കുഞ്ഞിന് പേര് വിളിച്ചു, ചിത്രം പങ്കുവച്ച് അശ്വതി ശ്രീകാന്ത്
ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ പേര് വിളിച്ചറിയിക്കുകയാണ് താരം.
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ്(actress) അശ്വതി ശ്രീകാന്ത് (aswathy sreekanth) ഇപ്പോൾ. അവതാരകയുടെ വേഷത്തിലാണ് മിനിസ്‌ക്രീൻ പ്രവേശമെങ്കിലും അശ്വതി പിന്നീട് അഭിനയരംഗത്തേക്കും ചുവടുവച്ചു. ആദ്യ അഭിനയ സംരഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷൻ പുരസ്കാരവും താരത്തെ തേടിയെത്തി.
തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരം രണ്ടാമതൊരു കുട്ടിക്കായി കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചതുമുതൽ സ്വന്തം വീട്ടിലെ കാര്യമെന്നപോലെ അശ്വതിയുടെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു ആരാധകർ. അതുപോലെ അവരെ തിരിച്ചും അങ്ങനെ കാണുന്ന താരം, വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.
രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ശേഷം അധികം വൈകാതെ പ്രേക്ഷകർക്കായി വീഡിയോയിലൂടെ പുതിയ അതിഥിയെ പരിചയപ്പെടുത്തി. കഴിഞ്ഞ ദിവസം നൂലുകെട്ടിന്റെ വിശേഷവും കുഞ്ഞിന്റെ ചിത്രവും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ പേര് വിളിച്ചറിയിക്കുകയാണ് താരം. കമല ശ്രീകാന്ത് എന്നാണ് പത്മയുടെ അനിയത്തിക്ക് നൽകിയിരിക്കുന്ന പേര്.
ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയ കമലയെ സ്വീകരിക്കുന്ന പത്മയുടെ വീഡിയോയും നേരത്തെ താരം പങ്കുവച്ചിരുന്നു. ലൈഫ് അണ്‍എഡിറ്റഡ് എന്ന അശ്വതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ആശുപത്രിയില്‍നിന്നും വീട്ടിലേക്കെത്തുന്ന വിശേഷം അശ്വതി പങ്കുവച്ചത്.
''പ്രെഗ്നന്‍സി കാലം മുഴുവന്‍ വിശേഷങ്ങള്‍ തിരക്കിയും ആശംസകള്‍ അറിയിച്ചും കൂടെ നിന്നവരാണ് നിങ്ങളെല്ലാം. കുഞ്ഞുണ്ടായെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാണാനുള്ള ആഗ്രഹം അറിയിച്ച് വന്ന എണ്ണമില്ലാത്ത മെസ്സേജുകളും കമന്റുകളും കാരണമാണ് ഈ സന്തോഷവും നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. പെണ്‍കുഞ്ഞാണ്, ഇന്ന് 8 ദിവസമായി. വാവ സുഖമായിരിക്കുന്നു. പേര് ഉടനെ പറയാം.'' എന്നുപറഞ്ഞാണ് അന്ന് അശ്വതി വീഡിയോ പങ്കുവച്ചത്. പറഞ്ഞതുപോലെ പേര് 'വിളിച്ചുചൊല്ലി'വാക്കുപാലിച്ചിരിക്കുകയാണ് അശ്വതി.