'മറുത്തും പൊറുത്തും 16 വർഷങ്ങൾ'; പ്രേമസുരഭിലമായ വിവാഹ വാർഷിക കുറിപ്പുമായി അമൽ രാജ്ദേവ്
ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തിൽ.. എന്നു തുടങ്ങുന്ന ബഷീറിന്റെ പ്രേമലേഖനത്തിലെ വരികൾ കടമെടുത്താണ് അമലിന്റെ കുറിപ്പ് തുടങ്ങുന്നത്.
ഏറെ കാലമായി കലാരംഗത്തുണ്ടെങ്കിലും ചക്കപ്പഴം (Chakkapazham) എന്ന പരമ്പരയിലൂടെയാണ് അമൽ രാജ് ദേവ് (amal_rajdev) മലയാളികൾക്ക് സുപരിചിതനായത്. ചക്കപ്പഴത്തിൽ കുഞ്ഞുണ്ണിയായി എത്തിയ താരം വൈകാതെ പ്രേക്ഷകരുടെ മനസ് കീഴടക്കിയിരുന്നു. പരമ്പരയിലൂടെ വലിയ ആരാധകരെ സ്വന്തമാക്കിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം നിരന്തരം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ വിവാഹ വാർഷിക ദിനത്തിൽ വ്യത്യസ്തമായൊരു കുറിപ്പുമായാണ് താരം എത്തുന്നത്. ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തിൽ.. എന്നു തുടങ്ങുന്ന ബഷീറിന്റെ പ്രേമലേഖനത്തിലെ വരികൾ കടമെടുത്താണ് അമലിന്റെ കുറിപ്പ് തുടങ്ങുന്നത്. കലഹിച്ചും കൂടിയും അസുലഭമായ ഒരു ജീവിതം ഇമ്പമുള്ള കുടുംബമാക്കി മാറ്റിയെന്നാണ് അമൽ കുറിക്കുന്നത്. 16-ാം വിവാഹ വാർഷിക ദിനത്തിലായിരുന്നു അമലിന്റെ കുറിപ്പ്.
കുറിപ്പിങ്ങനെ...
ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തിൽ എന്റെ പ്രിയതമ കഴിഞ്ഞ 16 വർഷമായി എന്നോട് അഗാധമായി പ്രണയിച്ചും, അതു പോലെ കലഹിച്ചും, എന്റെ പ്രതിരൂപങ്ങളായ രണ്ട് കുണ്ടാമണ്ടികളെ പ്രസവിച്ചു പോറ്റി വളർത്തിയും, എന്റെ സകലവിധമായ ഏടാ കൂടങ്ങൾക്കും ഒപ്പം നിന്നും, ചിലതൊക്കെ മറുത്തും ചിലതൊക്കെ പൊറുത്തും, ചിലപ്പോഴൊക്കെ കമ്പം പൊട്ടുമാറ് കടി പിടി കൂടിയും....
എന്നിരുന്നാലും ഞങ്ങൾ ഞങ്ങളായി അരങ്ങിലും (1000 ത്തിലധികം വേദികൾ പിന്നിട്ട പ്രേമലേഖനം നാടകം ) ജീവിതത്തിലും
( ആദീടേയും ആഗൂന്റെയും പപ്പായും അമ്മായുമായി ) ഒന്നിച്ചു ... ഒന്നായി .... നന്നായി പോകുന്നുണ്ടേ ..... കൂടുമ്പോൾ ഇമ്പമുണ്ടാക കുടുംബമായി...
സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിച്ചിറങ്ങിയ അമൽ, സൂര്യ കൃഷ്ണമൂർത്തിയുടെ നാടകങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു. , വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിന്റെ നാടകരൂപം ആയിരത്തിലധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. നർത്തകിയാണ് ഭാര്യ ദിവ്യലക്ഷ്മി. ഭാഗ്യലക്ഷ്മിക്കൊപ്പമായിരുന്നു പ്രേമലേഖനത്തിൽ അമൽ വേഷമിട്ടത്. അടുത്തിടെ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രത്തിലും വ്യത്യസ്തമായൊരു ഗെറ്റപ്പിൽ താരം വേഷമിട്ടിരുന്നു.