കന്നഡ സിനിമയുടെ തലവരമാറ്റിയ റോക്കി ഭായ്; യാഷിനായ് പടുകൂറ്റൻ പോട്രേറ്റുമായി ആരാധകർ
യാഷ് ഒരു സിനിമാ ഇന്റസ്ട്രിയെ മാത്രമല്ല, ഒരു രാജ്യത്തെ മുഴുവനായി തന്നെ കീഴടക്കിയിരിക്കുന്നു എന്നതാണ് വാസ്തവം.
വർഷങ്ങളായി സിനിമയിൽ ഉണ്ടായിരുന്നുവെങ്കിലും കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്(Yash). മിനി സ്ക്രീനിലൂടെ അഭിനയ രംഗത്തെത്തിയ യാഷ്, പ്രശാന്ത് നീൽ ചിത്രത്തിലൂടെ സിനിമാ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത താരമായ് മാറി. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ചിത്രത്തിലൂടെ യാഷിന് സാധിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ആയതിന് പിന്നാലെ താരത്തിനായി പടുകൂറ്റൻ പോട്രേറ്റ് തയ്യാറാക്കിയിരിക്കുകയാണ് ആരാധകർ.
135 അടി നീളം 190 അടി വീതി എന്നിങ്ങനെയാണ് പോട്രേറ്റിന്റെ കണക്ക്. ഈ പടുകൂറ്റൻ ചിത്രം വേൾഡ് റെക്കോർഡും സ്വന്തമാക്കി കഴിഞ്ഞു. ടീം യാഷ് എഫ്സിയാണ് വീഡിയോ പങ്കുവച്ചിരുന്നത്. അഖില കർണാടക റോക്കിംഗ് സ്റ്റാർ യാഷ് ഫാൻസ് അസോസിയേഷൻ അംഗങ്ങളാണ് ഈ പടുകൂറ്റൻ നിർമ്മിതിക്ക് പിന്നിൽ. വലിയൊരു ഗ്രൗണ്ടിൽ ഇരുപത്തി അയ്യായിരത്തി അറുന്നൂറ്റി അമ്പത് സ്ക്വർഫീറ്റിലാണ് ചിത്രം ഒരുക്കിയത്. സിനിമ മാത്രമല്ല, യാഷ് ആരാധകരും വേറെ ലെവലാണെന്ന് ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയാണ് ഇതിലൂടെ. യാഷ് ഒരു സിനിമാ ഇന്റസ്ട്രിയെ മാത്രമല്ല, ഒരു രാജ്യത്തെ മുഴുവനായി തന്നെ കീഴടക്കിയിരിക്കുന്നു എന്നതാണ് വാസ്തവം.
ഏപ്രിൽ 14നാണ് കെജിഎഫിന്റെ രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായിരുന്നു റിലീസ്. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.
അതേസമയം, എല്ലാ പതിപ്പുകളില്‍ നിന്നുമായി ചിത്രം ഇന്ത്യയില്‍ നിന്നു നേടിയ ആദ്യദിന ഗ്രോസ് 134.5 കോടി രൂപയാണ്. ഏതൊക്കെ റെക്കോര്‍ഡുകളാണ് ചിത്രം തകര്‍ത്തതെന്ന വിശകലനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. കേരളം ഉള്‍പ്പെടെ പല മാര്‍ക്കറ്റുകളിലും ചിത്രം റെക്കോര്‍ഡ് ഓപണിംഗ് ആണ് നേടിയത്. കേരളത്തില്‍ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയത്. ഇതുവരെ ഈ സ്ഥാനത്ത് ഒന്നാമതുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് കെജിഎഫ് 2 മറികടന്നത്. ചിത്രം 7.48 കോടിയാണ് നേടിയതെന്നാണ് ലഭ്യമായ കണക്കുകള്‍. 7.2 കോടി ആയിരുന്നു ഒടിയന്‍റെ കേരള ഫസ്റ്റ് ഡേ ഗ്രോസ്.