എല്ലാം നഷ്ടപ്പെട്ട് സിദ്ധാര്‍ഥ്: 'കുടുംബവിളക്ക്' റിവ്യൂ
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയുടെ റിവ്യൂ
തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക് പരമ്പര പറയുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി ഒട്ടേറെ സഹനത്തിലൂടെ കടന്നുപോകുന്ന സുമിത്ര ഒടുവില്‍ ജീവിതവിജയം നേടുകയായിരുന്നു. ശേഷം ഉറ്റ സുഹൃത്തായ രോഹിത്തിനെ വിവാഹം കഴിക്കുന്നു. സുമിത്രയുടെ ജീവിതത്തിലേക്ക് സന്തോഷം മടങ്ങിയെത്തിയെന്ന് പ്രേക്ഷകരെ തോന്നിപ്പിച്ചതിനു ശേഷം വലിയ അത്യാഹിതമാണ് പരമ്പരയില്‍ സംഭവിക്കുന്നത്. സുമിത്രയോടും രോഹിത്തിനോടുമുള്ള അസൂയയും പകയും വച്ചു പുലര്‍ത്തുന്ന മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ്, ഇരുവരേയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അയാളുടെ രണ്ടാം വിവാഹത്തിന്റെ തകര്‍ച്ചയുടെ ഭാഗം കൂടിയാണ് ഇത്തരത്തിലെ ദുഷ്പ്രവൃത്തിയെന്നും പ്രേക്ഷകര്‍ക്ക് കാണാം.
സുമിത്രയേയും രോഹിത്തിനേയും ലോറിയിടിച്ച് കൊല്ലാനായി ക്വട്ടേഷന്‍ കൊടുത്തു എന്ന കേസില്‍ സിദ്ധാര്‍ത്ഥ് കുറച്ച് ദിവസം ലോക്കപ്പിലായിരുന്നു. ലോക്കപ്പില്‍ നിന്നും ജാമ്യത്തിലിറങ്ങിയ സിദ്ധാര്‍ത്ഥ് ഇത്രനാള്‍ പരമ്പരയില്‍ കണ്ട ആളേയല്ല എന്നാണ് പ്രേക്ഷകഭാഷ്യം. ഇത്രനാള്‍ നന്മമരമായിരുന്ന സുമിത്ര സിദ്ധാര്‍ത്ഥിനെതിരെ മൊഴി കൊടുക്കില്ല, കേസ് നല്‍കില്ല, ക്ഷമിക്കും എന്നതായിരുന്നു സിദ്ധാര്‍ഥിന്‍റെ വിശ്വാസം. എന്നാല്‍ എല്ലാവരുടേയും വിചാരങ്ങളെ മറികടന്നുകൊണ്ട് ഇത്തവണ വാശിയോടെ കേസുമായി മുന്നോട്ടാണ് സുമിത്ര. രോഹിത്ത് പോലും കേസ് വേണ്ടെന്ന് വെക്കാന്‍ പറഞ്ഞിട്ടും സുമിത്ര വാശിയിലാണ്. എന്നാല്‍ സുമിത്രയെ കാണാനെത്തുന്ന സിദ്ധാര്‍ത്ഥ് വലിയ വെല്ലുവിളികളാണ് നടത്തുന്നത്. ഈ കേസുകാരണം തന്റെ ജോലി പോയെന്നും ഇനി തനിക്ക് മേല്‍കീഴ് നോക്കാനില്ല എന്നെല്ലാമാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.
ശ്രീനിലയത്തിലെത്തി പ്രശ്‌നമുണ്ടാക്കുന്ന സിദ്ധാര്‍ത്ഥിനെ അച്ഛന്‍ ശിവദാസന്‍ കായികമായിത്തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ അച്ഛനോടും മോശമായാണ് സിദ്ധാര്‍ത്ഥ് പെരുമാറുന്നത്. നടക്കുന്ന പ്രശ്‌നങ്ങളെല്ലാം കണ്ടിട്ടാണ് കേസും കൂട്ടവുമൊന്നും നമുക്ക് വേണ്ടായെന്ന് രോഹിത്ത് പറയുന്നത്. എന്നാല്‍ സുമിത്ര അതിന് തയ്യാറാകുന്നില്ല. സിദ്ധാര്‍ത്ഥ് ശ്രീനിലയത്തില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയതിന്റെ പിറ്റേന്നുതന്നെ, രോഹിത്തിന്റെ മകള്‍ പൂജ സിദ്ധാര്‍ത്ഥിനെ കാണാന്‍ ചെല്ലുന്നതാണ് ഏറ്റവും പുതിയ എപ്പിസോഡ്. 'നിങ്ങള്‍ നിങ്ങളുടെ അച്ഛനോട് പെരുമാറിയതുപോലെ അല്ല. എനിക്ക് എന്റെ അച്ഛനാണ് എല്ലാമെല്ലാം.. അച്ഛന് നൊന്താല്‍ എനിക്കും നോവും. ഇനി എന്റെ അച്ഛനെ ഉപദ്രവിക്കാന്‍ വന്നാല്‍ ഞാന്‍ നോക്കി നില്‍ക്കില്ല' എന്നാണ് സിദ്ധാര്‍ത്ഥിന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് പൂജ പറയുന്നത്. പൂജയോട് തിരിച്ചൊന്നും പറയാനാകാതെ നില്‍ക്കുന്ന സിദ്ധാര്‍ത്ഥാണ് എപ്പിസോഡിന്റെ അവസാന ഷോട്ട്. ബോധമില്ലാത്ത ഓരോ കാണിച്ചുകൂട്ടലുകള്‍ കണ്ട്, സിദ്ധാര്‍ത്ഥിന്റെ സമനില തെറ്റിയോ എന്നാണ് പ്രേക്ഷകര്‍ ആലോചിക്കുന്നത്.
ALSO READ : മത്സരാര്‍ഥികള്‍ക്കുള്ള സൂചനകള്‍; ബിഗ് ബോസ് ഷോയില്‍ അജു വര്‍ഗീസ്