവദാസപുരം ഓര്‍ഡിനറി ബസ്സുകള്‍. ചുവന്ന ഫാസ്റ്റും, പച്ച എക്‌സ്‌പ്രെസും ഒക്കെ ബസ് സ്റ്റോപ്പില്‍ എന്നെ പുച്ഛിച്ചും കൊഞ്ഞനം കുത്തിയും കടന്നു പോകും. ഓര്‍ഡിനറിക്കാണെങ്കില്‍ ബസ് സ്റ്റോപ്പ് അലര്‍ജ്ജിയാണ്.

അന്നത്തെ സ്ഥിരം ഒളിച്ചു കളി കണ്ടക്ടര്‍മാരുമായാണ്. കാരണം പേരൂര്‍ക്കട വരെ കണ്‍സെഷന്‍ പതിച്ചാല്‍ ടൂഷന്‍ കഴിഞ്ഞ് സ്റ്റാച്യു വരെ പോകാന്‍ കൈയ്യിലെ ഒരുരൂപ മുടക്കണം. ഈ മിച്ചം പിടികുന്ന പൈസയില്‍ നിന്നാണ് ഇടയ്ക്കുള്ള സിനിമ, കപ്പലണ്ടി, കാമുകിക്ക് ചോക്ലേറ്റ്, പൊറോട്ടയും പുഴ പോലെ ഒഴുകുന്ന സാമ്പാറും ഒക്കെ സാധ്യമാകുകയുള്ളു. നാട്ടില്‍ എല്ലാ ദൈവങ്ങളുടേയും പ്രീതി നേടി, കൂടുതല്‍ അനുഗ്രഹങ്ങള്‍ക്കായി ഞായറാഴ്ച്ചകളില്‍ രാവിലെതന്നെ ഞങ്ങള്‍ സിറ്റിയിലുള്ള അമ്പലങ്ങളില്‍ പോകും. അതിനും മിച്ചം പിടിക്കണം അല്ലാതെ വീട്ടീന്ന് പൈസ തരില്ല. പ്രശാന്ത് ശുദ്ധ ഭക്തനായും ഞങ്ങള്‍ പകുതി ഭക്തിയും പകുതി നയനസുഖത്തിനായുമാണ് പോക്ക്. നയനസുഖം ദീര്‍ഘിപ്പിക്കാന്‍ ഒരു മണിക്കൂര്‍ മ്യൂസിയത്തിലും പോയി ഇരിക്കും.

മൊബൈല്‍ അന്ന് ഇല്ലാത്തതു കൊണ്ട് രാവിലെ ഇറങ്ങുമ്പോള്‍ ലാന്‍ഡ്‌ലൈനില്‍ മിസ്ഡ്‌കോള്‍ അടിക്കും. ലാന്‍ഡ്‌ലൈനിനും അന്ന് മുടിഞ്ഞ പൈസയാ. രണ്ടുവട്ടം അടിച്ചു കട്ട് ആക്കിയാല്‍ വീട്ടില്‍ നിന്ന് ഇറങ്ങി എന്നര്‍ത്ഥം. വട്ടം അടിക്കുന്നത് കാമുകിയാണ്, ഞാന്‍ നിന്നെ ഓര്‍ക്കുന്നു എന്നാണ് അര്‍ത്ഥം. ഒരു വെളുപ്പാന്‍കാലത്ത് ഞാനും ഷിബുവും റിങ് കേട്ടില്ല. പ്രശാന്ത് കൈയ്യിലെ 2 രൂപയും കൊണ്ട് ഇറങ്ങി. 1 രൂപ അങ്ങോട്ട് 1 രൂപ ഇങ്ങോട്ട് , അമ്പലത്തില്‍ ഞങ്ങളെ കണ്ടില്ല. ഉറപ്പായും മ്യൂസിയത്തില്‍ വായിനോക്കികള്‍ വരാതിരിക്കില്ല എന്ന വിശ്വാസത്തില്‍ അവിടെ നടന്നെത്തി. അരമണിക്കൂര്‍ മ്യൂസിയം എന്‍ട്രന്‍സില്‍ കാത്തു. ഞങ്ങള്‍ വരുമെന്ന ഒടുക്കത്തെ ആത്മവിശ്വാസത്തില്‍ കൈയ്യിലുള്ള ഒരുരൂപയ്ക്ക് കപ്പലണ്ടിയും കൊറിച്ചു. രാവിലെ ഞങ്ങള്‍ പറ്റിച്ചതിന് ഞങ്ങളെ തെറി പറഞ്ഞ് ഒരുരൂപ ഒപ്പിക്കാമല്ലോ. കപ്പലണ്ടി ദഹിച്ചപ്പോ ചിന്തിച്ചു, എങ്ങനെ വീടെത്തും ? പത്ത് മണീടെ വെയിലും, പത്ത് കിലോമീറ്ററും വിശപ്പും മനസ്സില്‍ നിറഞ്ഞ ഞങ്ങളോടുള്ള പകയും താങ്ങി വിയര്‍ത്ത് എരച്ച് വീട്ടിലെത്തി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ എന്നെ വിളിച്ച് ദേഷ്യ-സങ്കട സമ്മിശ്ര സ്വരത്തില്‍ ഒറ്റ പറച്ചിലാണ്. ''നീയൊക്കെ വരൂലാന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കപ്പലണ്ടി വാങ്ങി തിന്നിലായിരുന്നെടാ   .....''

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios