'സിദ്ധാര്‍ത്ഥിന്‍റെ ഭാര്യ ഇപ്പോഴും സുമിത്ര തന്നെ'; കുടുംബവിളക്ക് റിവ്യൂ
സിദ്ധാര്‍ത്ഥിന്റെ അരികില്‍ നിന്നും വന്ന പ്രതീഷിനോട് സുമിത്രയാണ് കാര്യങ്ങളെല്ലാം അന്വേഷിച്ചറിയുന്നത്
കുടുംബ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ അതിജീനവും മറ്റുമാണ് പരമ്പരയുടെ പ്രധാന പ്രതിപാദ്യ വിഷയമെങ്കിലും സബ് പ്ലോട്ടുകളിലൂടെ വളരെ വലിയൊരു കഥയാണ് പരമ്പര പറയുന്നത്. സുമിത്രയുടെ ആദ്യ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് അപകടത്തില്‍ പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. അത് ആത്മഹത്യാ ശ്രമമാണോ എന്ന സംശയം പ്രേക്ഷകര്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. ആദ്യ ഭാര്യയായ സുമിത്രയെ ഉപേക്ഷിച്ച്, സിദ്ധാര്‍ത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ശേഷം വേദികയേയും സിദ്ധാര്‍ത്ഥ് ഉപേക്ഷിക്കുന്നു. കാന്‍സര്‍ രോഗി കൂടിയായ വേദികയെ ഇപ്പോള്‍ പരിചരിക്കുന്നത്, സിദ്ധാര്‍ത്ഥിന്റെ മുന്‍ ഭാര്യയായ സുമിത്രയാണ്. അപകടത്തില്‍പെട്ട സിദ്ധാര്‍ത്ഥിനരികിലേക്ക് എത്തുന്നതും സുമിത്ര തന്നെയാണ്.
സുമിത്രയുടെ മകന്‍ പ്രതീഷ് അപകടത്തില്‍പ്പെട്ട് കിടക്കുന്ന സിദ്ധാര്‍ത്ഥിനരികിലേക്ക് പോകുകയും കാര്യങ്ങളെല്ലാം അന്വേഷിച്ച് നടത്തുകയും ചെയ്യുന്നുണ്ട്. സിദ്ധാര്‍ത്ഥിന്റെ അരികില്‍ നിന്നും വന്ന പ്രതീഷിനോട് സുമിത്രയാണ് കാര്യങ്ങളെല്ലാം അന്വേഷിച്ചറിയുന്നത്. അച്ഛന് ബോധം തെളിഞ്ഞിട്ടില്ലെന്നാണ് പ്രതീഷ് പറയുന്നത്. കൂടാതെ എത്രനാള്‍ ഈയൊരു അബോധാവസ്ഥയില്‍ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും പ്രതീഷ് പറയുന്നുണ്ട്. ഒരുപാട് ബന്ധങ്ങളുണ്ടെങ്കിലും ഈയൊരവസ്ഥയില്‍ സിദ്ധാര്‍ത്ഥിന് കൂട്ടിരിക്കുന്നത് പണം കൊടുത്തുള്ള ബൈസ്റ്റാന്‍ഡറാണ്. വേദികയോട് സിദ്ധാര്‍ത്ഥിനരികിലേക്ക് പോകാന്‍ സുമിത്ര പറയുന്നെങ്കിലും അത് വേദികയ്ക്ക് അത്ര നല്ലതായി തോനുന്നില്ല. നീയല്ലേ സിദ്ധാര്‍ത്ഥിന്റെ ശരിക്കുള്ള ഭാര്യ, അപ്പോള്‍ നീ അങ്ങോട്ട് പോകണം എന്നെല്ലാമാണ് സുമിത്ര വേദികയെ ഉപദേശിക്കുന്നത്.
അപ്പോഴാണ് ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നും ഒരാള്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യയെ കാണാനായി എത്തുന്നത്. എന്തിനാണ് തങ്ങളുടെ അടുത്തേക്ക് വന്നതെന്നും ഹോസ്പിറ്റലിലേക്കല്ലെ പോകേണ്ടതെന്നും അയാളോട് ചോദിക്കുമ്പോള്‍, അയാള്‍ പറയുന്നത് നോമിനിയുടെ ഒപ്പ് വേണമെന്നാണ്. ഭാര്യയാണ് നോമിനിയെന്ന് പറയുമ്പോള്‍ വേദികയാണ് ഭാര്യയെന്നും, വേദിക ഒപ്പിടുമെന്നും സുമിത്ര പറയുന്നുണ്ട്. എന്നാല്‍ അപ്പോഴാണ് ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നത്, നോമിനിയായുള്ളത് സുമിത്രയുടെ പേരാണെന്ന്. അത് അറിയുന്നതോടെ സുമിത്രയും വേദികയും ഞെട്ടുകയാണ്.
നോമിനിയെപ്പറ്റി അറിഞ്ഞതോടെ വേദിക പെട്ടന്ന് അവിടെനിന്നും പോകുകയാണുണ്ടായത്. നോമിനിയുടെ ഒപ്പെല്ലാം ഇട്ടുകഴിഞ്ഞ് സുമിത്ര വേദികയുടെ അരികിലേക്കെത്തിയപ്പോള്‍, ആകെ സങ്കടപ്പെട്ടിരിക്കുന്ന വേദികയെയാണ് കാണുന്നത്. താന്‍ പലപ്പോഴും സിദ്ധാര്‍ത്ഥിന്റെ എല്ലാമെല്ലാമാണെന്ന് തോന്നിയിരുന്നെങ്കിലും ഇതറിഞ്ഞപ്പോള്‍ ആകെ തകര്‍ന്നെന്നാണ് വേദിക പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക