International Yoga Day 2022 : ശില്‍പ ഷെട്ടി മുതല്‍ അലിയ ഭട്ട് വരെ; യോഗയെ ജീവിതത്തിന്‍റെ ഭാഗമാക്കിയ താരങ്ങള്‍
ശരീര സംരക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന ചലച്ചിത്ര താരങ്ങളില്‍ പലരും യോഗയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ആവാറുണ്ട്
ആരോഗ്യ സംരക്ഷണത്തില്‍ യോഗയോളം ചര്‍ച്ചാവിഷയമായ വ്യായാമ പദ്ധതികള്‍ അധികമില്ല. ഒരു ശാരീരിക വ്യായാമം എന്ന നിലയ്ക്ക് മാത്രമല്ല യോഗയുടെ നിലനില്‍പ്പെങ്കിലും അതിനെ ലോകമാകെ ഇത്രയും ജനകീയമാക്കിയത് യോഗാഭ്യാസത്തിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ സ്വാസ്ഥ്യമാണ്. ശരീര സംരക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന ചലച്ചിത്ര താരങ്ങളില്‍ പലരും യോഗയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ആവാറുണ്ട്. മറ്റു വ്യായാമ പദ്ധതികള്‍ക്കൊപ്പം യോഗ കൂടി ചെയ്യുന്നവരും യോഗയെ തങ്ങളുടെ ജീവിതചര്യ തന്നെയാക്കി മാറ്റിയവരും അക്കൂട്ടത്തിലുണ്ട്. യോഗയെ ഗൌരവത്തോടെ സമീപിക്കുന്ന ചില ബോളിവുഡ് താരങ്ങളെ പരിചയപ്പെടാം.
ശില്‍പ ഷെട്ടി
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ യോഗയുടെ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്‍ഡ് അംബാഡിസറാണ് ശില്‍പ ഷെട്ടി. വര്‍ഷങ്ങളായി യോഗ പരിശീലിക്കുന്ന ശില്‍പയുടെ പ്രായം 47 ആണെന്ന് പറഞ്ഞാല്‍ ആരാധകരില്‍ പലരും പെട്ടെന്ന് വിശ്വസിച്ചേക്കില്ല. പരിശീലിക്കുന്നതിനൊപ്പം യോഗയുടെ പ്രചാരക കൂടിയാണ് ശില്‍പ. താല്‍പര്യമുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ യോഗ പരിശീലിപ്പിക്കുന്ന നിരവധി വീഡിയോകള്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ ശില്‍പ പുറത്തിറക്കിയിട്ടുണ്ട്. ഒപ്പം സ്വന്തം ഫിറ്റ്നെസ് ആപ്ലിക്കേഷനിലൂടെയും ആരോഗ്യ സംബന്ധമായ അറിവുകള്‍ അവര്‍ പകരുന്നുണ്ട്. അതില്‍ ഒരു പ്രധാന ഭാഗവും യോഗയെക്കുറിച്ചാണ്.
മലൈക അറോറ
ഫാഷനൊപ്പം ഫിറ്റ്നെസിന്‍റെ കാര്യത്തിലും പല തലമുറകളെ പ്രചോദിപ്പിച്ച നടിയും മോഡലുമാണ് മലൈക അറോറ. പല തരത്തിലുള്ള വ്യായാമ മുറകള്‍ പണ്ടുതൊട്ടേ പരിശീലിക്കുന്ന മലൈക യോഗയോടുള്ള തന്‍റെ താല്‍പര്യങ്ങളും നിരീക്ഷണങ്ങളുമൊക്കെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് വണ്ണം കുറയ്ക്കാന്‍ മറ്റു പല വ്യായാമങ്ങളെയും പോലെ യോഗ സഹായിക്കും എന്നത്. സര്‍വ്വയോഗ സ്റ്റുഡിയോസ് എന്ന യോഗ സ്കൂള്‍ അടുത്തിടെ മലൈകയുടെ പരിശീലന വീഡിയോയുമായി സോഷ്യല്‍ മീഡിയയിലൂടെ ഇതേ കാര്യം പങ്കുവച്ചിരുന്നു.
കരീന കപൂര്‍
തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ യോഗയെക്കുറിച്ചും അത് പരിശീലിക്കുന്നതിന്‍റെ ഗുണഗണങ്ങളെക്കുറിച്ചും ഏറ്റവുമധികം സംസാരിക്കാറുള്ള ഒരു താരമാണ് കരീന കപൂര്‍. ആരോഗ്യ സംരക്ഷണത്തില്‍ എല്ലായ്പ്പോഴും താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള കരീന പല കാലങ്ങളിലായി പിലേറ്റ്സും ബോക്സിഗും ഒക്കെ പരീശീലിച്ചിട്ടുണ്ട്. പക്ഷേ അന്നു മുതല്‍ ഇന്നോളം മുടങ്ങാതെ തുടരുന്ന ഒന്ന് യോഗയാണ്. യോഗ അഭ്യസിക്കുന്ന തന്‍റെ ചിത്രങ്ങള്‍ക്കൊപ്പം കരീന ഒരിക്കല്‍ കുറിച്ചത് ഇങ്ങനെയാണ്, ലോകം ഒരു യോഗ മാറ്റ് ആണ്.
അലിയ ഭട്ട്
ബോളിവുഡ് യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യമായ അലിയ ഭട്ടും യോഗയോട് ഏറെ താല്‍പര്യം പുലര്‍ത്തുന്ന ആളാണ്. മറ്റു പല ബോളിവുഡ് താരങ്ങളുടെയും പരിശീലകയായ അന്‍ഷുക പര്‍വാനിയാണ് അലിയയുടെയും പരിശീലക. കപോതാസനം ചെയ്യുന്ന അലിയയുടെ ചിത്രം ഒരിക്കല്‍ അന്‍ഷുക തന്‍റെ പേജിലൂടെ പങ്കുവച്ചിരുന്നു. അഭ്യസിക്കാന്‍ വിഷമകരമായ ഈ ആസനം അനായാസം ചെയ്യുന്ന അലിയയുടെ ചിത്രത്തിനൊപ്പം അലിയ ആസന എന്നാണ് അന്‍ഷുക കുറിച്ചത്. അടുത്തിടെ താന്‍ നായികയായെത്തി പ്രേക്ഷകശ്രദ്ധ നേടിയ ഗംഗുഭായി കത്തിയവാഡിയില്‍ അലിയ കപോതാസനം പരിശീലിക്കുന്ന രംഗം ഉള്‍പ്പെടുത്തിയിരുന്നു.
സാറ അലി ഖാന്‍
ബോളിവുഡിലെ യുവനിരയില്‍ യോഗയെ ജീവിതത്തിന്‍റെ ഭാഗമാക്കിയ മറ്റൊരു താരമാണ് സാറ അലി ഖാന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരണ്‍ ജോഹര്‍ ഷോയില്‍ സാറ പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സാറയുടെ ചില വീഡിയോകള്‍ അന്ന് കരണ്‍ ജോഹര്‍ പ്ലേ ചെയ്‍തിരുന്നു. 96 കിലോ ശരീരഭാരമുണ്ടായിരുന്ന സമയത്തെ വീഡിയോകളായിരുന്നു അത്. പിസിഒഡി ആയിരുന്നു അതിന് കാരണമെന്ന് സാറ പറഞ്ഞിരുന്നു. ആരോഗ്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധാലുവാണ് സാറ അലി ഖാന്‍ ഇപ്പോള്‍.
ALSO READ : മോണിക്കയുമായി വേര്‍പിരിയുന്നു; ബ്രേക്കപ്പ് ആയെന്ന് ബിഗ് ബോസ് താരം ജാസ്മിൻ