ജയസൂര്യ 'സണ്ണി'യായത് ഇങ്ങനെ; മേക്കിംഗ് വീഡിയോ
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ 23നാണ് ചിത്രം പുറത്തെത്തിയത്
ജയസൂര്യയെ (Jayasurya) നായകനാക്കി രഞ്ജിത്ത് ശങ്കര്‍ (Ranjith Sankar) സംവിധാനം ചെയ്‍ത പുതിയ ചിത്രം 'സണ്ണി'യുടെ (Sunny) മേക്കിംഗ് വീഡിയോ (Making Video) ആമസോണ്‍ പ്രൈം വീഡിയോ (Amazon Prime Video) പുറത്തുവിട്ടു. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് (23) ചിത്രം പുറത്തെത്തിയത്. 2:22 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ മേക്കിംഗ് വീഡിയോ.
കൊറോണ വൈറസ് ലോകത്തെ കീഴടക്കിയ സമയത്ത് ദുബൈയില്‍ നിന്ന് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് ജയസൂര്യ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. മറ്റു മനുഷ്യരിൽ നിന്ന് അകന്ന്, ഒരു ഹോട്ടൽ മുറിയിൽ ക്വാറന്‍റീനിൽ കഴിയുന്ന അദ്ദേഹം തന്‍റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്നു. ഈ വൈകാരിക ശൂന്യത നികത്താൻ കഠിനമായി പരിശ്രമിക്കുമ്പോൾ, ചില അപരിചിതരുമായുള്ള ഇടപെടലുകളിലൂടെ പ്രതീക്ഷയുടെ അപ്രതീക്ഷിത തിളക്കം അയാളുടെ ജീവിതത്തിൽ തെളിയുന്നു. ഇതാണ് ചിത്രത്തിന്‍റെ പ്ലോട്ട്.
അഭിനേതാവ് ആയി ഒരാള്‍ മാത്രമാണ് സ്ക്രീനില്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം മധു നീലകണ്ഠന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍-ഫൈനല്‍ മിക്സ് സിനോയ് ജോസഫ്. ഇന്ത്യയുള്‍പ്പെടെ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും ചിത്രം കാണാനാവും. 'സൂഫിയും സുജാത'യും എന്ന ചിത്രത്തിനു ശേഷമുള്ള ജയസൂര്യയുടെ ഡയറക്റ്റ് ഒടിടി റിലീസ് ആണിത്. ജയസൂര്യയുടെ കരിയറിലെ നൂറാം ചിത്രവും രഞ്ജിത്ത് ശങ്കറിനൊപ്പമുള്ള ഏഴാമത്തെ ചിത്രവുമാണ് സണ്ണി.