'ശീതളി'നെ കാണാതായ ആശങ്കയില്‍ കുടുംബം; 'കുടുംബവിളക്ക്' റിവ്യൂ
പ്രേക്ഷകരില്‍ ഉദ്വേഗമേറ്റി പുതിയ എപ്പിസോഡുകള്‍
സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ പറഞ്ഞുപോകുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം സ്വപ്രയത്നത്താല്‍ ജീവിതത്തില്‍ മുന്നേറിയ ആളാണ് സുമിത്ര. എന്നാല്‍ അതിനിടെ പല പ്രശ്‌നങ്ങളിലൂടെയും സുമിത്രയ്ക്ക് കടന്നുപോകേണ്ടതായി വരുന്നുണ്ട്. അങ്ങനെ സംഭവിക്കുന്ന പ്രശ്‌നങ്ങളെല്ലാം പരമ്പരയെ ഉദ്യേഗജനകമാക്കിത്തീര്‍ക്കുന്നു. സുമിത്രയുടെ ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥിന്റെ ഇപ്പോഴത്തെ ഭാര്യയായ വേദിക, സുമിത്രയെ പല തരത്തില്‍ ബുദ്ധിമുട്ടിക്കുന്നുണ്ട്. വേദികയുടെ ഉപദ്രവങ്ങള്‍ ഒരു തരത്തില്‍ അടങ്ങിയെന്ന് തോന്നുമ്പോഴാണ് പുതിയ ചില പ്രശ്‌നങ്ങള്‍ കുടുംബത്തിലേക്കെത്തുന്നത്.
കൊളേജില്‍ പോകുന്ന സുമിത്രയുടെ മകള്‍ ശീതള്‍ സച്ചിന്‍ എന്ന യുവാവുമായി പ്രണയത്തിലാകുന്നുണ്ട്. ഈ പ്രണയം മുന്നോട്ടുപോകുന്നതിനിടെയാണ് സച്ചിന് പല രഹസ്യങ്ങളും ഉള്ളതായി പ്രേക്ഷകര്‍ അറിയുന്നത്. ഇയാള്‍ ഒരു മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണെന്ന് പറയുന്ന പൊലീസ് ഒളിവിലുള്ള സച്ചിനെ അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ശീതളിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ആരോ വിളിച്ചുപറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശീതളിന്റെ പേര് ചോദ്യം ചെയ്യേണ്ടവരുടെ ലിസ്റ്റില്‍ വന്നതെന്നാണ് രോഹിത്ത് സുമിത്രയോട് പറയുന്നത്. ശീതളിനെ വിവരങ്ങള്‍ ഒന്നും അറിയിക്കാതെ എ.സി.പി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുന്ന ശീതള്‍ സുമിത്രയോട് പറയുന്നത് സച്ചിന്‍ പാവമാണെന്നും ആരോ സച്ചിനെ കുടുക്കാന്‍ കളിക്കുന്നതാണെന്നുമാണ്.
ALSO READ : 'ഈ സര്‍വ്വീസ് സ്റ്റോറി പരമ ബോറാണ്'; സിദ്ദിഖിന് വിമര്‍ശനവുമായി ഹരീഷ് പേരടി
എന്നാല്‍ വീട്ടിലെത്തിയ ശേഷം ശീതളിനെ കാണാതാവുകയാണ്. ഓണഘോഷം നടക്കവെ, ശീതള്‍ മുറിയില്‍ ഇല്ലെന്നും, പലയിടത്തും നോക്കിയിട്ടും കാണുന്നില്ലെന്നും സുമിത്രയും മറ്റുള്ളവരും മനസിലാക്കുകയാണ്. കഴിഞ്ഞദിവസം സുമിത്രയുടെ ഫോണില്‍നിന്നും ശീതള്‍ സച്ചിനെ വിളിച്ച് കാണണം എന്ന് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായിട്ടാണോ ശീതളിനെ കാണാതാകുന്നതെന്നാണ് പ്രേക്ഷകരുടെ സംശയം. മകളെ കാണാതായ സുമിത്ര പരിഭ്രാന്തിയിലാണുള്ളത്. തിരുവോണ നാളില്‍ ശീതള്‍ കാമുകനൊപ്പം ഒളിച്ചോടിപ്പോയതാണെന്നാണ് വേദിക പറയുന്നത്. സിദ്ധാര്‍ത്ഥ് അടക്കമുള്ളവര്‍ വീട്ടിലെത്തി ശീതളിനെ തിരയുന്ന കൂട്ടത്തില്‍ ചേരുന്നുണ്ട്. പുലര്‍ച്ചെ അഞ്ച് മണിക്ക് വീട്ടില്‍നിന്നും പോയിരിക്കുന്ന ശീതളിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. എന്തിനാണ് ശീതള്‍ പോയത്, എങ്ങോട്ടാണ് പോയത് തുടങ്ങിയവയാണ് ആസ്വാദകരെ നിലവില്‍ കുഴപ്പിക്കുന്നത്.