'സ്‌നേഹം കൂടുമ്പോള്‍ കണ്ണ് നിറയാറുള്ള അച്ഛനെയാണ് ഞാന്‍ കണ്ടത്'; ഗായത്രി പറയുന്നു
തന്റെ പുതിയ സിനിമയുടെ സെറ്റില്‍വച്ച് ' അച്ഛപ്പം കഥകള്‍' നടനായ സിദ്ദിഖിന് കൈമാറിയ അനുഭവമാണ് ഗായത്രി പങ്കുവച്ചത്.
പരസ്പരം(parasparam) എന്ന പരമ്പരയിലൂടെ(serial) മലയാളികള്‍ ഹൃദയത്തിലേറ്റിയ നടിയാണ് ഗായത്രി അരുണ്‍(gayathri arun). ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ഗായത്രി പ്രേക്ഷക പ്രശംസയോടെ മലയാളികളുടെ പ്രിയ താരമാവുകയായിരുന്നു. മമ്മൂട്ടിയുടെ(mammootty) 'വണ്‍'(one) എന്ന സിനിമയിലൂടെ ഗായത്രി സിനിമാരംഗത്തേക്ക് എത്തിയതും ഇരുകയ്യും നീട്ടിയാണ് ആളുകള്‍ സ്വീകരിച്ചത്. അടുത്തിടെയായിരുന്നു ഗായത്രിയുടെ പുസ്തകമായ 'അച്ഛപ്പം കഥകള്‍' പ്രസിദ്ധീകരിച്ചത്. പുസ്‌തകവുമായി ബന്ധപ്പെട്ട പുതിയ വിശേഷമാണ് ഗായത്രി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
അച്ഛന്റെ കഥകളും അച്ഛനോടൊപ്പമുള്ള കഥകളുമാണെന്ന് പറഞ്ഞായിരുന്നു ഗായത്രി ആദ്യമെല്ലാം ചെറിയ കഥകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നത്. അച്ഛനും അമ്മയും കഥാപാത്രങ്ങളായി വരുന്ന കഥകളും, തമാശയും ചിന്തിപ്പിക്കുന്നതുമായ കഥകളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. അങ്ങനെയാണ് പുസ്തകം എന്ന ചിന്തയിലേക്ക് ഗായത്രി എത്തുന്നത്. എന്നാല്‍ അച്ഛന്റെ പെട്ടന്നുണ്ടായ വിയോഗത്തോടെ ഗായത്രി എഴുത്ത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കുകയും, പിന്നീട് കഥകളെല്ലാം സ്വരുക്കൂട്ടി പുസ്തകരൂപത്തിലാക്കി പുറത്തിറക്കുകയുമായിരുന്നു. മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ വെര്‍ച്വലായിട്ടായിരുന്നു പുസ്തക പ്രകാശനം നടത്തിയത്. ശേഷം മഞ്ജു വാര്യര്‍ക്കും, മോഹന്‍ലാലിനും പുസ്തകം നേരിട്ട് കൊടുക്കുന്നതിന്റെ ചിത്രങ്ങളും ഗായത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
തന്റെ പുതിയ സിനിമയുടെ സെറ്റില്‍വച്ച് ' അച്ഛപ്പം കഥകള്‍' നടനായ സിദ്ദിഖിന് കൈമാറിയ അനുഭവമാണ് ഗായത്രി പങ്കുവച്ചത്. ഈ ഷൂട്ടിന്റെ തിരക്കിനിടയില്‍ കൊടുക്കുമ്പോള്‍, ഇക്ക വായിക്കുമെന്ന് അറിയാമായിരുന്നെങ്കിലും കിട്ടിയ മാത്രയില്‍ വായിക്കുമെന്ന് കരുതിയില്ലെന്നാണ് ഗായത്രി കരുതിയത്. എന്നാല്‍ ഞെട്ടിച്ചുകൊണ്ട് ഇക്ക പെട്ടന്നുതന്നെ വായിച്ച് തീര്‍ക്കുകയും കണ്ണ് നിറയിക്കുന്ന മറുപടി തന്നെന്നും ഗായത്രി പറയുന്നു. ശേഷം സിദ്ദിഖ് കൊടുത്ത മറുപടി തന്റെ അച്ഛനെ അനുസ്മരിപ്പിച്ചെന്നും, വായിച്ചതിലെ ചില ഭാഗങ്ങള്‍ തന്റെ മകളെ ഓര്‍മ്മ വരാന്‍ കാരണമായെന്ന് സിദ്ദിഖ് പറഞ്ഞതും ഗായത്രിയുടെ കുറിപ്പില്‍ വായിക്കാം.
താരത്തിന്റെ കുറിപ്പിങ്ങനെ
''അച്ഛനോര്‍മ്മകളില്‍ ജീവിക്കുന്ന മക്കള്‍ക്കും അതവര്‍ക്ക് നല്‍കിയ അച്ഛന്മാര്‍ക്കും എന്ന സമര്‍പ്പണത്തോടു കൂടിയാണ് അച്ഛപ്പം കഥകള്‍ എഴുതിയത്. പുസ്തകത്തിന്റെ ഒരു പ്രതി പ്രിയപ്പെട്ട സിദ്ദിഖ് ഇക്കയ്ക്ക് കൊടുക്കുമ്പോള്‍, ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഇത്ര ശ്രദ്ധയോടെ ഇരുന്ന് വായിക്കും എന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം അത് ഒറ്റ ദിവസം കൊണ്ട് വായിച്ച് തീര്‍ത്തു.
അതിനു ശേഷം എന്നോട് പറഞ്ഞു എനിക്ക് എന്റെ മകളെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കുന്നത് വിഷമമാണ്. 'പാര്‍ഷ്യാലിറ്റി' വായിച്ചപ്പോള്‍ മകളെ ഓര്‍ത്തു പോയി എന്ന്. അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. എന്റെ അച്ഛനെ ആണ് ആ നിമിഷം ഞാന്‍ കണ്ടത്. സ്‌നേഹം കൂടുമ്പോള്‍ കണ്ണ് നിറയുമായിരുന്ന എന്റെ അച്ഛപ്പത്തെ.''