ദിലീപിന്‍റെ കുടുംബ ചിത്രം; 'വനിത'യുടെ 'കവര്‍' സോഷ്യല്‍ മീഡിയ ചര്‍ച്ച; അനുകൂലിച്ചും പ്രതികൂലിച്ചും വാദം

പ്രതി ദിലീപിന് എതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുകയും, സര്‍ക്കാര്‍ പുനരന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്ത ദിവസം തന്നെയാണ് വനിതയുടെ കവര്‍ പുറത്ത് എത്തിയത്.

Dileep family photo vanitha magazine cover become hot topic in social media

നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളും പുനരന്വേഷണവും വരുന്നതിനിടെ വന്ന വനിത മാസിക വലിയ സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നു. പ്രതി ദിലീപിന് എതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുകയും, സര്‍ക്കാര്‍ പുനരന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്ത ദിവസം തന്നെയാണ് വനിതയുടെ കവര്‍ പുറത്ത് എത്തിയത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ബോളിവുഡിൽ നിന്നും വനിതയുടെ നിലപാടിനെതിരെ ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്ത് എത്തിയിട്ടുണ്ട്. വനിത മാസികയെ ഓർത്ത് ലജ്ജിക്കുന്നുവെന്നാണ് ബോളിവുഡ് നടി സ്വര ഭാസ്‌കർ ട്വിറ്ററിൽ കുറിച്ചത്. ‘2017-ൽ നടിയും സഹപ്രവർത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടൻ ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസിൽ ജയിലിൽ കഴിഞ്ഞത്. ഇപ്പോൾ ജാമ്യത്തിലാണ്. കേസിൽ നീതി വേഗത്തിൽ ലഭിക്കാൻ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വനിത മാഗസിനെ ഓർത്ത് ലജ്ജിക്കുന്നു.’ എന്നും അവർ ട്വീറ്റിൽ പറയുന്നു.

അതേ സമയം വനിതകവറിനെ ന്യായീകരിച്ച് പ്രമുഖ ചലച്ചിത്ര താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. നടന്‍ ഹരീഷ് പേരടി, പിണറായി വിജയന് അമേരിക്കയില്‍ ചികില്‍സയില്‍ പോകാമെങ്കില്‍ ദിലീപിന്റെ കവര്‍ വനിതയ്ക്ക് പ്രസിദ്ധീകരിക്കാം എന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഇട്ടിരിക്കുന്നത്. വനിതയുടെ കവറില്‍ ദിലീപിനൊപ്പം ഉള്ള പെണ്‍കുട്ടികളുടെ കാര്യമാണ് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് ചൂണ്ടിക്കാട്ടുന്നത്. ഇതേ സമയം ലവ് ചിഹ്നം വച്ചാണ് സംവിധായകന്‍ അരുണ്‍ ഗോപി 'വനിത' കവര്‍ ഫോട്ടോ ഫേസ്ബുക്കിലിട്ടത്. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ശേഷം ദിലീപിന്റെതായി പുറത്തിറങ്ങിയ രാമലീലയുടെ സംവിധായകനാണ് അരുണ്‍ ഗോപി.

അതേ സമയം നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കുടുംബത്തിന്‍റെ കവർ ചിത്രമായി ഉപയോഗിക്കുന്ന വനിത മാസിക ഇന്ന് മുതലാണ് വിപണിയില്‍ എത്തുന്നത്. വിവിധ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഈ വിഷയത്തില്‍ ഉയര്‍ന്നുവരുന്നത്. വനിതയുടെ കവറിനെതിരെ മാധ്യമ പ്രവര്‍ത്തകയായി ധന്യ രാജേന്ദ്രന്‍റെ പോസ്റ്റില്‍, മാധ്യമ സ്ഥാപനങ്ങള്‍ക്ക് സമൂഹത്തോടും പ്രത്യേകിച്ച് സ്ത്രീകളോടും കടമയുണ്ടെന്നും. ഇത്തരത്തിലാണ് കാര്യങ്ങള്‍ പോകുന്നെങ്കില്‍ ചിലപ്പോള്‍ ദിലീപ് കുറ്റവിമുക്തനായേക്കാമെന്നും അപ്പോള്‍ ദിലീപിനെ വെള്ളപൂശുന്ന മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാം. അതുവരെ സാമന്യ മര്യാദ കാണിക്കണം എന്ന് പറയുന്നു.

ട്രോള്‍ ഗ്രൂപ്പുകളിലും വനിത കവറിനെതിരെ പോസ്റ്റുകള്‍ വരുന്നുണ്ട്. ഇങ്ങനെ വന്നാല്‍ പലകുറ്റവാളികളുടെയും കവറുകള്‍ ഇതുപോലെ ചെയ്യും എന്നാണ് ചില ട്രോള്‍ ഗ്രൂപ്പുകളില്‍ വരുന്ന പോസ്റ്റുകള്‍. അതേ സമയം വനിത കവറിനെ എതിര്‍ത്തുള്ള പോസ്റ്റുകള്‍ക്ക് അടിയില്‍ വനിതയെയും ദിലീപിനെയും പിന്തുണച്ചുള്ള കമന്‍റുകളും പ്രത്യക്ഷപ്പെടുന്നുണ്ട് ദിലീപ് ഇപ്പോഴും കുറ്റആരോപിതന് മാത്രമാണ് എന്നാണ് ചിലര്‍ വാദിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios