റഷ്യയില്‍ 5000 കിലോമീറ്റര്‍! ബൈക്കില്‍ ലോകസഞ്ചാരത്തിന് അജിത്ത് കുമാര്‍
'വലിമൈ'യുടെ അവസാന ഷെഡ്യൂളിനുവേണ്ടി റഷ്യയില്‍ എത്തിയതാണ് അദ്ദേഹം
റേസിംഗ് ട്രാക്കുകളില്‍ മാത്രമല്ല, ദീര്‍ഘദൂര യാത്രകളും ബൈക്കില്‍ നടത്താന്‍ ഏറെ തല്‍പരനായ താരമാണ് അജിത്ത് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നു ജീവിക്കുന്ന ആളാണെങ്കിലും അജിത്ത് ആരാധകര്‍ അത്തരം യാത്രകളെപ്പറ്റി അറിയുന്നപക്ഷം അവ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുതിയൊരു യാത്ര ആരംഭിച്ചിരിക്കുകയാണ് ആരാധകര്‍ 'തല'യെന്ന് സ്നേഹത്തോടെ വിളിക്കുന്ന അജിത്ത് കുമാര്‍.
റഷ്യയിലാണ് അജിത്ത് കുമാറിന്‍റെ ബൈക്കിലുള്ള പുതിയ റോഡ് ട്രിപ്പ്. 'വലിമൈ'യുടെ അവസാന ഷെഡ്യൂളിനുവേണ്ടി റഷ്യയില്‍ എത്തിയതായിരുന്നു അദ്ദേഹം. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്തിനു ശേഷമുള്ള ഒരു വിശ്രമവേളയായാണ് അദ്ദേഹം ബൈക്ക് ട്രിപ്പിനെ കാണുന്നതെന്നും ബൈക്കില്‍ ഒരു ലോകപര്യടനം നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവത്തോടെ ആലോചിക്കുന്നുണ്ടെന്നും അജിത്തുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായുള്ള പരിശീലനം എന്ന നിലയ്ക്കാണ് നേരത്തെ 'വലിമൈ' ഷൂട്ട് ഇടവേളയില്‍ ഹൈദരാബാദില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള യാത്രയെന്നും അറിയുന്നു. സമാന സഞ്ചാരങ്ങള്‍ നടത്തിയിട്ടുള്ള ചിലരുമായി അജിത്ത് കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏതാനും ദിവസം മുന്‍പാണ് വലിയൈ ഫൈനല്‍ ഷെഡ്യൂളിനായി അജിത്ത് കുമാര്‍ റഷ്യയിലേക്ക് പോയത്. ചിത്രത്തില്‍ തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചതിനു ശേഷമാണ് അജിത്ത് കുമാര്‍ റഷ്യയിലെ ബൈക്ക് യാത്ര ആരംഭിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസിലാണ് സഞ്ചാരം. ഇന്ത്യയിലേക്ക് തിരിച്ച് വിമാനം കയറുംമുന്‍പ് 5000 കിലോമീറ്റര്‍ ബൈക്കില്‍ അദ്ദേഹം പൂര്‍ത്തിയാക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം അജിത്ത് കുമാറിന്‍റെ പുതിയ ബൈക്ക് ട്രിപ്പിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറല്‍ ആയിട്ടുണ്ട്. ആരാധകര്‍ ആവേശത്തോടെയാണ് ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ഹൈദരാബാദ്-സിക്കിം യാത്രയ്ക്കിടയിലെ ചിത്രങ്ങളും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
അതേസമയം 'വലിമൈ' ഇതിനകം പ്രീ റിലീസ് ബിസിനസിലൂടെ 200 കോടിയിലേറെ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. 'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് 'തല' എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. എച്ച് വിനോദ് ആണ് സംവിധാനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona