‘ക്യാപ്റ്റൻ കൂൾ, എല്ലാവർക്കും മാതൃകയാണ് അദ്ദേഹം’; ധോണിയെ കുറിച്ച് ടൊവിനോ
പ്രൊഫസർ അബ്ദുൾ ഗഫാറിന്‍റെ ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് ടൊവിനോ തോമസും ധോണിയും കണ്ടുമുട്ടിയത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. ധോണിക്കൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഓൺസ്‌ക്രീനിൽ കണ്ടപോലെ തന്നെയാണ് നേരിട്ടെന്നും ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.
‘സമയം കൂളായി. ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ചൊരു അനുഭവമാണ്. നമ്മൾ ഓൺസ്‌ക്രീനിൽ കണ്ട അതേ വ്യക്തി തന്നെയാണ്. കൂൾ, ശാന്തം, സ്വതസിദ്ധമായ കഴിവും എല്ലാം ചേർന്നൊരു വ്യക്തി. ഞങ്ങൾ ഒരുപാട് സംസാരിച്ചു. അനായസമായി ഉന്നതമായ ചിന്തകൾ പലപ്പോഴായി അദ്ദേഹം പങ്കുവെച്ചു. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എല്ലാവർക്കും ഒരു നല്ല മാതൃകയാണ് ധോണി. അദ്ദേഹത്തിന്റെ യാത്ര കൂടുതൽ ശോഭനം ആകട്ടെ’ എന്നാണ് ധോണിയുടെ ഫോട്ടോ പങ്കുവച്ച് ടൊവിനോ കുറിച്ചത്.
പ്രൊഫസർ അബ്ദുൾ ഗഫാറിന്‍റെ ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് ടൊവിനോ തോമസും ധോണിയും കണ്ടുമുട്ടിയത്. ടൊവിനോ അടക്കമുള്ള മറ്റ് പ്രമുഖർക്ക് ധോണി 'ഞാൻ സാക്ഷിയുടെ' കോപ്പികൾ സമ്മാനിച്ചിരുന്നു. ആത്മസുഹൃത്ത് ഡോ. ഷാജിർ ഗഫാറിന്‍റെ പിതാവിന്‍റെ ആത്മകഥയുടെ പ്രകാശനത്തിന് സ്വദേശമായ റാഞ്ചിയിൽ നിന്നാണ് ധോണി എത്തിയത്. അധ്യാപനം ഒരു കലയാണെന്നും അധ്യാപകരെ ഏറെ ബഹുമാനിക്കുന്നുവെന്നും ധോണി ചടങ്ങില്‍ പറഞ്ഞിരുന്നു.
'ഹൃദയസ്പർശിയായ കുടുംബ ചിത്രം, വിജയ്‌യുടെ അഭിനയം അഭിനന്ദനാർഹം'; 'വാരിസ്' ആദ്യ പ്രതികരണം
അതേസമയം, 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രമാണ് ടൊവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ടൊവിനോ ട്രിപ്പിള്‍ റോളിൽ എത്തുന്ന ചിത്രം ഒരുങ്ങുന്നത് പൂർണമായും 3 ഡിയിലാണ്. നവാഗതനായ ജിതിൻ ലാൽ ആണ് സംവിധാനം. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാർ ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്.