Dimpal Bhal : ' ഡിംപൽ ഭാൽ അവസാനിച്ചുവെന്ന് കരുതി'; മനസ് തുറന്ന് ബിഗ് ബോസ് താരം
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ.
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ(Dimpal Bhal). ഗ്രാൻഡ് ഫിനാലെയിൽ, രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം 'എനർജൈസർ ഓഫ് ദി സീസൺ' അവാർഡും ഡിംപല്‍ നേടിയിരുന്നു. ഏറെ ആരാധകരെ സമ്പാദിച്ച മത്സരാർത്ഥികളിൽ ഒരാളുകൂടിയാണ് ഡിംപൽ ഭാൽ. ഒരുപക്ഷെ ഷോയിൽ ഉടനീളം ചർച്ചചെയ്യപ്പെട്ട ഏക മത്സരാർത്ഥിയും ഡിംപൽ തന്നെയാകും.
മത്സരാർത്ഥിയെന്ന നിലയിൽ തുടക്കം മുതലുള്ള താരത്തിന്റെ പ്രകടനം തന്നെ ആയിരുന്നു ഡിംപലിലേക്ക് ആരാധകരെ അടുപ്പിച്ചത്. ഷോയിൽ പങ്കെടുക്കവെ ആയിരുന്നു താരത്തിന്റെ അച്ഛന്റെ വിയോഗം. ഈ സംഭവത്തെ കുറിച്ച് പലപ്പോഴും സംസാരിച്ചെങ്കിലും ഒരിക്കൽ കൂടി മനസ് തുറക്കുകയാണ് ഡിംപൽ . ഇടൈംസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഡിംപൽ തന്റെ ബിഗ് ബോസ് പ്രവേശനമടക്കമുള്ള കാര്യങ്ങൾ സംസാരിച്ചത്.
2019ൽ, ഞാൻ എന്റെ ജീവിതം ഒരു പുതിയ തുടക്കത്തിന് ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് പാൻഡെമിക് ഞങ്ങളെ മോശമായി ബാധിക്കാൻ തുടങ്ങിയത്. അതിനിടെ ഷോയുടെ ഭാഗമാകാൻ അവസരം ലഭിച്ചപ്പോൾ മനസ്സിൽ പതിഞ്ഞത് 'എന്റെ ജീവിതം കൊണ്ട് ഒരാളെയെങ്കിലും പ്രചോദിപ്പിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ആയിക്കൂടാ എന്നായിരുന്നു. തീർച്ചയായും, കൊവിഡ് സമയത്ത് എന്റെ ജീവിതം അനിശ്ചിതത്വത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഈ ഷോ എന്നെത്തന്നെ സഹായിക്കാനുള്ള ഒരു വേദിയായിരുന്നു - ഡിംപൽ പറഞ്ഞു.
അച്ഛന്റെ മരണവാർത്തെ കേട്ടതിനെ കുറിച്ചും ഡിംപൽ പറയുന്നു. എന്റെ പപ്പ ഇനിയില്ല, ആ വാർത്ത കേട്ടപ്പോൾ ഞാൻ വിശ്വസിച്ചില്ല. ഞാൻ ആ തോളിൽ ചായുന്ന നിമിഷം വരെ വിശ്വസിച്ചില്ല... എന്റെ ലോകം തകർന്നു. ഡിംപൽ ഭാൽ അവസാനിച്ചുവെന്ന് ഞാൻ കരുതി. അദ്ദേഹം എന്റെ ശക്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു. എങ്കിലും, അദ്ദേഹം എന്നെക്കുറിച്ച് അഭിമാനിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുന്നുണ്ട്. ഞാൻ ബിഗ് ബോസ് വീടിനുള്ളിൽ ദുർബ്ബലയായിരിക്കുമ്പോൾ അദ്ദേഹം എപ്പിസോഡുകൾ കണ്ടിരിക്കുമോ എന്നതായിരുന്നു എന്റെ ഏക ആശങ്ക. എനിക്ക് കുഴപ്പമില്ലെന്ന് പപ്പയോട് പറയാൻ എനിക്ക് കഴിഞ്ഞില്ല.
അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമാണ് അപ്പ എനിക്കൊരു പ്രത്യേക സന്ദേശം നൽകുന്ന വീഡിയോ കണ്ടത്. ഈസ്റ്റർ സ്പെഷ്യൽ എപ്പിസോഡിനായി ചിത്രീകരിച്ചെങ്കിലും അവർക്ക് അത് സംപ്രേക്ഷണം ചെയ്യാൻ കഴിഞ്ഞില്ല. അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനും തുടങ്ങിയത് പൂർത്തിയാക്കാനുമായിരുന്നു വീഡിയോയിൽ പപ്പ പറഞ്ഞത്. പപ്പയക്കറിയാമായിരുന്നു, താൻ ഇല്ലാതായെന്നറിഞ്ഞാൽ ഞാൻ എല്ലാം ഉപേക്ഷിച്ച് പോന്നേക്കുമെന്ന്. അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ ചെവിയിൽ അലയടിച്ചുകൊണ്ടിരുന്നു. അദ്ദേഹം തന്റെ ഹൃദയത്തിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെയാണ് തിരിച്ചുവരവിന് താൻ തയ്യാറായത്. ഞാൻ തുടങ്ങിവച്ചത് ,അപ്പ പറഞ്ഞതുപോലെ പൂർത്തിയാക്കാൻ, എന്റെ പപ്പയ്ക്ക് വേണ്ടി. പപ്പയെ ഞാൻ മിസ് ചെയ്യുന്നുണ്ട് ഓരോ നിമിഷവും. പക്ഷെ ഞങ്ങളെ കുറിച്ച് അദ്ദേഹം സന്തോഷവാനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്- ഡിംപൽ പറഞ്ഞു.