എൻ്റെ ചില രംഗങ്ങൾ കണ്ട സാർ, ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനായി: ഷാജി കൈലാസിനെ കുറിച്ച് മാരാർ
"ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കാം", എന്ന അഖിലിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
സംവിധായകൻ ഷാജി കൈലാസിനെ കുറിച്ച് ബിഗ് ബോസ് സീസൺ അഞ്ചിന്റെ ജേതാവ് അഖിൽ മാരാർ. ഷാജി കൈലാസിനെ കാണാൻ താൻ ഏറെ കൊതിച്ചിട്ടുണ്ടെന്നും ഓഗസ്റ്റ് 15 എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ കയറിക്കൂടിയതിനെ കുറിച്ചും അഖിൽ പറയുന്നു. ബിഗ് ബോസ് കാണാത്ത ഷാജി സാർ അവിചാരിതമായി തൻ്റെ ചില രംഗങ്ങൾ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായെന്നും അഖിൽ മാരാർ കുറിക്കുന്നു.
"മലയാള സിനിമ സംവിധായകരിൽ ഞാൻ ഏറ്റവും കൂടുതൽ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാൻ ഏറെ കൊതിച്ചിട്ടുണ്ട്..പിന്നീട് തിരുവനന്തപുരത്ത് ഓഗസ്റ്റ് 15 ഫിലിമിൻ്റെ ഷൂട്ട് നടക്കുമ്പോൾ അതിൻ്റെ ചീഫ് അസോസിയേറ്റ്സിനെ സോപ്പിട്ട് സംവിധാന സഹായി ആവാൻ ശ്രമം നടത്തി..ഒഫീഷ്യൽ ആയി നിർത്തിയില്ല എങ്കിലും രാത്രിയിൽ അവരെ സഹായിക്കാൻ ഞാൻ അങ്ങ് കൂടി..പകർത്തിയെഴുത്ത് ഒക്കെ ഞാൻ ചെയ്ത് കൊടുത്തു..അങ്ങനെ സിനിമ സെറ്റിൽ ധൈര്യമായി പോയി നിൽക്കാൻ കഴിഞ്ഞു.. ഷാജി സാറിനെ നേരിൽ പോയി കാണാനുള്ള ധൈര്യം ഒന്നും അന്നില്ലായിരുന്ന്..ഏകലവ്യനെ പോലെ ഒളിച്ചു നിന്ന് സാറിൻ്റെ ശിഷ്യനായി..13വർഷങ്ങൾക്ക് ശേഷം. ബിഗ് ബോസ് കാണാത്ത ഷാജി സാർ അവിചാരിതമായി എൻ്റെ ചില രംഗങ്ങൾ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായി..എനിക്ക് 5വോട്ട് ചെയ്യുകയും മറ്റുള്ളവരോട് പറഞ്ഞു ചെയ്യിക്കുകയും സാർ ചെയ്തു എന്ന് കേട്ടപ്പോൾ സത്യത്തിൽ അത്ഭുതവും ആശ്ചര്യവും തോന്നി.. കപ്പടിച്ച് ഞാൻ ഇറങ്ങിയപ്പോൾ സാർ എന്നെ വിളിച്ചു..സന്തോഷം പങ്ക് വെച്ചു.. ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കാം..ഏറെ അഭിമാനം ഈ നിമിഷം", എന്നാണ് അഖിൽ മാരാർ കുറിച്ചത്.
'ഉടല്' എന്ന് ഒടിടിയില് വരും? മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ
അതേസമയം, "ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കാം", എന്ന അഖിലിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഖിൽ മാരാർ- ഷാജി കൈലാസ് കോമ്പോയിൽ സിനിമ വരുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 'സംവിധാനം -ഷാജി കൈലാസ്- കഥ, തിരക്കഥ - അഖിൽ മാരാർ...വലിയ സ്ക്രീനിൽ ഈ എഴുത്ത് കാണാൻ കാത്തിരിക്കുന്നു', എന്നാണ് ഇവർ കമന്റ് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..