'അയാൾ അജിത്തിനെ ഇടിച്ചു, നീ പെരിയ ഹീറോവാ എന്ന് ആക്രോശിച്ചു, 20ദിവസം ആരോടും നടൻ മിണ്ടിയില്ല..'
ഞാൻ കടവുൾ എന്ന ചിത്രത്തിന്റെ വേളയിൽ ആണ് ബാലയും അജിത്തും തമ്മിൽ പ്രശ്നം ഉണ്ടായതെന്ന് ചെയ്യാറൂ പറയുന്നു.
തമിഴകത്തിന്റെ മുൻനിര സൂപ്പർ താരമാണ് അജിത്ത്. തല എന്ന് ആരാധകർ മനംതൊട്ട് വിളിച്ച അജിത്ത് ഇതിനോടകം അഭിനയിച്ച് തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. കാലങ്ങൾ എത്ര കഴിഞ്ഞാലും ആരൊക്കെ വന്നാലും അജിത്തിന്റെ തട്ടകം എന്നും തമിഴ് സിനിമയിൽ ഉയർന്നു തന്നെ നിൽക്കും. ഒരുകാലത്ത് രജനികാന്ത് സിനിമകൾക്ക് എത്രത്തോളം ആവേശമാണോ സിനിമാസ്വാദകർക്ക് ഉണ്ടായിരിക്കുക, അത്രത്തോളം തന്നെ ആവേശം അജിത്ത് ചിത്രങ്ങൾക്കും ലഭിച്ചിരുന്നു. തൊണ്ണൂറുകളുടെ കാലമായിരുന്നു ഇത്. ആ അവസരത്തിൽ സംവിധായകൻ ബാല, അജിത്തിനെ മർദ്ദിച്ചെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. വിവാദങ്ങൾക്കും വഴിവച്ചു. എന്തായിരുന്നു ബാലയും അജിത്തുമായുള്ള അന്നത്തെ പ്രശ്നം എന്ന് വ്യക്തമാക്കി സിനിമാ നിരൂപകനായ ചെയ്യാറൂ ബാലു രംഗത്ത് എത്തിയിരുന്നു. ഇതിപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
ഞാൻ കടവുൾ എന്ന ചിത്രത്തിന്റെ വേളയിൽ ആണ് ബാലയും അജിത്തും തമ്മിൽ പ്രശ്നം ഉണ്ടായതെന്ന് ചെയ്യാറൂ പറയുന്നു. എന്നാൽ തീരുമാനിച്ച തിയതിയിൽ ഷൂട്ടിംഗ് നടക്കാതെ നീണ്ടു പോയെന്നും ഇതേപറ്റി ചോദിക്കാൻ അജിത്ത് ബാലയുടെ അടുത്തെത്തി. എന്നാൽ ഇരുവരുടെയും സംസാരം വാക്കുതർക്കത്തിൽ കലാശിക്കുക ആയിരുന്നു. ഇവിടെ ബാലയ്ക്ക് ഒപ്പം ഉണ്ടായിരുന്നൊരാൾ അജിത്തിനെ മർദ്ദിച്ചെന്നും ഇതുകാരണം ഇരുപത് ദിവസമാണ് അജിത് ആരോടും മിണ്ടാതെ നടന്നതെന്നും ചെയ്യാറൂ ബാലു പറയുന്നു.
ചെയ്യാറൂ ബാലുവിന്റെ വാക്കുകൾ
ഈ സിനിമയ്ക്ക് വേണ്ടി മുടി നീട്ടി വളർത്തണമെന്ന് ബാല, അജിത്തിനോട് പറഞ്ഞു. തന്നോട് ചോദിക്കാതെ മുടി വെട്ടരുതെന്നും നിർദ്ദേശം ഉണ്ടായിരുന്നു. അങ്ങനെ മുടിയും വളർത്തി അജിത്ത് കാത്തിരുന്നു. എന്നാൽ ഷൂട്ടിംഗ് വൈകി. ഒരുദിവസം സിനിമയുടെ ചർച്ച നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഒരു സ്റ്റാർ ഹോട്ടലിൽ അജിത്ത് പോയി. സംവിധായകൻ ബാലയും അയാളുടെ അടുപ്പക്കാരും അവിടെ ഉണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയിൽ കഥ പറഞ്ഞില്ലെങ്കിലും വൺ ലൈൻ പറയണമെന്ന് അജിത്ത്, ബാലയോട് ആവശ്യപ്പെട്ടു. എന്നാൽ വളരെ പരിഹാസത്തോടെ ആയിരുന്നു ബാലയുടെ കഥ പറച്ചിൽ. ഇത് അജിത്തിന് തീരെ ഇഷ്ടമായില്ല. ഇതിനിടെ അജിത്തിന്റെ മുടി ശ്രദ്ധിച്ച ബാല, ആരാണ് മുടി വെട്ടാൻ പറഞ്ഞതെന്ന് ചോദിച്ച് ബഹളമായി. ഇങ്ങനെ ആണ് ചർച്ചയെങ്കിൽ ഈ സിനിമ നടക്കില്ലെന്ന് അജിത്ത് പറഞ്ഞു. ഇറങ്ങാൻ തുടങ്ങിയ അദ്ദേഹത്തെ, ബാല അവിടെ പിടിച്ചിരുത്തി. വാക്കേറ്റമായി. ഇതിനിടെ ബാലയുടെ ഒപ്പമുണ്ടായിരുന്ന ആൾ അജിത്തിന്റെ പുറകിൽ ഇടിച്ചു. നീ പെരിയ ഹീറോവാ എന്ന് അയാൾ ആക്രോശിച്ചു. ഇത് കേട്ട് അജിത്ത് ഞെട്ടിപ്പോയി. അവിടെ നിന്നും ഇറങ്ങിയ അജിത്ത് 20 ദിവസമാണ് ആരോടും മിണ്ടാതെ നടന്നത്. അപമാനവും വിഷമവും പേറി ആയിരുന്നു അജിത്ത് ആ ദിവസങ്ങളില്‍ കഴിഞ്ഞത്.
യാഷിനെയും മോഹൻലാലിനെയും കടത്തിവെട്ടാൻ വിജയ്; കേരളത്തിലെ മികച്ച ഓപ്പണിങ്ങുകൾ
ഈ സംഭവം വാർത്ത ആക്കരുതെന്ന് അജിത്ത് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു എന്നും ചെയ്യാറൂ പറയുന്നു. അങ്ങനെ സംഭവിച്ചാൽ ബാലയെ പോലൊരു സംവിധായകന്റെ കരിയർ നഷ്ടമാകും എന്നാണ് അജിത്ത് പറഞ്ഞത് എന്നും ചെയ്യാറൂ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..