ഇനി പരാതി വേണ്ട, അമ്മിണിയമ്മ ദേ ഇരിക്കുന്നു; അഖിലിന് സ്നേഹചുംബനം നൽകി അമ്മ- വീഡിയോ
അഖിലിന്റെ അമ്മൂമ്മയെയും അഖിൽ പരിചയപ്പെടുത്തുന്നുണ്ട്. കുഞ്ഞിലെ അമ്മൂമ്മയുടെ കഥ കേട്ടാണ് വളർന്നതെന്നും തിരക്കഥയിൽ തന്റെ ഗുരുവാണ് അവരെന്നും അഖിൽ പറയുന്നു.
ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ സംവിധായകനായി ബിഗ് സ്ക്രീനിൽ എത്തിയ ആളാണ് അഖിൽ മാരാർ. ചാനൽ ചർച്ചകളിലും മറ്റും സജീവമായിരുന്ന അഖിൽ, ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായത്. തുടക്കം മുതൽ താനൊരു ബിഗ് ബോസ് മെറ്റീരിയൽ ആണെന്ന് തെളിയിച്ച അഖിൽ ഒടുവിൽ ജേതാവായാണ് തിരികെ എത്തിയത്. പിന്നാലെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ ഇട്ടില്ല, അച്ഛന്‍റെയും അമ്മയുടെയും കൈയില്‍ ട്രോഫി കൊടുത്തില്ല തുടങ്ങിയ വിമർശനങ്ങളും പരാതികളും ഉയർന്നിരുന്നു. ഇക്കാര്യത്തിൽ നേരത്തെ അഖിൽ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ അമ്മയ്ക്കൊപ്പം ഉള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് അഖിൽ.
"അഖിൽ മാരാരുടെ അമ്മ അമ്മിണിയമ്മ അല്ലേ. അവൻ ട്രോഫിയൊക്കെ മേടിച്ചിട്ട് ആ അഹങ്കാരി ഇവിടെ വന്നില്ലെന്നൊക്കെ പരാതി ഉണ്ടായിരുന്നു. നിങ്ങളുടെ കുടെയുള്ള ഫോട്ടോയൊന്നും ഫേസ്ബുക്കിൽ ഇടുന്നില്ല. അതിനെ പറ്റി എന്താണ് പറയാനുള്ളത്", എന്നാണ് അഖിൽ അമ്മയോട് ചോദിക്കുന്നത്. "നേരത്തെയും ഫോട്ടോ ഒന്നും അവൻ എടുക്കത്തില്ല. അമ്മ എന്ന് പറയുമ്പോൾ വല്ല നാണക്കേടും തോന്നുമായിരിക്കും. ഒരു സെൽഫി എടുത്തിടണം എന്ന് അവനോട് പല പ്രാവശ്യം പറഞ്ഞതാണ്. ട്രോഫി പിറ്റേദിവസം ഇവിടെ കൊണ്ടുവച്ചു. അഹങ്കാരം ഉള്ള സ്വഭാവമാ അവന്റേത്. ഇനിയത് മാറുമെന്ന് തോന്നുന്നില്ല. കുഞ്ഞിലെ ഒരുപാട് അടി കൊടുത്തിട്ടുണ്ട്. അവനെ കുറിച്ച് ഒരുപാട് കുറ്റം പറഞ്ഞിട്ടുണ്ട്. ഇനി മേലാലും പറയത്തില്ല", എന്നാണ് അമ്മയുടെ മറുപടി. അതെന്താ കുറ്റം പറയാത്തതെന്ന് അഖിൽ ചോദിക്കുമ്പോൾ, അവൻ ഫേമസ് ആയെന്നാണ് അമ്മ പറയുന്നത്. തുടർന്ന് രസകരമായ സംഭാഷണമാണ് അമ്മയും മകനും തമ്മിൽ നടക്കുന്നത്. ശേഷം അഖിലിനെ കെട്ടിപ്പിടിച്ച് അമ്മ ഉമ്മ കൊടുക്കുന്നതും വീഡിയോയിൽ കാണാം.
അഖിലിന്റെ അമ്മൂമ്മയെയും അഖിൽ പരിചയപ്പെടുത്തുന്നുണ്ട്. കുഞ്ഞിലെ അമ്മൂമ്മയുടെ കഥ കേട്ടാണ് വളർന്നതെന്നും തിരക്കഥയിൽ തന്റെ ഗുരുവാണ് അവരെന്നും അഖിൽ പറയുന്നു. ശേഷം വീഡിയോയിൽ അച്ഛൻ ഇല്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കരുതെന്നും അഖിൽ പറഞ്ഞു. അച്ഛൻ തടി കച്ചവടവുമായി പുറത്താണെന്നും അവർക്ക് ജീവിക്കണ്ടേ മകനെ കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ എന്നും അഖിൽ തമാശയ്ക്ക് പറയുന്നു. അച്ഛനും അമ്മയും മക്കളുടെ കാശിനാണോ ജീവിക്കേണ്ടത്. ഞാൻ അതിനൊന്നും സപ്പോർട്ട് ചെയ്യാത്ത ആളാണെന്ന് പറഞ്ഞ അഖിൽ അമ്മയോട് തൊഴിലുറപ്പിന് പോകണമെന്നും വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങൾ ഇതേറ്റെടുത്തിട്ടുണ്ട്.